1 ഭ്രാന്തി ചെറീമ്മ (കഥ)
ഉച്ചമയക്കത്തിനിടയില്‍ അമ്മയുടെ ശബ്ദം . ഫോണിലാണ്.ആരാണാവോ വിളിയ്ക്കണത് ! ആര്‍ക്കോ ആപത്തെന്തോ സംഭവിച്ചപോലെ തോന്നി
കേട്ടിട്ട്.
മയക്കത്തിന്റെ ആലസ്യത്തില്‍ നിന്നെഴുന്നേല്‍ക്കാന്‍ മടി. കുംഭച്ചുടില്‍ ഒരു കിലോമീറ്റര്‍ നടന്നു വന്നതിന്റെ ക്ഷീണം. ഉച്ചയ്ക്ക്
ശേഷമുള്ള സുവോളജി പ്രാക്ടിക്കല്‍ ക്ലാസില്‍ ഷാര്‍ക്കിനെ ഡിസെക്ടു
ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കോളേജില്‍ നിന്ന് മുങ്ങിയതാണ് .
"ദേ,കേക്കണ്ണ്ടോ,
ഭ്രാന്തി ചെറീമ്മ കഴിഞ്ഞൂന്ന് "
അമ്മ അച്ഛനോട് വിവരം പറയ്വാണ്. എണീറ്റ് ചെന്നു.
" കുഞ്ഞുണ്ണീടെ ഫോണ്‍ വന്നു ; അതിന്റെ കഷ്ട്ടപാട് അങ്ങിനെ തീര്‍ന്നു".
അച്ഛനോടും എന്നോടുമായി അമ്മ തുടര്‍ന്നു.
"ആര്‍ക്കും
വേണ്ടാത്ത ഒരു ജന്മം അങ്ങിനെ തീര്‍ന്നൂലോ ,നന്നായി. അപ്പൊ
,സാവിത്രിയ്ക്കിപ്പോ പുറപ്പെടണ്ടേ?എന്തൊക്കെയായാലും സ്ഥാനം കൊണ്ട്
മുത്തശ്ശ്യല്ലേ?"
അച്ഛന് വായിച്ചുകൊണ്ടിരുന്ന പത്രം മടക്കി , കണ്ണട ഊരി തുടച്ചുകൊണ്ട് നെടുവീര്‍പ്പിട്ടു.
എന്റെ നേരെ തിരിഞ്ഞു
"നീയും പൊക്കോളൂ, അമ്മെ ഒറ്റയ്ക്കു വിടണ്ടാ ."
ഓര്‍മ്മയില്‍ ഭ്രാന്തി ചെറീമ്മയുടെ ചിരിയ്ക്കുന്ന മുഖം തെളിഞ്ഞു.
ചെറീമ്മയ്ക്ക് ശരിയ്ക്കു ഭ്രാന്തുണ്ടായിരുന്നോ?!
എപ്പോഴും സംസാരിക്കാറുള്ള ചെറീമ്മ .കേള്‍വിക്കാര്‍ വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല . മറ്റാരുമില്ലെങ്കില്‍
തന്നത്താന്‍ സംസാരിച്ചു കൊണ്ടിരുന്നോളും. ആ സംസാരമാണ് 'ഭ്രാന്തി ചെറീമ്മ '
എന്ന പേര് നേടിക്കൊടുത്തത്.
അമ്മാത്തെ മുത്തശ്ശന് മുതല്‍ വല്യേടത്തീടെ രണ്ടുവയസ്സുകാരി മകള്‍ ഉമ
വരെയുള്ള നാല് തലമുറയ്ക്ക് ചെറീമ്മയാണ് അവര്‍.നാട്ടുകാര്‍ക്കും
,ബന്ധുക്കള്‍ക്കും ഭ്രാന്തി ചെറീമ്മയും . എന്താണാവോ ചെറീമ്മേടെ പേര് !
ആര്‍ക്കുമറിയില്ല. ഒരിക്കല്‍ നേരിട്ട് ചോദിച്ചതാണ്. കുറച്ചുനേരം നേരെ
നോക്കി ചിരിച്ചു.പിന്നെ പകുതി എന്നോടും,പകുതി ആത്മഗതവുമായി പറഞ്ഞു "പേര്
...എന്താണാവോ ! ഇല്ലത്ത് കുട്ടീന്നാര്‍ന്നു വിളിച്ചിരുന്നെ, പിന്നെ ഇവിടെ
വന്നപ്പോ ചെറീമ്മ ആയില്ലേ എല്ലാര്ക്കും. എന്തെങ്കിലും ഒരു
പേരിട്ടിരുന്നുകാണും ല്ല്യേ? " വീണ്ടും തുറന്ന ചിരി.
വല്യ മുത്തശ്ശന്
വയസ്സുകാലത്ത് വേളി കഴിച്ചു കൊണ്ടുവന്നതാണ് ചെറീമ്മയെ . അമ്മേടെ മുത്തശ്ശി
സ്ഥാനത്തേക്ക്.വേളികഴിച്ചു കൊണ്ട് വരുമ്പോള്‍ അവര്‍ക്ക് പ്രായം
പതിന്നാലോ,പതിനഞ്ചോ വയസ്സ്. വല്യമുത്തശ്ശന് എണ്പതിനോടടുത്തും , അതോ എണ്‍പത്
കഴിഞ്ഞോ .
കുറച്ചു ദൂരെയുള്ള ഇല്ലത്തെ കുട്ടിയായിരുന്നു ചെറീമ്മ.
ഇല്ലത്തെ സാമ്പത്തികസ്ഥിതി മഹാ മോശം.അമ്മയെ കണ്ട ഓര്‍മ്മപോലും ഇല്ലെന്നു
പറയുമ്പോഴും ചെറീമ്മ ചിരിക്കും. ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നപ്പോള്‍
എപ്പോഴും കേള്‍ക്കാറുള്ള കഥ കളിലോന്നാണ് അത്. മറ്റാരുടെയോ കഥ പറയുന്നപോലെ
,വളരെ രസം പിടിച്ച് സ്വന്തം കഥയും ചെറീമ്മ ഞങ്ങള്‍ക്ക് പറഞ്ഞു തരും.
ഇടയ്ക്ക് ,കേട്ടു മുഷിഞ്ഞ് ,ഞങ്ങള്‍ കളിയിലേക്ക് തിരിഞ്ഞാലും സ്വയം
ലയിച്ചു കഥ പറഞ്ഞുകൊണ്ടേയിരിയ്ക്കും. മുതിര്‍ന്നവര്‍ ആരെങ്കിലും കണ്ടാല്‍
'ഇന്ന് ഭ്രാന്ത് ഇളകീട്ടുണ്ടല്ലോ' എന്ന് പരിഹസിയ്ക്കും. അത് കേട്ടാലും
ചെറീമ്മ തുറന്നു ചിരിക്കും. ഒരിക്കല്‍ പോലും അവരുടെ കണ്ണ് നിറഞ്ഞു
കണ്ടിട്ടേയില്ല ആരും.
