
"മിണ്ടാതിരിക്ക് മോനെ കുറച്ചു നേരം , ഉപ്പ കുറച്ചു സ്വസ്ഥമായിരിക്കട്ടെ".
ഭാര്യയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.കുറച്ചുനേരമായി മോന് എന്തോ ചോദിക്കുന്നുണ്ടാവും.
പുറത്തേയ്ക്ക് നോക്കി .സാന്ധ്യ ചോപ്പ് കാറിന്റെ ചില്ലില്‍ ചാഞ്ഞു പതിയ്കുന്നു. എയര്‍പോര്‍ട്ടിലെത്താന്‍ ഇനി ഏകദേശം പത്തുമിനിട്ട് ദൂരം മാത്രം .
ഭാര്യയുടെ നേരെ നോക്കി പതുക്കെ ചിരിച്ചു.മോന്റെ തലയില്‍ തലോടി.
"ഞാനിന്നലെ മുതല്‍ ശ്രദ്ധിക്കുന്നു.ഏതോ ചിന്തകള്‍ അലട്ടുന്നുണ്ടല്ലോ?"
അവളുടെ ചോദ്യത്തിന് ഒരു ചിരിയില്‍ മറുപടി ഒതുക്കി, ഒന്നുമില്ലെന്ന് നടിയ്ക്കാന്‍ അയാള്‍ മകനുമായി തമാശ പറഞ്ഞു.
ഭാര്യയുടെ കണ്ണുകള്‍ തന്നെ അളക്കുന്നത് അവളുടെ നേരെ നോക്കാതെ തന്നെ അറിഞ്ഞു.
കാറ് എയര്‍പോര്‍ട്ടിന്റെ ഗേറ്റ് കടന്ന് ഡൊമസ്റ്റിക് ടെര്‍മിനലിലേയ്ക്കുള്ള വഴിയെ തിരിഞ്ഞു.മകന് ഇടപെട്ടു
"ഉപ്പാ,ഇതെന്താ ഇതിലെ!"
തെറ്റു മനസ്സിലായെങ്കിലും ഇങ്ങനേം പോകാമല്ലോ എന്ന് പറഞ്ഞ് വിഷയം മാറ്റി.
ഭാര്യയുടെ കണ്ണുകളിലെ വേവലാതി കണ്ടതായി ഭാവിച്ചില്ല.
കാറില്‍ നിന്നിറങ്ങി ,താക്കോല്‍ റഫീക്കിനെ ഏല്‍പ്പിച്ചു പറഞ്ഞു "നിങ്ങള്‍ നില്‍ക്കണ്ട,തിരിച്ചു പൊയ്ക്കോള്ളൂ ."
ട്രോളിയില്‍ ബാഗുകള്‍ കയറ്റിവച്ച്,മോന്റെ നിറുകയില്‍ ഉമ്മവച്ചു.ഭാര്യയുടെ കയ്യില്‍ പയ്യെ അമര്‍ത്തി ബൈ പറയുമ്പോഴും അയാളുടെ ശ്രദ്ധ ചുറ്റുമുള്ളവരിലായിരുന്നു.
ഹൃദയമിടിപ്പ് കൂടുന്നതറിഞ്ഞു.ഈ യാത്രയിലെങ്കിലും വീണ്ടും കണ്ടുമുട്ടുമോ ? ഉള്ളില്‍ വല്ലാത്ത പ്രതീക്ഷ ,ആകാംക്ഷയും...
ടിക്കെറ്റ് ചെക്കിങ്ങും മറ്റു ഫോര്‍മാലിട്ടികളും കഴിഞ്ഞു.ഇനിയുള്ള സമയത്താണ് പ്രതീക്ഷ.ബോര്‍ഡിങ്ങിനായി കാത്തിരിക്കുന്നവരില്‍ ആ മുഖമുണ്ടോ?ഒന്നുരണ്ടു തവണ അങ്ങിട്ടുമിങ്ങോട്ടും നടന്നു.കറുത്ത നീളനുടുപ്പിട്ട ചിലരുടെ അടുത്തെത്തിയപ്പോള്‍ ഹൃദയമിടിപ്പ് കൂടിയെങ്കിലും താന്‍ തേടുന്ന മുഖമല്ല അവരുടെതെന്ന് അയാള്‍ വേഗം തിരിച്ചറിഞ്ഞു.ഇന്നെന്തായാലും അതു സംഭവിയ്ക്കുമെന്ന് ഉള്ളിലിരുന്ന് ആരോ ഉറപ്പിച്ചു പറയുന്നു!
