ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Tuesday, July 13, 2010

ഓട്ടിസം ( autism )

നിങ്ങളുടെ കുട്ടികള്‍ സ്വന്തം പേര് പറയാന്‍ സാധിക്കാത്തവരാണെങ്കില്‍ , അന്യരുടെ മുഖത്തു നോക്കാന്‍ മടിയുള്ളവരാണെങ്കില്‍, ചിരിക്കാത്തവരും ,സുഹൃത്തുക്കള്‍ ഇല്ലാത്തവരും ആണെങ്കില്‍ ,ഒറ്റയ്ക്ക് കളിക്കുന്നവരും കുടുംബാംഗങ്ങളോടുപോലും അടുപ്പം ഇല്ലാത്തവരും ആണെങ്കില്‍ നിങ്ങള്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക.നിങ്ങളുടെ കുഞ്ഞിന് ഓട്ടിസം എന്ന രോഗം ഇല്ല എന്നുറപ്പിക്കാന്‍ വേണ്ട ടെസ്റ്റുകള്‍ നടത്താന്‍ താമസിക്കരുത്‌.
ശൈശവത്തില്‍ തന്നെ ഉണ്ടാകുന്നതും എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ളതുമായ രോഗമാണ് ഓട്ടിസം.ഈ രോഗം ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
പാരമ്പര്യം ഒരു പരിധിവരെ ഈ രോഗത്തിന് ഒരു പ്രധാന കാരണമാകാമെങ്കിലും ഗര്‍ഭ കാലയളവില്‍ അമ്മയ്ക്കുണ്ടാകുന്നതോ ,ആദ്യമാസങ്ങളില്‍ ശിശുവിനുണ്ടാകുന്നതോ ആയ റൂബെല്ല (ജെര്‍മ്മന്‍ മീസില്‍സ് ) തുടങ്ങിയ വൈറല്‍ രോഗങ്ങള്‍ ,പ്രസവ സമയത്തുണ്ടായ താമസം കൊണ്ട് ഗര്‍ഭസ്ഥ ശിശുവിന് ഒക്സിജെന്‍ കിട്ടായ്ക തുടങ്ങിയബുദ്ധിമുട്ടുകള്‍ ,മസ്തിഷ്ക്കത്തിലെ തകരാറുകള്‍ , ഉപാപചയ പ്രവര്‍ത്തനങ്ങളിലെ അസന്തുലിതാവസ്ഥ തുടങ്ങിയവയും ഒട്ടിസത്തിനു കാരണമായി പറയുന്നു. ഗര്‍ഭിണിയായ മാതാവിനോ,നവജാത ശിശുവിനോ എടുക്കുന്ന ചിലയിനം പ്രതിരോധ കുത്തിവയ്പ്പുകള്‍ ചിലപ്പോഴെങ്കിലും ഈ രോഗത്തിന് കാരണമാകാറുണ്ട്.
ഗര്‍ഭധാരണ സമയത്തെ മാതാപിതാക്കളുടെ പ്രായക്കൂടുതല്‍ കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നായി പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നാല്‍പ്പതോ,അതില്‍ക്കൂടുതലോ വയസ്സുള്ള പിതാവിന് ജനിക്കുന്ന കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത മുപ്പതു വയസ്സില്‍ താഴെയുള്ള പിതാവിനുണ്ടാകുന്ന കുഞ്ഞിനേക്കാള്‍ ആറു മടങ്ങ്‌ കൂടുതലാണ് എന്ന് അടുത്ത ഇടെ നടത്തിയ ഒരു പഠനത്തില്‍ വെളിവായി. പ്രായം വര്‍ധിക്കുമ്പോള്‍ ബീജത്തിന് സംഭവിക്കുന്ന ജനിതക മ്യൂട്ടേഷന്‍ ആകാം ഇതിനു കാരണം.

ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ സാധാരണയായി ഒന്നര വയസ്സിനും മൂന്നു വയസ്സിനും ഇടയിലുള്ള കാലയളവില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുഞ്ഞിനെ നന്നായി നിരീക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് ഈ കാലയളവിനു മുന്‍പുതന്നെ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുപിടിക്കാനാവും. കുട്ടിയുടെ മാനസികവും,ശാരീരികവുമായ വളര്‍ച്ച സാധാരണ കുട്ടികളുടെതിനേക്കാള്‍ കുറവായിരിക്കും. സാധാരണ കുട്ടികളെ അപേക്ഷിച്ച് ഇവര്‍ സംസാരിച്ചു തുടങ്ങുന്നത് വളരെ വൈകിയാകും, ചിലപ്പോള്‍ തീര്‍ത്തും സംസാര ശേഷി ഇല്ലാത്തവരുമാകാം.മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുന്നതില്‍ ഇവര്‍ വളരെ പുറകിലായിരിക്കും. സംസാരിച്ചു തുടങ്ങിയാല്‍ തന്നെ മറ്റുള്ളവര്‍ക്ക് വ്യക്തമാകാത്ത സംസാരം ,ഒരേ വാക്ക് വീണ്ടും വീണ്ടും ആവര്‍ത്തിക്കല്‍ എന്നിവ ഇവരില്‍ ഉണ്ടാകാം.സംസാരിക്കുമ്പോള്‍ മുഖം കൊണ്ടും,ശരീരംകൊണ്ടും ധാരാളം അനാവശ്യ ചലനങ്ങള്‍ പ്രകടിപ്പിക്കും.സദാ മുന്‍പോട്ടും പിന്‍പോട്ടും ആടിക്കൊണ്ടിരിക്കുക,കൈകള്‍ അനാവശ്യമായി ഒരു പ്രത്യേക താളത്തില്‍ ആട്ടുക എന്നിങ്ങനെയുള്ള തുടര്‍ച്ചയായ ചലനങ്ങള്‍ ഇവര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയില്ല.

ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളും , മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനുമായ ബില്‍ ഗേട്സ് ഒടിസം ബാധിച്ചയാളാണ് എന്നൊരു ധാരണ പരക്കെയുണ്ട്. ഈ അസുഖം ബാധിച്ചവരുടെ ചില ചേഷ്ട്ടകള്‍ ( മുന്‍പോട്ടും പിറകോട്ടും സദാ ആടിക്കൊണ്ടിരിക്കുക, മുഖംകൊണ്ടുള്ള അനാവശ്യ ചെഷ്ട്ടകള്‍ …) അദ്ദേഹം പ്രകടിപ്പിക്കാറുണ്ടെങ്കിലും അദ്ദേഹം ഈ രോഗ ബാധിതനാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.

1000 കുട്ടികളില്‍ 8 പേര്‍ക്ക് ഈ രോഗം ഉണ്ട് എന്നാണു പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് . വ്യക്തിത്വ വൈകല്യം ,പഠന വൈകല്യം,അപസ്മാരം,വിഷാദ രോഗം എന്നിവ ഈ രോഗ ബാധിതരില്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ബ്രെയിന്‍ എം ആര്‍ ഐ സ്കാന്‍ ,സി ടി സ്കാന്‍ എന്നിവയിലൂടെ ഒടിസം കണ്ടുപിടിക്കാനാകും. ആദ്യമാസങ്ങളില്‍ തന്നെ രോഗം കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ ഈ രോഗം ഒരുവിധം നിയന്ത്രിക്കാനാകും.
ഒടിസം ബാധിച്ച കുഞ്ഞുങ്ങളെ സാധാരണ കുട്ടികളുടെ കൂടെ സ്കൂളില്‍ പഠിപ്പിക്കരുത്. ഇവരെ പഠിപ്പിക്കുന്നതിനായി ഇന്ന് സ്പെഷ്യല്‍ സ്കൂളുകള്‍ ഉണ്ട് . അവിടെ മാത്രം പഠിപ്പിക്കുക. ബീഹേവിയറല്‍ തെറാപ്പി (behavioral therapy ) ,കേള്‍വിശക്തി മെച്ചപ്പെടുത്തുന്നതിനായുള്ള ഓഡിറ്ററി ഇന്റെഗ്രേഷന്‍ തെറാപ്പി (auditory integration therapy ),സ്പീച്ച് തെറാപ്പി(speech therapy ),മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായുള്ള ചികിത്സ ( psychological therapy ) എന്നിവ ഏകോപിപ്പിച്ചുള്ള ചികിത്സ നല്‍കണം.
മറ്റെന്തിനേക്കാളേറെ ഈ രോഗികള്‍ക്ക് ആവശ്യം അംഗീകാരമാണ് . സഹതാപത്തെക്കാള്‍ നമ്മളില്‍ നിന്നും അവര്‍ക്ക് ലഭിക്കേണ്ടത് നമ്മളില്‍ ഒരാളാണ് അവരും എന്ന അംഗീകാരം ആണ്.