വല്യ മുത്തശ്ശന് വേളി കഴിക്കുന്ന കാലത്ത് അമ്മാത്ത് സാമ്പത്തികമായും
,പ്രൌഡി കൊണ്ടും നല്ല കാലമായിരുന്നൂത്രേ.അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു
ചെറീമ്മേടെ വല്യച്ഛന്. കുടുംബത്തിലെ ചെറിയ കുട്ടിയുടെ പെണ്കൊട നടത്താന്‍
ത്രാണിയില്ലാതെ കഷ്ടപ്പെട്ട സുഹൃത്തിനെ സഹായിച്ചതാണത്രേ വല്യ മുത്തശ്ശന് !
വേളി
വിവരം സ്വന്തം ഇല്ലത്ത് അറിയിച്ചിരുന്നില്ല വല്യമുത്തശ്ശന് ആദ്യം.
പേരക്കുട്ടിയുടെ പ്രായമുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചതറിഞ്ഞാല്‍ പുരോഗമന
വാദികളായ മക്കള്‍ എതിര്‍ക്കുമെന്ന് അദ്ദേഹത്തിന് ഭയമുണ്ടായിരുന്നു.
ഒരു
മാസത്തിനു ശേഷമാണ് ചെറീമ്മയെ അമ്മാത്ത് കുടിവച്ചത് . അന്ന് അവിടെ ചില്ലറ
പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി .
വലിയ തറവാട്ടിലെ എല്ലാ അംഗങ്ങളെയും
ചെറീമ്മ പരിചയപ്പെട്ടിട്ടുപൊലുമില്ലായിരുന്നു.അതിനു മുന്‍പ്
വല്യമുത്തശ്ശന് മരിച്ചു. അങ്ങിനെ,തന്റെ അച്ഛനെക്കാള്‍
പ്രായമുള്ള മക്കളുടെ അമ്മയായി,ആര്‍ക്കും വേണ്ടാത്ത ഒരധികപ്പറ്റായി ചെറീമ്മ ആ
വലിയ എട്ടുകെട്ടിന്റെ ചായ്പ്പില് ഒതുങ്ങി .
ക്രമേണ കുടുംബത്തിലെ ചെറിയ കുട്ടികള്‍ക്ക് കഥപറഞ്ഞു കൊടുക്കുന്ന ആളായിമാറി .കേള്‍വിക്കാരില്ലാത്തപ്പോഴും കഥപറച്ചില്‍ തുടര്‍ന്നു . അങ്ങിനെ 'ഭ്രാന്തി
ചെറീമ്മയായി '.
തറവാട് ഭാഗം വച്ചപ്പോള്‍ വല്യ മുത്തഫന്റെ ഭാഗത്തിലായി ചെറീമ്മ.
നല്ല പ്രായത്തില്‍ ഒരിക്കല്‍പ്പോലും വിവരങ്ങള്‍
അന്വേഷിച്ചിട്ടില്ലാത്ത സ്വന്തം ഇല്ലക്കാര് ക്രമേണ ചെറീമ്മയെ തേടി എത്തി .
ബന്ധത്തിലുള്ളവരുടെ കുടുംബങ്ങളിലേയ്ക്ക് പ്രസവ ശുശ്രൂഷയ്ക്കും ,കുട്ടികളെ
നോക്കുന്നതിനും മറ്റും കൊണ്ടുപോകാനും തുടങ്ങി.
ഒരിക്കല്‍ ചെറീമ്മേടെ ഇല്ലത്തെ മൂന്നാം തലമുറയില്‍പ്പെട്ട ഒരന്തര്‍ജ്ജനം
പറയുന്നത് കേട്ടു :
"പാവം,അതിനാവുമ്പോള്‍ എന്തെങ്കിലും
കഴിക്കാനും,ഉടുക്കാനും കൊടുത്താല്‍ മതീല്ലോ.ഒന്നിനും ഒരു പരാതീമില്ലാതെ
നല്ലോണം പണീടുത്തോളും .പിന്നെ,തന്നത്താന്‍ സംസാരിക്കും .അതുകൊണ്ടിപ്പോ
നമുക്കെന്താ ചേതം , ഭ്രാന്താച്ചാലും ദേഹോപദ്രവോന്നൂല്ല്യാല്ലോ ".
"കുറച്ചു
നാളായി ചെറീമ്മ സുഖല്യാണ്ട് കേടപ്പായിട്ട് ന്ന് കേട്ടിരുന്നു " അമ്മേടെ
വാക്കുകള്‍ ചിന്തയില്‍ നിന്നുണര്‍ത്തി.
"നീയെന്താ ഇങ്ങനെ തലേം
കുനിച്ചിരിക്കണേ? നമുക്കൊന്നത്രടം പോയിട്ട് വരാം.ഒന്നൂല്ലെങ്കിലും
മുത്തശ്ശീടെ സ്ഥാനാല്ലേ ,വേഗം റെഡിയാവൂ."
തോര്‍ത്തുമെടുത്ത്
കുളിമുറിയിലേക്ക് കയറുമ്പോള്‍ മനസ്സില്‍ പറഞ്ഞു "പേരുപോലു മില്ലാത്ത ചില
ജന്മങ്ങള്"
2.ഓര്‍മ്മകള്‍ പറയുന്നത് ...(കഥ)
അമ്മാത്തെ പണിക്കാരി കല്യാണിയാണ് . മുണ്ടിന്റെ തുമ്പ് പിടിച്ചു നാണിച്ചു നില്ക്കുന്ന ചെറിയ പെണ്‍കുട്ടിയെ മുന്നിലേക്കു പിടിച്ചു നിര്‍ത്തി .ഏകദേശം കുഞ്ഞേടത്തീടെ പ്രായം വരും.
ഞാനും അമ്മയും അമ്മാത്ത് ന്ന് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ് കല്യാണി നിവേദനവുമായി വന്നത്.
"അഞ്ചാംക്ലാസ്സില്‍ തോറ്റു.ഇനി സ്കൂളില്‍ വിടാനൊന്നും പാങ്ങില്ല.അവിടെ പുറംപണിയ്ക്ക് ഒരാളെ വേണംന്ന് ന്നാള് പറഞ്ഞിരുന്നില്ലേ, ഇവളെ കൊണ്ട് പൊയ്ക്കോളൂ "
"അതിനിവള് ചെറ്യ കുട്ട്യല്ലേ ,പണീടുക്കാറൊക്കെ ആയോ?!" അമ്മ വിശ്വാസം വരാതെ നോക്കി .