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണത്.പതിവുള്ള ദുബായ് യാത്രകളിലൊന്ന്.അതിലേറെ പ്രാധാന്യമൊന്നും ആ യാത്രയ്ക്കുണ്ടായിരുന്നില്ല തുടക്കത്തില്‍ .ഇതേപോലെ ബോര്‍ഡിങ്ങിനായി കാത്തിരിക്കുമ്പോഴാണ് രണ്ടു വയസ്സ് തോന്നിയ്ക്കുന്ന കുഞ്ഞിന്റെ വിരല്‍ പിടിച്ച്, മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ മാറോടടുക്കി അവള് തന്റെ മുന്നില്‍ വന്നു നിന്നത്.മടിച്ചു മടിച്ചാണ് കുഞ്ഞിനെ അടുത്ത സീറ്റില്‍ കിടത്തട്ടെ,ഒന്നു ശ്രധിയ്ക്കുമോ എന്ന് ചോദിച്ചത്.ഒട്ടും മടിയ്ക്കാതെ കുഞ്ഞിനെ കൈനീട്ടി വാങ്ങുമ്പോള്‍ എന്തായിരുന്നു മനസ്സില്‍ എന്ന് ഇന്നോര്‍മ്മയില്ല.
സമാധാനത്തോടെ ,ചിണുങ്ങി കരയുന്ന മൂത്തകുട്ടിയുമായി ടോയ് ലെറ്റില്‍ പോയി തിരിച്ചുവന്ന അവള് കുഞ്ഞിനെ വാങ്ങി തന്റെ അടുത്ത സീറ്റില്‍ ഇരുന്നു.വളരെ പെട്ടന്നാണ് താനവരുടെ രക്ഷകര്‍ത്താവായത്.കാത്തിരുപ്പ് നീണ്ടപ്പോള്‍ കുഞ്ഞുങ്ങളുമായി സ്നാക്സു വാങ്ങാന്‍ ഒരുമിച്ചു പോയി. അവസാനം ബോര്‍ഡി ങ്ങിനുള്ള സാമയമായപ്പോള്‍ തന്റെ മടിയില്‍ കിടന്നു ഉറങ്ങിയിരുന്ന മൂത്ത കുഞ്ഞിനെ തോളില്‍ കിടത്തി,തന്റെയും അവളുടെയും ബാഗുകള്‍ കയ്യിലെടുത്തു ഫ്ലൈറ്റില്‍ കയറുമ്പോള്‍ പിറകില്‍ ഇളയ കുഞ്ഞിനെ മാരോട് ചേര്‍ത്ത് അവളുമുണ്ടായിരുന്നു.
