ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Tuesday, August 23, 2022

മാക്ക

മാക്ക 
ആറോല പണിയക്കോളനിയിലെ മാക്ക മറ്റു പണിയസ്‌ത്രീകെളേപ്പാലെ നാണംകുണുങ്ങിയല്ല. പക്ഷേ അവര്‍ക്കും പുറേമനിന്നുള്ളവരെ കാണുന്നത്‌ തീരെ ഇഷ്‌ടമല്ല. എല്ലാവേരാടും ദേഷ്യവും പരിഭവവുമാണ്‌. "എനക്ക്‌ ആരേം കാണണ്ട. കണ്ടിട്ട്‌ എന്താക്കാനാ? ബാക്കീള്ളതും കൂടി കൊണ്ടാവാനോ!' കനത്ത ശബ്‌ദത്തില്‍ അകത്തെ ഇരുട്ടുമുറിയില്‍ നിന്ന്‌ അവര്‍ മുറുമുറുത്തു. എത്ര നിര്‍ബന്ധിച്ചിട്ടും പുറത്തുവരാനോ എന്നെ അകത്തു കയറ്റാനോ അവര്‍ തയ്യാറായില്ല. കോളനിയിലെ പതിവു മെഡിക്കല്‍ ക്യാമ്പിനായി ചെന്നതായിരുന്നു.
വാളാട്‌-മാനന്തവാടി റോഡില്‍നിന്ന്‌ മൂന്നു കിലോമീറ്ററിലധികം ഉള്ളിലേക്ക് ചെല്ലണം ആറോല പണിയ കോളനിയിെലത്താന്‍. ഏതാണ്ട്‌ ഒരുകിേലാമീറ്റര്‍ ദൂരം വീതി കുറഞ്ഞതെങ്കിലും ടാറിട്ട വഴിയുണ്ട് . പിന്നീടങ്ങോട്ട്‌ വഴിക്ക്‌ വീതി കുറഞ്ഞു കുറഞ്ഞു വരുന്നു. കണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘടമായ വഴിയിലൂടെയുള്ള യാത്ര കഠിനം. വണ്ടിയുടെ അടി ഇടിക്കും. അതിനാല്‍ ഓട്ടോറിക്ഷക്കാര്‍ വിളിച്ചാല്‍ വരാന്‍ മടിക്കും.
കുത്തനെയുള്ള കയറ്റം കയറി തെന്നിത്തെറിച്ച വഴിയിലൂടെ ഞങ്ങള്‍ കോളനിയിലെത്തിയപ്പോള്‍ മുറ്റത്തുണ്ടായിരുന്നവര്‍ ഓടി അകത്തുകയറി. പണിയരുടെ പൊതുസ്വഭാവം! ക്ലിനിക്കിന്റെ സമീപത്തുള്ള അക്ഷയ സെന്ററില്‍ കമ്പ്യൂട്ടര്‍ പഠിക്കാന്‍ പണിയ പെണ്‍കുട്ടികള്‍ വരുമായിരുന്നു. ഒരാള്‍ പ്ലസ്‌ ടു കഴിഞ്ഞവള്‍. മറ്റെയാള്‍ ബി എ രണ്ടു വര്‍ഷം പഠിച്ചവള്‍. അവര്‍ രണ്ടുപേരും ഒപ്പം പഠിക്കുന്ന മറ്റുകുട്ടികളുമായി ഇടപഴകാറില്ല. രണ്ടുമാസത്തെ കഠിനശ്രമം കൊണ്ടാണ്‌ അവരെന്നോട്‌ ഇണങ്ങിയത്‌. വിദ്യാഭ്യാസമുള്ളവരുടെ സ്ഥിതി പോലും അതാവുമ്പോൾ മറ്റുള്ളവരുടെ കാര്യം പറയാനില്ലല്ലോ.
മരുന്നുകള്‍ പുറെത്തടുത്തു വയ്‌ക്കുമ്പോള്‍ ഓരോരുത്തരായി പതുക്കെ പുറത്തുവന്നു തുടങ്ങുമെന്ന്‌ മുന്‍ അനുഭവങ്ങളില്‍നിന്ന്‌ പഠിച്ചിരുന്നു. തമ്മില്‍ ഭേദമായി വൃത്തിയുണ്ടെന്നു തോന്നിയ ഒരു കുടിലിന്റെ മുറ്റത്ത്‌ മേശയും കസേരയും നിരത്തി, മരുന്നുകള്‍ മേശപ്പുറത്ത്‌ എടുത്തു വയ്‌ക്കുന്നതിനിടെ പ്രായം ചെന്ന നമ്പി മൂപ്പനുമായി സംസാരിക്കാന്‍ ശ്രമിച്ചു. മൂപ്പന്‌ തീരെ ചെവി കേള്‍ക്കില്ല. അപ്പോഴേക്കും അവിടെയും ഇവിടെയുമായി ഓരോരുത്തര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കുറച്ചുസമയത്തിനുള്ളില്‍ അവരെന്നെ കൂട്ടത്തിലൊരാളായി അംഗീകരിച്ചു. പരിശോധന നടക്കുമ്പോള്‍ ഒരു കുടിലിനകത്തുനിന്ന്‌ ഉറെക്കയുള്ള ചീത്തവിളികള്‍ കേട്ടിരുന്നു. എന്താ കാര്യമെന്നന്വേഷിച്ചപ്പോൾ ആരോ പറഞ്ഞു :" ഓ, അബടെ ഒരു തള്ളേണ്ട് . അവരിങ്ങനെ എപ്പളും എല്ലാരേം പ്രാകിക്കൊണ്ടിരിക്കും. സാറത്‌ കാര്യാക്കണ്ട.' കുടിലിന്റെ അകത്തുചെന്ന്‌ നോക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ നിരുത്സാഹപ്പെടുത്തി.