"ഏയ്,ചെറ്യകുട്ട്യോ ?! അട്യന് മനക്കലേക്ക് പോന്നാല്‍ എളേതുങ്ങളുടെ കാര്യം മുഴോന്‍ നോക്കണത് ഇവളല്ലേ . .വീട്ടിലെ പണിയെല്ലാം കഴിച്ചിട്ടാ സ്കൂളില്‍ പോണത്.എന്റെ പെണ്ണായത് കൊണ്ട് പറയണതല്ല ,എല്ലാം വൃത്തീം മെനയ്ക്കും ചെയ്തോളും" കല്യാണി മകളുടെ ചെമ്പന്‍ തലമുടിയില്‍ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
എനിക്കാകെ ഉത്സാഹായി.അഞ്ചാംക്ലാസ്സില്‍ തോറ്റൂന്നു പറയുമ്പോള്‍ എന്നേക്കാള്‍ നാല് വയസ്സു മൂപ്പുണ്ടാവും.എന്നാലും വല്യ പത്രാസൊന്നും ഇല്ലെന്നു തോന്നുന്നു കണ്ടിട്ട്.കുഞ്ഞേടത്തിയും നാല് വയസ്സിനു മൂത്തതാണ്.പക്ഷെ എന്റെ കൂടെ കളിക്കാനൊന്നും കൂടാറില്ല. വല്ല്യതായീന്നാ ഭാവം.ഈ കുട്ട്യേ കണ്ടിട്ട് അങ്ങിനെ ആവില്ലെന്നു തോന്നുന്നു.
"എന്താ പെണ്ണേ നിന്റെ പേര് ?" അമ്മ ചോദിച്ചു.
"പേര് പറ പെണ്ണേ" നാണിച്ചു തല കുനിച്ചു നില്ക്കുന്ന മകളുടെ തലയില്‍ കല്യാണി ഒരു കിഴുക്കു കൊടുത്തു .
"രമണിക്കുട്ടി"
പെണ്‍കുട്ടി തലയുയര്‍ത്താതെ പറഞ്ഞു.
"എന്നാ വീട്ടിച്ചെന്നു സാമാനങ്ങളൊക്കെ എടുത്തു പോന്നോളൂ .ഒരരനാഴിക കഴിഞ്ഞാല്‍ പുറപ്പെടണം " അമ്മ സമ്മതമറിയിച്ചു .
"ഓ ,ഇനീപ്പോ വീട്ടി പോവ്വോന്നും വേണ്ടാ കുഞ്ഞാത്തലേ.പോയിട്ടിപ്പോ എന്ത് സാമാനങ്ങളെടുക്കാനാ ! ഒക്കെ അവിടുന്ന് നോക്ക്യാ മതീ " കല്യാണിയുടെ മുഖം തെളിഞ്ഞു.
മുപ്പത്തഞ്ചു വര്‍ഷം മുന്‍പുള്ള കാര്യങ്ങളാണ് . എല്ലാം ഇന്നലെ കഴിഞ്ഞപോലെ ഓര്‍മ്മയില്‍ തെളിയുന്നു.
ഓര്‍ക്കുട്ടില്‍ ഒരു പുതിയ കമ്യൂണിറ്റി തുടങ്ങണമെന്ന് മാഷ് നിര്‍ദ്ദേശിച്ചു . "പഴയകാലത്തേക്ക് ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു പോക്ക് .ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ എല്ലാവര്ക്കും ഉണ്ടാകും.അവയെല്ലാം പൊടിതട്ടിയെടുക്കാന്‍,ഓര്‍മ്മകള്‍ പരസ്പ്പരം പങ്കിടാന്‍ ഒരിടം.അങ്ങനെ ഒന്ന് തുടങ്ങാം നമുക്ക് ,എന്താ " മാഷ് ഫോണിലൂടെ പറഞ്ഞു കൊണ്ടിരുന്നു.അങ്ങിനെയൊരു കമ്യൂണിറ്റിക്കിടാന്‍ പറ്റിയ പേരെന്താവണം എന്നായി അടുത്ത ചര്‍ച്ച. 'ഓര്‍മ്മയുടെ തീരങ്ങളില്‍' എന്ന പേര് എല്ലാവര്ക്കും ബോധിച്ചു.അതിനു ചേര്‍ന്ന ഒരു പ്രൊഫൈല്‍ ഫോട്ടോക്കുവേണ്ടിയായി അടുത്ത തിരച്ചില്‍.ഗൂഗിള്‍ സെര്‍ച്ചില്‍ പോയി,ഇമേജസ് ക്ലിക്ക് ചെയ്തു.ഒന്നും മനസ്സിന് തൃപ്തി തരുന്നില്ല. തിരച്ചില്‍ തുടര്‍ന്നു. കണ്ണിമാങ്ങ പെറുക്കുന്ന കുട്ടിയുടെ ചിത്രത്തില്‍ മനസ്സുടക്കി.താടിക്ക് കയ്യും കൊടുത്ത് ആ ചിത്രത്തില്‍ നോക്കിയിരുന്നപ്പോള്‍ വായില്‍ അറിയാതെ വെള്ളമൂറി.കാതില്‍ തൊടിയിലെ കരിയില ഒച്ച , തൊഴുത്തിലെ പശുവിന്റെ അമറല്‍. പശുക്കുട്ടിക്കു പച്ചപ്പുല്ലരിയുന്ന രമണിക്കുട്ടി... എല്ലാം ഒരു തെളിഞ്ഞ ചിത്രം പോലെ ,ഒട്ടും മങ്ങാതെ ....
മിക്കവാറും എല്ലാ ഇല്ലങ്ങളിലേയും പതിവാണത്.വാല്യക്കാരുടെ പെണ്മക്കള് പത്തു,പതിനൊന്നു വയസ്സുവരെ മാത്രമേ സ്വന്തം വീടുകളില്‍ കഴിയാറുള്ളു. പിന്നെ,മനക്കലെ കുഞ്ഞാത്തല് മാരുടെയോ,വേളികഴിച്ചയച്ച അന്തര്ജ്ജനങ്ങളുടെയോ തുണക്കാരികളായി കൂടും.
പച്ച ചീട്ടിതുണി കൊണ്ടു തയ്ച്ച മുട്ടിറങ്ങുന്ന നരച്ച പാവാടയും ,നിറം വ്യക്തമായി പറയാന്‍ സാധിക്കാത്തത്ര നരച്ച ബ്ലൌസുമണിഞ്ഞ രമണി ക്കുട്ടിയുമായി വളരെപ്പെട്ടെന്നു ഞാന്‍ ചങ്ങാത്തത്തിലായി . അമ്മയെവിട്ടു ഞങ്ങളുടെകൂടെ പോരുമ്പോള്‍ ആക്കുട്ടി കരയുമെന്നു ഞാന്‍ പേടിച്ചു.പക്ഷെ ഒന്നുമുണ്ടായില്ല.അമ്മേടെ സാമാന്യം വലിപ്പമുള്ള ബാഗ് തോളത്തുതൂക്കി രമണി ഞങ്ങളുടെകൂടെ പുറപ്പെടുമ്പോള്‍ കല്യാണി ഉരപ്പുരയില് നെല്ലുകുത്തുന്ന തിരക്കിലായിരുന്നു.
"താത്രി കൊച്ച്ഞ്ഞി ഈ പെണ്ണിനെ കൂടെ ക്കൊണ്ടോവ്വാണോ ? വീട്ടിലത് കല്യാണിക്കൊരു സഹായാരുന്നു ." ബസ്സുകാത്തു നിന്നപ്പോള്‍ അടുത്തുവന്ന രാഘവന് അമ്മയോട് പറഞ്ഞു.
" നീ പോയാപ്പിന്നെ എളേതുങ്ങളെ ആരാ നോക്ക്വാ?" രമണിയോടാണ്.