തന്റെയും,ഭാര്യയുടെയും ബന്ധുക്കളും പരിചയക്കാരും പലപ്പോഴും ആ ഫ്ലൈറ്റില്‍ യാത്രക്കാരായി ഉണ്ടാകാറുണ്ട് .അങ്ങനെ ആരെങ്കിലും കണ്ടാല്‍ , തനിയ്ക്ക് മറ്റൊരു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉണ്ടെന്നും,അവരെ കൂടെ ദുബായ്ക് കൊണ്ട് പോയെന്നുമാവും നാട്ടില്‍ പരക്കുന്ന കഥ എന്നയാള്‍ അല്‍പ്പം ഭയത്തോടെ ചിന്തിച്ചു .എന്നാല്‍ അത്തരം പേടിയൊന്നും അവളില്‍ കണ്ടില്ല.ഫ്ലൈറ്റില്‍ അടുത്തടുത്ത സീറ്റല്ല എന്നതില്‍ വിഷമമുണ്ടെന്നു അവളുടെ ഭാവം വ്യക്തമാക്കി.സീറ്റില്‍ അവളെ ഇരുത്തി ,മൂത്ത കുഞ്ഞിനെ തന്റെ മടിയില്‍ കിടത്തിക്കൊള്ളാമെന്നു പറയുമ്പോഴേയ്ക്കും എയര്‍പോര്‍ട്ടില്‍വച്ചു മാത്രം പരിചയപ്പെട്ടവരാണെന്ന സത്യം അവരിരുവരും മറന്നുകഴിഞ്ഞിരുന്നു. യാത്രയിലുടനീളം തങ്ങള്‍ ഒനാണെന്ന ഭാവം അവര്‍ക്കിടയിലും സഹായാത്രക്കാരിലും ഉണ്ടായിരുന്നു.ദുബായിലെത്തിയപ്
എന്തുകൊണ്ടോ അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടാന്‍ തോന്നിയില്ല.മന:പൂര്‍വ്വം വളരെ സാവധാനം നടന്നു.അവര്‍ വണ്ടിയില്‍ കയറി പോകുന്നത് കാണാന്‍ തന്റെ മന:സ് ഇഷ്ട്ടപ്പെടുന്നില്ലെന്നു തെല്ലത്ഭുതത്തോടെ അയാള്‍ അറിഞ്ഞു.കുറേ ഏറെ നാളുകള്‍ മധുരമുള്ള ഒരാസ്വസ്ഥതയായി അവള് ഉള്ളില്‍ തങ്ങി നിന്നു.
മാസങ്ങള്‍ക്ക് ശേഷം വീണ്ടും നാട്ടില്‍ വന്നു മടങ്ങുമ്പോഴേയ്ക്കും അവളും കുഞ്ഞുങ്ങളും അയാളുടെ ഉള്ളില്‍ നിന്നും മാഞ്ഞുപോയിരുന്നു.എന്നാല്‍ അതേ ഫ്ലൈറ്റില്‍ ബോര്‍ഡിങ്ങിനായി കാത്തിരിയ്ക്കുമ്പോള്‍ പെട്ടന്ന് കഴിഞ്ഞ യാത്രയിലെ രംഗംഗം മന:സ്സിലെയ്ക്ക് വന്നു , ഒപ്പം അവളെ ഒന്നുകൂടി കാണാനുള്ള മോഹവും.കുറത്ത ,നീളന്‍ മേല്‍ക്കുപ്പായമണിഞ്ഞ സ്ത്രീകളുടെ ഒക്കെ അരികിലൂടെ നടന്നു .താന്‍ തേടുന്ന മുഖം മാത്രം കണ്ടില്ല.നിരാശ തോന്നി.ബോര്‍ഡിങ്ങിനായുള്ള അറിയിപ്പ് വന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് ,ബാഗ് തോളില്‍ തൂക്കി തിരിയുമ്പോഴാണ് കണ്ടത് ,പിറകില്‍ കുഞ്ഞിനെ എടുത്തു അവള് ! കൂടെ മൂത്തകുട്ടിയുടെ കൈപിടിച്ച് ഭര്‍ത്താവും. അവള് തന്നെ കണ്ടിട്ടില്ല.പക്ഷെ ആള്‍ക്കൂട്ടത്തില്‍ അവളുടെ കണ്ണുകള്‍ ആര്‍ക്കോ വേണ്ടി പരതുന്നു.തന്റെ ഹൃദയം വല്ലാതെ ക്രമംതെറ്റി മിടിയ്ക്കുന്നത് അയാളറിഞ്ഞു.എങ്ങനെയും അവളുടെ ശ്രദ്ധ നേടണം.അനാവശ്യമായി അവര്‍ നില്ക്കുന്നതിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിച്ചു.പെട്ടന്ന് അവള് തന്നെ കണ്ടു.എന്തോപറയാന്‍ മുമ്പോട്ടാഞ്ഞ അവള് ഭര്‍ത്താവിന്റെ സാന്നിധ്യം ഓര്‍മ്മിച്ച് സ്വയം നിയന്ത്രിയ്ക്കുന്നതു കണ്ടു.എങ്കിലും കണ്ണിലെ തിളക്കം,എന്തൊക്കെയോ പറയാനുള്ള വെമ്പല്‍ ...അവള്‍ക്കുമാത്രം കാണാവുന്ന രീതിയില്‍ പതുക്കെ ചിരിച്ചു,അവളും.തങ്ങള്‍ തമ്മില്‍ എന്തോ മുജ്ജന്മ ബന്ധമുണ്ടെന്ന തോന്നല്‍ ഉള്ളില്‍ .