Wednesday, July 7, 2010

ഇത് തനി താലിബാനിസം

തൊടുപുഴ ന്യു മാന്‍സ് കോളേജിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ .ടി ജെ ജോസഫിനെ പള്ളിയില്‍ പോയി തിര്ച്ചുവരുന്ന വഴി ഏതാനും അക്രമികള്‍ വഴിയില്‍ തടഞ്ഞ് മര്‍ദ്ദിച്ചു വലതു കൈപ്പത്തി വെട്ടിമാറ്റി. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ അദ്ധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപേപ്പറിലെ ചില ചോദ്യങ്ങള്‍ ഇസ്ലാം മതത്തെ നിന്ദിക്കുന്ന തരത്തില്‍ ആയിരുന്നു എന്ന ആരോപണത്തെ തുടര്‍ന്നു ശിക്ഷാ നടപടി അനുഭവിച്ചുവരുന്ന വേളയിലാണ് ഈ സംഭവം .

മതനിന്ദ ആരുനടത്തിയാലും എതിര്ക്കപ്പെടെണ്ടത്‌ തന്നെ.എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എതിര്‍പ്പല്ല,കാടത്തമാണ്.കേരളത്തിലെത് പോലുള്ള ഒരു പരിഷ്കൃത സമൂഹത്തിനു ഒരിക്കലും ഉള്‍ക്കൊള്ളാന്‍ ആവുന്നതല്ല ഈ പൈശാചിക നടപടി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുക എന്നത് തനി താലിബാനിസം ആണ്. ചോദ്യം എഴുതി തയ്യാറാക്കിയതിനാല്‍ എഴുതിയ കൈ വെട്ടിമാറ്റി. ഇതിനര്‍ഥം അവരുടെ വിശ്വാസങ്ങള്‍ക്കെതിരായി സംസ്സരിക്കുന്നവന്റെ തല വെട്ടിമാറ്റുമെന്ന് തന്നെയാണ്.

അമ്മയുടെയും ,സഹോദരിയുടെയും മുന്നില്‍വച്ച് പട്ടാപ്പകല്‍ ഒരാളെ അക്രമിച്ചുകീഴ്പ്പെടുത്തി മഴുകൊണ്ട് കൈ അരുത്തുമാറ്റുക, അതും ചെയ്ത തെറ്റിന് ഉചിതമായ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളിന്റെ . എന്നിട്ടതിനെ മതനിന്ദ നടത്തിയതിനുള്ള ശിക്ഷയായി വരുത്തിത്തീര്‍ക്കുക. ഇത് ചെയ്തവര്‍ ഇസ്ലാംമതത്തെയാകെയാണ് മറ്റുള്ളവരുടെ മുന്‍പില്‍ കൊച്ചാക്കുന്നത്‌.

കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന മതനിരപേക്ഷ അന്തരീക്ഷത്തെ തകര്‍ക്കുക ,വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുക എന്ന വ്യക്തമായ ഉദ്ദേശം തന്നെയാണ് ഇതിനുപിന്നില്‍ എന്ന് വ്യക്തം.ഈ കാടത്തം സര്‍വ്വശക്തിയും എടുത്തു എതിര്‍ത്തു തോല്‍പ്പിക്കുക തന്നെ വേണം.