അയാളെക്കണ്ടപ്പോള്‍ രമണി മുഖം കൂര്‍പ്പിച്ചു നിന്നു.പിന്നെ എന്നോടു പതുക്കെ മന്ത്രിച്ചു "ഞാനോരൂട്ടം പിന്നെ പറയാട്ടോ "
സന്ധ്യയ്ക്കു മുന്‍പായി ഞങ്ങള്‍ ഇല്ലത്തെത്തി. ഞാന്‍ കൂട്ടിനുള്ളതുകൊണ്ട് രമണിയ്ക്കു കാര്യമായ അപരിചിതത്വമൊന്നും തോന്നിയില്ല അവിടെ.അമ്മ ഒരു പാത്രത്തില്‍ എണ്ണയും സോപ്പും എടുത്തു കൊടുത്തു ,കുഞ്ഞേടത്തീടെ രണ്ടു പഴയ പാവാടേം ബ്ലൌസും "ആദ്യം നീ തലയില്‍ നല്ലോണം എണ്ണ തേയ്ക്കു.ജനിച്ചിട്ട് എണ്ണ കണ്ടിട്ടില്ലെന്നാ തോന്നണേ മുടി കണ്ടിട്ട് !എന്നിട്ട് കുളത്തില്‍ പോയി കുളിച്ചുവന്ന് ഈ പാവാടേം ജംബറും ഇട്ടോളൂ"
എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു "നീയുംകൂടി ചെല്ലൂ കുളത്തിലേയ്ക്ക് ,ആ കുട്ടിയ്ക്കെല്ലാം ഒന്ന് പരിചയാവട്ടെ"
കുളക്കടവില്‍ വച്ച് രമണി സ്വന്തം വീട്ടിലെ കാര്യങ്ങള്‍ പറഞ്ഞു. രമണിക്ക് അച്ഛനില്ല. എല്ലാരും പറയണത് അമ്മാത്തെ
കാര്യസ്ഥന് ഗോവിന്ദനാണ് അച്ഛനെന്നാത്രേ. "അയാളെ ഇതുവരെ അച്ചാന്ന് വിളിച്ചിട്ടോന്നൂലാട്ടോ ഞാന്‍"
"രണ്ടനിയന്മാരും ,മൂന്നനിയത്തിമാരുമുണ്ട് .കുഞ്ഞാവയ്ക്കീ മകരത്തില്‍ മൂന്നു വയസ്സയീ .നമ്മള് വണ്ടി കാത്തു നിന്നപ്പോ കണ്ട രാഗവന് ചിറ്റപ്പനില്ലേ ,അങ്ങേരാ കുഞ്ഞാവേടെ അച്ചന് ന്നാ എല്ലാരും പറയണേ . ഇപ്പൊ അങ്ങേരു ഞങ്ങടെ വീട്ടിലാ കെടപ്പ് .എനിക്കങ്ങേരെ കാണണത് കലിയാ.എപ്പളും കൊഞ്ചിക്കാന് വരും .ഞാനെന്താ ചെറ്യ കുട്ട്യാ ? അതോണ്ടാ എന്നെ ഇങ്ങോട് കൊണ്ടോരണ കണ്ടപ്പം അങ്ങേരടെ മൊകം കറത്തെ " രമണി പറഞ്ഞു കൊണ്ടേ ഇരുന്നു .
രമണിക്കുട്ടി പറഞ്ഞതിന്റെ അര്‍ഥം മനസ്സീലായില്ലെങ്കിലും ഞാനെല്ലാം മൂളിക്കേട്ടു.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയോട് ചോദിച്ചു "അമ്മേ,എന്റെ അഛന് തന്നെയല്ലേ ഏടത്തിമാരുടെം,ഏട്ടന്മാരുടെം അഛന്?"
"ഇതെന്താ ഈക്കുട്ടിയ്ക്കിപ്പോ ഇങ്ങനെയൊരു സംശയം " അച്ഛനുമമ്മയും ഉറക്കെ ചിരിച്ചു .
പിന്നെന്താ രമണീടെ വീട്ടില്‍ അനിയന്മാര്ക്കും,അനീത്തിമാര്‍ക്കുമൊക്കെ വേറെ വേറെ അച്ഛന്മാര്?" ഞാനെന്റെ സംശയത്തിന്റെ കാരണം വെളിപ്പെടുത്തി.
"അവരുടെക്കെ എടേല് അങ്ങന്യൊക്കെണ്ടാവും .കുട്ടീനി ഈ വിഡ്ഠിത്തോന്നും എല്ലാരോടും വിസ്തരിക്കാന്‍ നില്ക്കണ്ടാ".അമ്മ ദേഷ്യപ്പെട്ടു.ഞാനെന്റെ സംശയങ്ങള്‍ ഉള്ളിലൊതുക്കി.
രമണി കുഞ്ഞേടത്തീടെ മുറീലാണ് കിടന്നത്.ഒരുപാടു കഥകള്‍ അറിയാമെന്നും പിന്നെ പറഞ്ഞു തരാമെന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് എനിക്ക് വാക്ക് തരുമ്പോള്‍ രമണീടെ കണ്ണു നിറഞ്ഞു.ഞാന്‍ കാര്യം ചോദിച്ചപ്പോള്‍ ഇടറുന്ന ശബ്ദത്തില്‍ പറഞ്ഞു "കുഞ്ഞാവ ഇന്ന് ആരടെ കൂട്യാണോ കിടക്ക്വാ ... അമ്മേടെ കൂടെ അതിനെ കെടത്തണത് രാഗവന് ചിറ്റപ്പനിഷ്ടാല്ല . അങ്ങേരു കള്ളുകുടിച്ചു വന്ന് ഇപ്പൊ ബഹളോണ്ടാക്കണ് ണ്ടാവും .പാവം കുഞ്ഞാവ വല്യേച്ചീന്നും പറഞ്ഞു കരയ്വാവും .ന്നാളൊരു ദിവസം കള്ളും കുടിച്ചു ബോധോല്യാണ്ട് എന്നെപ്പിടിച്ചു വലിച്ചു കൂടെ കെടത്താന്‍ നോക്കി . അമ്മ ബഹളം വച്ചപ്പളാ ഞാന്‍ ഓടി രക്ഷപ്പെട്ടത്.അന്നേ അമ്മ പറഞ്ഞിരുന്നു എന്നെ എങ്ങോട്ടെങ്കിലും പറഞ്ഞു വിടുമെന്ന് "
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോ ആമ്മേടെ ശബ്ദം വീണ്ടും " വേണ്ടാത്തതോരോന്നു ചിന്തിക്കാണ്ട് ഉറങ്ങാന്‍ നോക്ക് കുട്ടീ "
3.മൂര്‍ച്ച (കഥ)
കഴിഞ്ഞു ! ഇനി വേഗം കൂടിയില്ലെങ്കില്‍ സമയത്തിനു ക്ലിനിക്കില്‍ എത്തില്ല..
ധൃതിയില്‍ ബെഡ്റൂമിലേക്ക് സ്റ്റെപ്പുകയറുമ്പോള്‍ വീണ്ടും കോളിംഗ്
ബെല്ലിലെ കിളി ചിലച്ചു.