മൂന്നാമത്തെ സന്ദര്‍ശനത്തിലാണ്‌ അവര്‍ പുറത്തുവന്നത്‌. പതിവുപോലെ മേശപ്പുറത്ത്‌ മരുന്നുകള്‍ നിരത്തി, ഇരിക്കാന്‍ തുടങ്ങുമ്പോൾ അവരുടെ കുടിലിനു മുന്നില്‍ നിന്ന്‌ കനത്ത ശബ്‌ദം കേട്ടു: " തേ, അബടെ ഇരിക്കണേനു മുന്നേ എന്നെ ഒന്നു നോക്ക്യേച്ചു പോ സാറേ.'
സാധാരണ പണിയസ്‌ത്രീകേളക്കാള്‍ ഉയരവും വണ്ണവുമുള്ള അവര്‍ ഞങ്ങള്‍ എത്തുന്നതിനുമുമ്പേ പുറത്തേ തിണ്ണയില്‍ വന്നിരിക്കുകയായിരുന്നു. ഒറ്റനോട്ടത്തില്‍ അവിടെയുളള മറ്റേതു സ്‌ത്രീകളേക്കാലും ആരോഗ്യമുണ്ടെന്നു തോന്നും. പ്രായം ഏതാണ്ട്  അറുപത്‌ കഴിഞ്ഞിട്ടുണ്ടാവും.
'അമ്മ ഇങ്ങോട്ടു വന്നോളൂ. ഞാന്‍ നോക്കാല്ലോ.' രണ്ടു  തവണ വിളിച്ചിട്ടും കാണാന്‍ കൂട്ടാക്കാത്ത ആളല്ലേ , ഇനി ഇങ്ങോട്ടു വരട്ടേയെന്നു കരുതി. അവര്‍ പതുക്കെ ചുവരില്‍ പിടിച്ച്‌ എഴുേന്നറ്റു. അപ്പോഴാണ്‌ പുറകില്‍ ചാരി വച്ചിരുന്ന ക്രച്ചസ്‌ ശ്രദ്ധിച്ചത്‌. അവരതെടുത്ത്‌ കക്ഷത്തില്‍ ചേര്‍ത്തുവച്ചു. ഞാന്‍ ഞെട്ടിപ്പോയി. വലത്തേ കാല്‍ മുട്ടിനുമുകളില്‍, തുടയുടെ പകുതിവരെ മാത്രേ ഉള്ളൂ !
 ചാടിയെണീറ്റ്‌ പറഞ്ഞു :"വരണ്ട, വരണ്ട. അമ്മ അവിടെത്തന്നെ ഇരുന്നാല്‍ മതി. ഞാനങ്ങോട്ടു വന്നോളാം.'
കുറ്റബോധത്താടെ അടുത്തുചെന്നിരുന്ന്‌ പരിശോധിക്കുന്നതിനിടയില്‍ ആ കഥ കേട്ടു.