Saturday, July 3, 2010

മാറുന്ന ലോകാധിപത്യം

സാമ്രാജ്യങ്ങള്‍ തകരുക തന്നെ ചെയ്യും. ഫ്ലാഷ് ന്യൂസ് പോലെ കണ്മുന്നില്‍ മിന്നി മറയുന്ന ആയുസ്സേ മനുഷ്യനുള്ളൂ. മനുഷ്യായുസ്‌ ചുരുങ്ങുന്നതിലും വേഗത്തില്‍ സാമ്രാജ്യങ്ങളുടെ ഭൂപടങ്ങള്‍ മാറ്റി വരയ്ക്കപ്പെടാം. കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലം ലോകം ഭരിച്ച ശക്തികേന്ദ്രങ്ങളെ ശ്രദ്ധിക്കുക , ഇന്ന് അവ എവിടെ എത്തി നില്‍ക്കുന്നു എന്നും ( 1850 മുതല്‍ 1914 വരെ ബ്രിട്ടനും, 1945 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളും).അവ ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ശക്തികേന്ദ്രങ്ങളായി തുടരുമ്പോഴും ഈ രാജ്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. അമേരിക്കയുടെ സൈനിക ശേഷി ലോകത്തെ മറ്റു രാജ്യങ്ങളുടെ മൊത്തം ശേഷിയുടെ അത്ര തന്നെ വരുമെങ്കിലും, അതിന്റെയര്‍ഥം, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ലോക മഹാശക്തിക്കുണ്ടെന്നല്ല. അമേരിക്കയുടെ സൈനിക മേധാവിത്വം ഇപ്പോഴും തുടരുന്നുവെന്നത് സത്യം തന്നെ. പക്ഷേ, അമേരിക്കയെന്ന സാമ്പത്തിക ശക്തി ഇന്നു വെല്ലുവിളികള്‍ക്കു നടുവിലാണ്. അതിന്റെ ശക്തിയും സ്വാധീനവും ലോകത്തിന്റെ പല ഭാഗങ്ങളിലും പല മേഖലകളിലും ഏറിയും കുറഞ്ഞുമാണ് അനുഭവപ്പെടുന്നത്. അന്തര്‍ദേശീയ വ്യവസ്ഥിതിയില്‍ ശാക്തിക മേല്‍ക്കോയ്മ നിരന്തരം വെല്ലുവിളിക്കപ്പെടുന്ന ഒന്നാണ്.ഇത് എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാണ് .
റോമാ‍ സാമ്രാജ്യത്തിന്റെ പതനവും തുടര്‍ന്ന് യൂറോപ് വിവിധ രാജ്യങ്ങളായി പിരിഞ്ഞുപോവുകയും ചെയ്ത സമയത്ത് ചൈന നേര്‍വിപരീത ദിശയില്‍ ഏകീകരണത്തിലേക്കു നടന്നടുക്കുകയായിരുന്നു. അങ്ങനെയുള്ള ഐക്യപ്പെടലാണ് ചൈനീസ് സംസ്കാരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമായത് .ലോകചരിത്രത്തിന്റെ ആഖ്യായികയെ എങ്ങിനെയാണോ യൂറോപ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കലം സ്വാധീനിച്ചത്, അതു തന്നെ ഈ നൂറ്റാണ്ടില്‍ ചൈനയും ചെയ്യും. അതായത്, ചൈന നിയന്ത്രിക്കുന്ന ഒരു ലോകക്രമത്തില്‍ ഇതു വരെയുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്ഥമായ സങ്കല്പങ്ങളും ആശയങ്ങളും വേരുപിടിക്കും. വിഭജനങ്ങള്‍ക്കു പകരം ഐക്യം, ദേശരാഷ്ട്രത്തിനു പകരം സാംസ്കാരിക രാഷ്ട്രം, വെസ്റ്റ്ഫാലിയന്‍ വ്യവസ്ഥിതിക്കു പകരം പരസ്പരബന്ധിതമായ രാജ്യങ്ങളുടെ ഒരു ലോക ക്രമം, ആധുനിക വത്കരണം-യാഥാസ്ഥികത്വം എന്ന ദ്വന്ദ‍ത്തിനു പകരം കേന്ദ്രീകരണം-വികേന്ദ്രീകരണം എന്നിങ്ങനെ അഗോള സംവാദങ്ങളില്‍ കാതലായ മാറ്റം വരും.