"ഇന്ന് വൈകും" മനസ്സില്‍ പറഞ്ഞു.
തിരികെ ചെന്നു വാതില്‍ തുറന്നു.ഏതാണ്ട് പതിനഞ്ചു വയസ്സ് തോന്നുന്ന പയ്യന് .
കണ്സല്ട്ടേഷന് റൂമിന്റെ കതകു തുറന്നു വിളിച്ചു "വരൂ"
"ഞാന്‍ പെഷ്യന്ടല്ല ഡോക്ടര്‍ " അല്‍പ്പം പരുങ്ങിക്കൊണ്ടവന്‍ പറഞ്ഞു ."കത്തി വില്ക്കാന് വന്നതാണ്".
കൌതുകത്തോടെ ഞാനവനെ നോക്കി . കുളിച്ച്,നെറ്റിയില്‍ ചന്ദനക്കുറിയുമായി നില്ക്കുന്ന
സുമുഖനായ ബാലന്. സാധാരണ ആ സമയത്ത് കച്ചവടത്തിനായി വരുന്നവര്‍ 'കത്തീ
...വെട്ടുകത്തീ....പിച്ചാത്തീ...' എന്ന് ഉറക്കെ ,അനുനാസിക
സ്വരത്തില്‍വിളിച്ചു പറഞ്ഞു കൊണ്ടാണ് വരാറ്.അങ്ങിനെയുള്ളവരെ
ഗേറ്റിനകത്തേക്കു പോലും കയറ്റാറില്ല. ജനമൈത്രി പോലീസ് കഴിഞ്ഞ ദിവസം വീട്
സന്ദര്‍ശനത്തിനു വന്നപ്പോഴും പ്രത്യേകം ഓര്‍മ്മിപ്പിച്ചതാണ്
കച്ചവടത്തിനാണെന്ന ഭാവത്തില്‍ കള്ളന്മാര് വരുന്നുണ്ട് ,അതുകൊണ്ട്
അക്കൂട്ടരെ അകത്തു കയറ്റരുത് എന്ന്. ഏതായാലും ഈ കുട്ടിയെ കണ്ടിട്ട് അങ്ങിനെ
തോന്നുന്നില്ല.
"എന്തൊക്കെയാണ് സഞ്ചിയില്‍?" ആവശ്യമില്ലെങ്കിലും ചോദിച്ചു.
"പിച്ചാത്തി,വെട്ടുകത്തി,വാക്കത്തി ..." അവന് സഞ്ചിയില്‍ നിന്നും ഓരോ കത്തികളും അതിന്റെ ഗുണ ഗണങ്ങള്‍ പറഞ്ഞു കൊണ്ട്
പുറത്തെടുത്തുവച്ചു.ഓരോന്നിന്റെയും വിലയും പറഞ്ഞു. എനിക്കെന്തോ ഒരു കൌതുകം
തോന്നി .
"ഇയാള്‍ക്കെന്താ സ്കൂളില്‍ പോകണ്ടേ ,ഇന്ന് വര്‍ക്കിംഗ് ഡേ അല്ലെ ?" കച്ചവടത്തിന് വരുന്നവരോട് അധികം സംസാരത്തിന്
നില്‍ക്കാറില്ലെങ്കിലും ഞാന്‍ ചോദിച്ചു.
"രാവിലെ സ്കൂളില്‍ പോണ്ടാ.ഇപ്പൊ പരീക്ഷയാ . ഇന്ന് ഉച്ചക്ക് ശേഷാ എനിക്ക് പരീക്ഷ" അവന് പറഞ്ഞു.
"അപ്പൊ പഠിക്കണ്ടേ "
പരീക്ഷക്ക് പഠിക്കുമ്പോള്‍ ക്ഷീണമുണ്ടാകാതിരിക്കാന്‍ എന്താണ് മകന് പ്രത്യേകമായി ഭക്ഷണം കൊടുക്കേണ്ടത് എന്ന് ചോദിച്ചു
ക്ലിനിക്കില്‍ എത്താറുള്ള അച്ഛനമ്മമാരെ ഓര്‍ത്തു .
"ഏയ്,ഞാന്‍ ക്ലാസില്‍ ഫസ്ട്ടാ.ഒക്കെ പഠിച്ചു കഴിഞ്ഞു.ഇപ്പൊ ഞാന്‍ ഏഴാം
ക്ലാസിലാ.അടുത്തവര്‍ഷം വേറെ സ്കൂളിലേക്ക് മാറണം. അവിടെ ചേരാന്‍ ആയിരം രൂപ
ആദ്യം കെട്ടണം. അതുണ്ടാക്കാനാ ഞാന്‍ കത്തി വില്‍ക്കണേ". അവന് പറഞ്ഞു.
സമയം വൈകിയതിനാല്‍ കൂടുതലൊന്നും ചോദിക്കാതെ ഇരുനൂറു രൂപ കൊടുത്ത് വെട്ടുകത്തി
വാങ്ങി. അതായിരുന്നു അവന്റെ സഞ്ചിയിലെ ഏറ്റവും വിലക്കൂടിയ കത്തി.
ക്ലിനിക്കിലേക്ക് റെഡിയാകുമ്പോഴും ,ഭക്ഷണം കഴിക്കുമ്പോഴും എല്ലാം ആ പയ്യനെക്കുറിച്ച് തന്നെയായിരുന്നു ചിന്ത.
വണ്ടി വീട്ടില്‍നിന്നും ഇറക്കി അല്‍പ്പം മുന്നോട്ടെടുത്തപ്പോള്‍ ദാ നില്ക്കുന്നു ആ പയ്യന് . അവന് വണ്ടിക്കു കൈ കാണിച്ചു. നിര്‍ത്തി ചില്ല് താഴ്ത്തിയപ്പോള്‍ നിഷ്ക്കളങ്കമായി ചിരിച്ചുകൊണ്ടവന്‍ ബസ് സ്റ്റോപ്പില്‍
വിടാമോ എന്ന് ചോദിച്ചു. പുറകിലെ ഡോര്‍ തുറന്നു കൊടുത്തു.അകത്തു കയറിയ അവന്
വാചാലനായി
" ഒരു കത്തിയൊഴിച്ച് ബാക്കിഎല്ലാം വിറ്റു. ഡോക്ടറുടെ കൈ രാശിയുള്ളതാ...."
പെട്ടെന്നാണ് എന്റെ ഉള്ളിലേക്ക് മിന്നല്‍ പിണര്‍ പോലെ പേടി കയറിയത്. ഇവനെ എന്ത് വിശ്വസിച്ചാണ് വണ്ടിയില്‍ കയറ്റിയത് !
അടുത്തിടെ മാധ്യമങ്ങളില്‍ കണ്ട പല ക്രിമിനല്‍ കേസുകളിലും പ്രതികള്‍
കൌമാരക്കാരായ വിദ്യാര്‍ഥികളാണ് . ഇവന്റെ കയ്യിലെ സഞ്ചിയിലാണെങ്കില്‍ ഇനിയും
വില്ക്കാത്ത ഒരു കത്തിയുണ്ട് താനും . അവനാക്കത്തി എടുത്ത് ഏതു നിമിഷവും
എന്റെ കഴുത്തിന്റെ പിന്നില്‍ ചേര്‍ത്ത് വയ്ക്കാം. ഈശ്വരാ ...എന്റെ
പെരുവിരലില്‍ നിന്നും വിറ കയറുന്നു. അവന്റെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി
ഞാന്‍ അവന്റെ വീട്ടുകാരെക്കുറിച്ചു ചോദിച്ചു.