മാക്ക ആ കോളനിയിലെ ഏറ്റവും തന്റേടിയും സമര്‍ത്ഥയുമായ പെണ്ണായിരുന്നു. കോളനിയിലെ മറ്റുപെണ്ണുങ്ങളുടെ സംരക്ഷകയുമായിരുന്നു അവര്‍. പണിയസ്‌ത്രീകളെ പുറേമനിന്ന്‌ വരുന്ന ആണുങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെ മറ്റുള്ളവരെ ബോധവത്‌ക്കരിക്കാനും അവര്‍ സദാ ശ്രമിച്ചുകൊണ്ടിരുന്നു. അവരുടെ മുണ്ടിന്റെ കുത്തില്‍ തലയൊളിപ്പിച്ചിരുന്ന മൂര്‍ച്ചയുള്ള അരിവാളിനെ ഭയന്ന്‌ പുറമേനിന്നുള്ള പൂവാലന്മാര്‍ ആ വഴി യാത്ര കുറച്ചു. കോളനിയിലെ ആണുങ്ങള്‍ അന്നും കള്ളുകുടിച്ചിരുന്നെങ്കിലും മാക്കയുടെ കൈക്കരുത്തിനേയും അരക്കെട്ടിലെ അരിവാളിനേയും പേടിച്ച്‌ അവര്‍ ഇന്നത്തെപ്പോലെ പെണ്ണുങ്ങളെ തല്ലാന്‍ ഭയന്നിരുന്നു. അങ്ങെനയിരിക്കെ പതിനഞ്ചു വര്‍ഷം മുമ്പ്‌ ഒരു സന്ധ്യക്ക്‌ മാനന്തവാടിയില്‍ പോയി മടങ്ങിവരുന്ന വഴി അവരെ ഒരു ജീപ്പ്‌ ഇടിച്ചു തെറിപ്പിച്ചു. താഴെ വീണ മാക്കയുടെ വലതു തുടയിലൂടെ ജീപ്പുകയറിയിറങ്ങി. വണ്ടിഅപകടത്തില്‍ കാല്‍ നഷ്‌ടപ്പെട്ടതിനാല്‍ നല്ലൊരുതുക ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍നിന്ന്‌ വാങ്ങിക്കൊടുക്കാമെന്ന്‌ പറഞ്ഞ്‌ ആശുപ്രതിയിലെത്തിയ വക്കീല്‍ അവരോട്‌ ചില പേപ്പറുകളില്‍ വിരലടയാളം പതിപ്പിച്ച്‌ വാങ്ങിച്ചു. ഒന്നരമാസത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഒന്നേകാല്‍ കാലുമായി അവര്‍ വീട്ടിലെത്തി.
മാസങ്ങള്‍ക്കു ശേഷം ഇന്‍ഷുറന്‍സ്‌ കമ്പനിയില്‍നിന്ന്‌ അവര്‍ക്ക്‌ ഒന്നരലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് എന്നറിയിച്ചുകൊണ്ടുള്ള കത്തുവന്നു. വക്കീലിനൊപ്പം മാക്കയും മകനും പോയി വിരലൊപ്പിട്ടുകൊടുത്തു . വക്കീല്‍ പണം എണ്ണിവാങ്ങി. പുറത്തിറങ്ങിയ മാക്കയ്‌ക്കും മകനും അയാള്‍ പതിനായിരം രൂപ കൊടുത്തു. ബാക്കി ഒരു ലക്ഷത്തി നാല്‌പതിനായിരം രൂപ വക്കീല്‍ ഫീസായി എടുത്തു!
എല്ലാവേരയും ഭയപ്പെടുത്തി നടന്നിരുന്ന മാക്ക പരസഹായമില്ലാതെ ഒന്നും ചെയ്യാനാവത്തവളായി എന്നറിഞ്ഞപ്പോൾ ആരും വകവയ്‌ക്കാതെയായി. പുറമേനിന്നുള്ള പൂവാലന്മാര്‍ കോളനി പരിസരത്ത്‌ പേടിയില്ലാതെ കറങ്ങാന്‍ തുടങ്ങി. ആണുങ്ങള്‍ കള്ളുകുടിച്ചു വന്ന്‌ പെണ്ണുങ്ങളെ തല്ലുമ്പോള്‍ മാക്ക പായയില്‍ കിടന്ന്‌ ആക്രോശിച്ചു. പക്ഷേ സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ പോലും പറ്റാത്ത ആളെ ആര്‍ക്ക്‌ പേടി! ക്രമേണ അവര്‍ ആ ഇരുട്ടുമുറിയില്‍ നിന്ന്‌ അധികം പുറത്തിറങ്ങാതായി. എല്ലാവരോടും ദേഷ്യമായി. പുറത്തുനിന്ന്‌ വരുന്ന എല്ലാവരേയും സംശയത്തോടെ മാത്രം കാണാന്‍ തുടങ്ങി.
പരിശോധന കഴിഞ്ഞ്‌ മരുന്നുകൊടുത്ത്‌ തിരിയുമ്പോള്‍ ആ അമ്മ എന്റെ കൈയ്യില്‍ ബലമായി പിടിച്ചു.
'സാറ്‌ ഒന്നും ബിശാരിക്കരുത്‌. എനിക്കിപ്പ ആരേം ബിച്വാസോല്ലാണ്ടായി. അല്ലാണ്ട്‌ സാറിനോട്‌ തേഷ്യോന്നുംണ്ടായിറ്റല്ല.'
അവരുടെ പുറത്ത്‌ പതിയെ തട്ടി, തിരിഞ്ഞു നടക്കുമ്പോള്‍ കണ്ണുനിറഞ്ഞത്‌ മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ഷാളെടുത്ത്‌ തുടച്ചു.