ചൈനയുടെ വേറിട്ട സംസ്കാരിക ചരിത്രമാണ് ആ രാജ്യത്തിനു മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമായ ഒരു സ്വത്വവും സവിശേഷതകളും നല്‍കുന്നത്. ചൈനയുടെ പ്രധാന സവിശേഷതകളെല്ലാം – ഐക്യത്തിനുള്ള അമിത പ്രാധാന്യം, സ്റ്റേറ്റിന്റെ അധികാരവും പങ്കും, കേന്ദ്രീകരണ പ്രവണത, മഹത്തായ ചൈന എന്ന സങ്കല്പം, വംശ ബോധം, കുടുംബ ഘടന എനിവയെല്ലാം – ദേശരാഷ്ട്രമാവാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ രൂപപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ, ഒരു ലോകശക്തിയായി ഉയരുന്ന ചൈന പടിഞ്ഞാറിന്റേതില്‍ നിന്നും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ മുഖമാണ് മുന്നോട്ടു വയ്ക്കുക.
റോമാ സാമ്രാജ്യം പോലെ നാളെ അമേരിക്കയും ഓര്‍മയുടെ പുകമറയില്‍ പെട്ടുപോകാം. ഏതാനും കുറിപ്പുകളിലൂടെ ശില്പങ്ങളിലൂടെ അതിന്റെ ഭൂത കാലം ഓര്‍മിക്കപ്പെടുന്ന ഒരവസ്ഥയിലെക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌. തങ്ങള്‍ക്കു അധീശത്വം നഷ്ടപ്പെടുന്ന ഒരു ലോകക്രമത്തില്‍ അമേരിക്ക എങ്ങിനെ അതിജീവിക്കും എന്നതാണ് ചോദ്യം. ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് ലോകത്തെ ഒരേയൊരു സൂപ്പര്‍ പവറായി അമേരിക്ക സ്വയം മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തങ്ങള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ശക്തിക്ഷയം അംഗീകരിക്കുന്നതിനു പകരം ഏകപക്ഷീയമായ സൈനീക നീക്കങ്ങളിലൂടെ അമേരിക്കയുടെ ശക്തി വ്യാപിപ്പിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിത്തീര്‍ക്കാനുമാണ് ബുഷ് ഭരണകൂടം ശ്രമിച്ചത്. കിഴക്കനേഷ്യയില്‍ ചൈന കാഴ്ച വച്ച പുരോഗതി പോലും ആഗോള ശാക്തിക സമവാക്യങ്ങളിലുണ്ടാവുന്ന മാറ്റങ്ങളായി കാണാന്‍ അമേരിക്കക്കു കഴിഞ്ഞില്ല. യുദ്ധങ്ങള്‍ക്കും ആള്‍നാശത്തിനും പുറകെ നടന്നു തങ്ങളുടെ കുഴി തങ്ങള്‍ തോണ്ടി എന്നാവും വരുംതലമുറ അമേരിക്കയെപ്പറ്റി പറയുക . ഏതൊരു കലഹവും സ്വന്തം വളര്‍ച്ച മുരടിപ്പിക്കുന്നു എന്ന തത്വം ലോകവും പ്രത്യേകിച്ചോരോ മനുഷ്യനും ഓര്‍ക്കെണ്ടിയിരിക്കുന്നു. യുദ്ധം മാത്രമല്ല യുദ്ധം ചെയ്യാനുള്ള ആഹ്വാനംപോലും മുരടിപ്പിലെക്കാണ് എറിയുന്നത് എന്നും അറിയുക.