"അമ്മക്ക് ഹൃദയത്തിനെന്തോ വല്യ അസുഖമാ. കോട്ടയം മെഡിക്കല്‍ കോളേജിലാ.അച്ഛന് അടുത്തുള്ള
ആലയില്‍ പണിക്കു പോകുന്നു. അവിടെ നിന്നാണ് ഈ കത്തികള്‍ ഞാന്‍ കച്ചോടത്തിനു
എടുക്കുന്നത്.ചേച്ചി പത്താംക്ലാസ് കഴിഞ്ഞു.നല്ല
മാര്‍ക്കുണ്ടായിരുന്നു.പക്ഷെ അമ്മേടെ കൂടെ നില്ക്കാന് വേറെ
ആളില്ലാത്തതുകൊണ്ട് പിന്നെ പഠിച്ചില്ല..." അവന് പറഞ്ഞു കൊണ്ടേ ഇരുന്നു.
എന്റെ ശ്രദ്ധ മുഴുവന്‍ റിയര്‍ വ്യൂ മിറ റിലാണ് . പറഞ്ഞുകൊണ്ടിരിക്കുന്ന തിനിടയില്‍ അവന് സഞ്ചിയിലേക്ക് കയ്യിട്ടു.ഞാന്‍ സര്‍വ്വ ശക്തിയുമെടുത്തു ബ്രേക്ക് ചവിട്ടി.വലിയ ശബ്ദത്തോടെ വണ്ടി ഉരഞ്ഞു നിന്നു. എന്താണെന്ന്
തലപൊക്കി നോക്കിയ അവനോടു അവിടെ ഇറങ്ങിക്കൊള്ളാന്‍ പറഞ്ഞു. എനിക്ക് വേറെ
വഴി പോകണമെന്നും . പുറകില്‍ വന്ന വണ്ടിക്കാരുടെ ചീത്ത വിളിക്ക് കാതു
കൊടുക്കാതെ , അവനെ പുറത്താക്കി വിയര്‍പ്പു തുടച്ചു വീണ്ടും വണ്ടി
മുന്നോട്ടെടുക്കുമ്പോഴും ഉള്ളിലെ വിറ അടങ്ങിയിരുന്നില്ല. അവനെന്തിനാണ്
സഞ്ചിയില്‍ കയ്യിട്ടതെന്ന് എനിക്കിപ്പോഴും അറിയില്ല . വണ്ടിക്കൂലിക്കുള്ള
കാശെടുത്ത് പിടിക്കാനോ , എന്റെ കഴുത്തിന്റെ പിന്നില്‍ ചേര്‍ത്ത് വയ്ക്കാന്‍
കത്തിയെടുക്കാനോ?!
4.അവള് (കഥ )

"മിണ്ടാതിരിക്ക് മോനെ കുറച്ചു നേരം , ഉപ്പ കുറച്ചു സ്വസ്ഥമായിരിക്കട്ടെ".
ഭാര്യയുടെ ശബ്ദം അയാളെ ചിന്തകളില്‍ നിന്നുണര്‍ത്തി.കുറച്ചുനേരമായി മോന് എന്തോ ചോദിക്കുന്നുണ്ടാവും.
പുറത്തേയ്ക്ക് നോക്കി .സാന്ധ്യ ചോപ്പ് കാറിന്റെ ചില്ലില്‍ ചാഞ്ഞു പതിയ്കുന്നു. എയര്‍പോര്‍ട്ടിലെത്താന്‍ ഇനി ഏകദേശം പത്തുമിനിട്ട് ദൂരം മാത്രം .
ഭാര്യയുടെ നേരെ നോക്കി പതുക്കെ ചിരിച്ചു.മോന്റെ തലയില്‍ തലോടി.
"ഞാനിന്നലെ മുതല്‍ ശ്രദ്ധിക്കുന്നു.ഏതോ ചിന്തകള്‍ അലട്ടുന്നുണ്ടല്ലോ?"
അവളുടെ ചോദ്യത്തിന് ഒരു ചിരിയില്‍ മറുപടി ഒതുക്കി, ഒന്നുമില്ലെന്ന് നടിയ്ക്കാന്‍ അയാള്‍ മകനുമായി തമാശ പറഞ്ഞു.
ഭാര്യയുടെ കണ്ണുകള്‍ തന്നെ അളക്കുന്നത് അവളുടെ നേരെ നോക്കാതെ തന്നെ അറിഞ്ഞു.
കാറ് എയര്‍പോര്‍ട്ടിന്റെ ഗേറ്റ് കടന്ന് ഡൊമസ്റ്റിക് ടെര്‍മിനലിലേയ്ക്കുള്ള വഴിയെ തിരിഞ്ഞു.മകന് ഇടപെട്ടു
"ഉപ്പാ,ഇതെന്താ ഇതിലെ!"
തെറ്റു മനസ്സിലായെങ്കിലും ഇങ്ങനേം പോകാമല്ലോ എന്ന് പറഞ്ഞ് വിഷയം മാറ്റി.
ഭാര്യയുടെ കണ്ണുകളിലെ വേവലാതി കണ്ടതായി ഭാവിച്ചില്ല.
കാറില്‍ നിന്നിറങ്ങി ,താക്കോല്‍ റഫീക്കിനെ ഏല്‍പ്പിച്ചു പറഞ്ഞു "നിങ്ങള്‍ നില്‍ക്കണ്ട,തിരിച്ചു പൊയ്ക്കോള്ളൂ ."
ട്രോളിയില്‍ ബാഗുകള്‍ കയറ്റിവച്ച്,മോന്റെ നിറുകയില്‍ ഉമ്മവച്ചു.ഭാര്യയുടെ കയ്യില്‍ പയ്യെ അമര്‍ത്തി ബൈ പറയുമ്പോഴും അയാളുടെ ശ്രദ്ധ ചുറ്റുമുള്ളവരിലായിരുന്നു.
ഹൃദയമിടിപ്പ് കൂടുന്നതറിഞ്ഞു.ഈ യാത്രയിലെങ്കിലും വീണ്ടും കണ്ടുമുട്ടുമോ ? ഉള്ളില്‍ വല്ലാത്ത പ്രതീക്ഷ ,ആകാംക്ഷയും...