ഫ്ലൈറ്റില്‍ ഇരിയ്ക്കുമ്പോഴും അവളുടെ കണ്ണുകള്‍ തന്നെതെടി വരുന്നത് സുഖകരമായൊരു നൊമ്പരത്തോടെ അറിഞ്ഞു.ദുബായിലെത്തിയപ്പോള്‍ വിമാനമിറങ്ങിയ താന്‍ അവളുടെ പ്രതികരണം മനസ്സിലാക്കാന്‍ വേണ്ടി കാണാമറയത്തെയ്ക്കു മാറിനിന്നു വീക്ഷിച്ചു.തന്നെ കാണാതായപ്പോള്‍ അവളുടെ കണ്ണിലെ വേവലാതിയും,വീണ്ടും കണ് മുന്നിലെത്തിയപ്പോഴത്തെ ആശ്വാസ ഭാവവും ഉള്ളിലല്പ്പം കുസൃതിയോടെ അയാള്‍ ആസ്വദിച്ചു.അല്‍പ്പ സമയത്തിനുള്ളില്‍ രണ്ടു വഴി തിരിയുമെന്ന ഓര്‍മ്മ ഒരു നോവായി ഉള്ളില്‍ നിറഞ്ഞു.ഗേറ്റിനു വെളിയില്‍ എത്താരായ അവള് തിരിഞ്ഞു നോക്കി.അവളുടെ കണ്ണുകളിലും അതേ നോവുണ്ടെന്നറിഞ്ഞു.
പിന്നീടുള്ള ഓരോ യാത്രകളിലും പര്‍ദ്ദയണിഞ്ഞ ഓരോ സ്ത്രീകളിലും അവളെ തേടി.
ബോര്‍ഡിങ്ങിനായുള്ള അറിയിപ്പ് ചിന്തകളില്‍ നിന്നും ഉണര്‍ത്തി.ഈ യാത്രയില്‍ എന്താണാവോ , മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു.ഇന്നലെ മുതല്‍ തുടങ്ങിയതാണീ അസ്വസ്ഥത.തങ്ങള്‍ വീണ്ടും കണ്ടു മുട്ടണമെന്നാണ് നിയോഗമെങ്കില്‍ ഇന്നു കാണുമെന്നു വല്ലാത്തൊരു വിശ്വാസം ഉള്ളില്‍ !ബാഗ് തോളില്‍ തൂക്കി എഴുന്നേറ്റു.ഒരുവട്ടംകൂടി ചുറ്റുംനോക്കി.പെട്ടന്നാണതു കണ്ടത്.പിന്നില്‍ നില്ക്കുന്ന പര്‍ദ്ദയണിഞ്ഞ സ്ത്രീ , മുഖവും മറച്ചിരിയ്ക്കുന്നു. പക്ഷെ ആ കണ്ണുകള്‍ ! ദൈവമേ..ഇതുതന്നെയല്ലേ ഞാന്‍ തേടുന്ന മുഖം!ആ കണ്ണുകള്‍ തന്നെതന്നെയല്ലേ നോക്കുന്നത്?താന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം ഉണ്ടായില്ലേ?എങ്കില്‍ അവളെന്തേ ഇങ്ങനെ? അവളുടെ കുഞ്ഞുങ്ങള്‍ എവിടെ ?അതോ എല്ലാം തന്റെ മനസ്സിന്റെ വിഭ്രാന്തിയോ ?!