ടിക്കെറ്റ് ചെക്കിങ്ങും മറ്റു ഫോര്‍മാലിട്ടികളും കഴിഞ്ഞു.ഇനിയുള്ള സമയത്താണ് പ്രതീക്ഷ.ബോര്‍ഡിങ്ങിനായി കാത്തിരിക്കുന്നവരില്‍ ആ മുഖമുണ്ടോ?ഒന്നുരണ്ടു തവണ അങ്ങിട്ടുമിങ്ങോട്ടും നടന്നു.കറുത്ത നീളനുടുപ്പിട്ട ചിലരുടെ അടുത്തെത്തിയപ്പോള്‍ ഹൃദയമിടിപ്പ് കൂടിയെങ്കിലും താന്‍ തേടുന്ന മുഖമല്ല അവരുടെതെന്ന് അയാള്‍ വേഗം തിരിച്ചറിഞ്ഞു.ഇന്നെന്തായാലും അതു സംഭവിയ്ക്കുമെന്ന് ഉള്ളിലിരുന്ന് ആരോ ഉറപ്പിച്ചു പറയുന്നു!
മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണത്.പതിവുള്ള ദുബായ് യാത്രകളിലൊന്ന്.അതിലേറെ പ്രാധാന്യമൊന്നും ആ യാത്രയ്ക്കുണ്ടായിരുന്നില്ല തുടക്കത്തില്‍ .ഇതേപോലെ ബോര്‍ഡിങ്ങിനായി കാത്തിരിക്കുമ്പോഴാണ് രണ്ടു വയസ്സ് തോന്നിയ്ക്കുന്ന കുഞ്ഞിന്റെ വിരല്‍ പിടിച്ച്, മാസങ്ങള്‍ മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ മാറോടടുക്കി അവള് തന്റെ മുന്നില്‍ വന്നു നിന്നത്.മടിച്ചു മടിച്ചാണ് കുഞ്ഞിനെ അടുത്ത സീറ്റില്‍ കിടത്തട്ടെ,ഒന്നു ശ്രധിയ്ക്കുമോ എന്ന് ചോദിച്ചത്.ഒട്ടും മടിയ്ക്കാതെ കുഞ്ഞിനെ കൈനീട്ടി വാങ്ങുമ്പോള്‍ എന്തായിരുന്നു മനസ്സില്‍ എന്ന് ഇന്നോര്‍മ്മയില്ല.
സമാധാനത്തോടെ ,ചിണുങ്ങി കരയുന്ന മൂത്തകുട്ടിയുമായി ടോയ് ലെറ്റില്‍ പോയി തിരിച്ചുവന്ന അവള് കുഞ്ഞിനെ വാങ്ങി തന്റെ അടുത്ത സീറ്റില്‍ ഇരുന്നു.വളരെ പെട്ടന്നാണ് താനവരുടെ രക്ഷകര്‍ത്താവായത്.കാത്തിരുപ്പ് നീണ്ടപ്പോള്‍ കുഞ്ഞുങ്ങളുമായി സ്നാക്സു വാങ്ങാന്‍ ഒരുമിച്ചു പോയി. അവസാനം ബോര്‍ഡി ങ്ങിനുള്ള സാമയമായപ്പോള്‍ തന്റെ മടിയില്‍ കിടന്നു ഉറങ്ങിയിരുന്ന മൂത്ത കുഞ്ഞിനെ തോളില്‍ കിടത്തി,തന്റെയും അവളുടെയും ബാഗുകള്‍ കയ്യിലെടുത്തു ഫ്ലൈറ്റില്‍ കയറുമ്പോള്‍ പിറകില്‍ ഇളയ കുഞ്ഞിനെ മാരോട് ചേര്‍ത്ത് അവളുമുണ്ടായിരുന്നു.
തന്റെയും,ഭാര്യയുടെയും ബന്ധുക്കളും പരിചയക്കാരും പലപ്പോഴും ആ ഫ്ലൈറ്റില്‍ യാത്രക്കാരായി ഉണ്ടാകാറുണ്ട് .അങ്ങനെ ആരെങ്കിലും കണ്ടാല്‍ , തനിയ്ക്ക് മറ്റൊരു ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഉണ്ടെന്നും,അവരെ കൂടെ ദുബായ്ക് കൊണ്ട് പോയെന്നുമാവും നാട്ടില്‍ പരക്കുന്ന കഥ എന്നയാള്‍ അല്‍പ്പം ഭയത്തോടെ ചിന്തിച്ചു .എന്നാല്‍ അത്തരം പേടിയൊന്നും അവളില്‍ കണ്ടില്ല.ഫ്ലൈറ്റില്‍ അടുത്തടുത്ത സീറ്റല്ല എന്നതില്‍ വിഷമമുണ്ടെന്നു അവളുടെ ഭാവം വ്യക്തമാക്കി.സീറ്റില്‍ അവളെ ഇരുത്തി ,മൂത്ത കുഞ്ഞിനെ തന്റെ മടിയില്‍ കിടത്തിക്കൊള്ളാമെന്നു പറയുമ്പോഴേയ്ക്കും എയര്‍പോര്‍ട്ടില്‍വച്ചു മാത്രം പരിചയപ്പെട്ടവരാണെന്ന സത്യം അവരിരുവരും മറന്നുകഴിഞ്ഞിരുന്നു. യാത്രയിലുടനീളം തങ്ങള്‍ ഒനാണെന്ന ഭാവം അവര്‍ക്കിടയിലും സഹായാത്രക്കാരിലും ഉണ്ടായിരുന്നു.ദുബായിലെത്തിയപ്
എന്തുകൊണ്ടോ അവളുടെ ഭര്‍ത്താവിനെ പരിചയപ്പെടാന്‍ തോന്നിയില്ല.മന:പൂര്‍വ്വം വളരെ സാവധാനം നടന്നു.അവര്‍ വണ്ടിയില്‍ കയറി പോകുന്നത് കാണാന്‍ തന്റെ മന:സ് ഇഷ്ട്ടപ്പെടുന്നില്ലെന്നു തെല്ലത്ഭുതത്തോടെ അയാള്‍ അറിഞ്ഞു.കുറേ ഏറെ നാളുകള്‍ മധുരമുള്ള ഒരാസ്വസ്ഥതയായി അവള് ഉള്ളില്‍ തങ്ങി നിന്നു.
മാസങ്ങള്‍ക്ക് ശേഷം വീണ്ടും നാട്ടില്‍ വന്നു മടങ്ങുമ്പോഴേയ്ക്കും അവളും കുഞ്ഞുങ്ങളും അയാളുടെ ഉള്ളില്‍ നിന്നും മാഞ്ഞുപോയിരുന്നു.എന്നാല്‍ അതേ ഫ്ലൈറ്റില്‍ ബോര്‍ഡിങ്ങിനായി കാത്തിരിയ്ക്കുമ്പോള്‍ പെട്ടന്ന് കഴിഞ്ഞ യാത്രയിലെ രംഗംഗം മന:സ്സിലെയ്ക്ക് വന്നു , ഒപ്പം അവളെ ഒന്നുകൂടി കാണാനുള്ള മോഹവും.കുറത്ത ,നീളന്‍ മേല്‍ക്കുപ്പായമണിഞ്ഞ സ്ത്രീകളുടെ ഒക്കെ അരികിലൂടെ നടന്നു .താന്‍ തേടുന്ന മുഖം മാത്രം കണ്ടില്ല.നിരാശ തോന്നി.ബോര്‍ഡിങ്ങിനായുള്ള അറിയിപ്പ് വന്നു. സീറ്റില്‍ നിന്നെഴുന്നേറ്റ് ,ബാഗ് തോളില്‍ തൂക്കി തിരിയുമ്പോഴാണ് കണ്ടത് ,പിറകില്‍ കുഞ്ഞിനെ എടുത്തു അവള് ! കൂടെ മൂത്തകുട്ടിയുടെ കൈപിടിച്ച് ഭര്‍ത്താവും. അവള് തന്നെ കണ്ടിട്ടില്ല.പക്ഷെ ആള്‍ക്കൂട്ടത്തില്‍ അവളുടെ കണ്ണുകള്‍ ആര്‍ക്കോ വേണ്ടി പരതുന്നു.തന്റെ ഹൃദയം വല്ലാതെ ക്രമംതെറ്റി മിടിയ്ക്കുന്നത് അയാളറിഞ്ഞു.എങ്ങനെയും അവളുടെ ശ്രദ്ധ നേടണം.അനാവശ്യമായി അവര്‍ നില്ക്കുന്നതിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിച്ചു.പെട്ടന്ന് അവള് തന്നെ കണ്ടു.എന്തോപറയാന്‍ മുമ്പോട്ടാഞ്ഞ അവള് ഭര്‍ത്താവിന്റെ സാന്നിധ്യം ഓര്‍മ്മിച്ച് സ്വയം നിയന്ത്രിയ്ക്കുന്നതു കണ്ടു.എങ്കിലും കണ്ണിലെ തിളക്കം,എന്തൊക്കെയോ പറയാനുള്ള വെമ്പല്‍ ...അവള്‍ക്കുമാത്രം കാണാവുന്ന രീതിയില്‍ പതുക്കെ ചിരിച്ചു,അവളും.തങ്ങള്‍ തമ്മില്‍ എന്തോ മുജ്ജന്മ ബന്ധമുണ്ടെന്ന തോന്നല്‍ ഉള്ളില്‍ .
ഫ്ലൈറ്റില്‍ ഇരിയ്ക്കുമ്പോഴും അവളുടെ കണ്ണുകള്‍ തന്നെതെടി വരുന്നത് സുഖകരമായൊരു നൊമ്പരത്തോടെ അറിഞ്ഞു.ദുബായിലെത്തിയപ്പോള്‍ വിമാനമിറങ്ങിയ താന്‍ അവളുടെ പ്രതികരണം മനസ്സിലാക്കാന്‍ വേണ്ടി കാണാമറയത്തെയ്ക്കു മാറിനിന്നു വീക്ഷിച്ചു.തന്നെ കാണാതായപ്പോള്‍ അവളുടെ കണ്ണിലെ വേവലാതിയും,വീണ്ടും കണ് മുന്നിലെത്തിയപ്പോഴത്തെ ആശ്വാസ ഭാവവും ഉള്ളിലല്പ്പം കുസൃതിയോടെ അയാള്‍ ആസ്വദിച്ചു.അല്‍പ്പ സമയത്തിനുള്ളില്‍ രണ്ടു വഴി തിരിയുമെന്ന ഓര്‍മ്മ ഒരു നോവായി ഉള്ളില്‍ നിറഞ്ഞു.ഗേറ്റിനു വെളിയില്‍ എത്താരായ അവള് തിരിഞ്ഞു നോക്കി.അവളുടെ കണ്ണുകളിലും അതേ നോവുണ്ടെന്നറിഞ്ഞു.
പിന്നീടുള്ള ഓരോ യാത്രകളിലും പര്‍ദ്ദയണിഞ്ഞ ഓരോ സ്ത്രീകളിലും അവളെ തേടി.
ബോര്‍ഡിങ്ങിനായുള്ള അറിയിപ്പ് ചിന്തകളില്‍ നിന്നും ഉണര്‍ത്തി.ഈ യാത്രയില്‍ എന്താണാവോ , മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു.ഇന്നലെ മുതല്‍ തുടങ്ങിയതാണീ അസ്വസ്ഥത.തങ്ങള്‍ വീണ്ടും കണ്ടു മുട്ടണമെന്നാണ് നിയോഗമെങ്കില്‍ ഇന്നു കാണുമെന്നു വല്ലാത്തൊരു വിശ്വാസം ഉള്ളില്‍ !ബാഗ് തോളില്‍ തൂക്കി എഴുന്നേറ്റു.ഒരുവട്ടംകൂടി ചുറ്റുംനോക്കി.പെട്ടന്നാണതു കണ്ടത്.പിന്നില്‍ നില്ക്കുന്ന പര്‍ദ്ദയണിഞ്ഞ സ്ത്രീ , മുഖവും മറച്ചിരിയ്ക്കുന്നു. പക്ഷെ ആ കണ്ണുകള്‍ ! ദൈവമേ..ഇതുതന്നെയല്ലേ ഞാന്‍ തേടുന്ന മുഖം!ആ കണ്ണുകള്‍ തന്നെതന്നെയല്ലേ നോക്കുന്നത്?താന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആ കണ്ണുകളില്‍ ഒരു തിളക്കം ഉണ്ടായില്ലേ?എങ്കില്‍ അവളെന്തേ ഇങ്ങനെ? അവളുടെ കുഞ്ഞുങ്ങള്‍ എവിടെ ?അതോ എല്ലാം തന്റെ മനസ്സിന്റെ വിഭ്രാന്തിയോ ?!
5. പ്രണയം (കഥ)
ഞെട്ടി ഉണര്‍ന്നത് വിയര്‍ത്തു മുങ്ങിയാണ്.എന്തോ ദുസ്വപ്നം കണ്ടു.തൊണ്ട വരണ്ടിരിക്കുന്നു. പതിവുപോലെ കട്ടിലിനടിയിലേക്ക് കൈനീട്ടി.വെള്ളം നിറച്ച ജഗ്ഗ് കാണാനില്ല. ആകെ ഒരു വിഭ്രാന്തി. ഞാന്‍ എവിടെയാണ്! സമയം എന്തായിക്കാണും?തലയിണക്കടിയില്‍ തപ്പി നോക്കി.ഭാഗ്യം, മൊബൈല്‍ ഫോണ്‍ അവിടെ തന്നെയുണ്ട്.സമയം രണ്ടര.പെട്ടന്നാണ് മൊബൈല്‍ ഫോണിലെ ടവര്‍ നാമം ശ്രദ്ധിച്ചത്
ആദി കടലായി !
ഇപ്പോഴോര്‍മ്മ വരുന്നു. ഇന്നലെ വൈകുന്നേരം ഇവിടെ എത്തിയതാണല്ലോ,ആദികടലായിയിലെ സുഹൃത്തിന്റെ റിസോര്‍ട്ടില്‍.
കടലിനഭിമുഖമായി നില്ക്കുന്ന റിവര്‍ വ്യൂ റിസോര്‍ട്ട്.
കണ്ട സ്വപ്നം ഓര്‍മ്മിച്ചെടുക്കാന്‍ നോക്കി. ഓര്‍മ്മ വരുന്നില്ല. പ്രിയപ്പെട്ട ആര്‍ക്കോ എന്തോ പറ്റിയെന്നൊരു തോന്നല്‍.ഇല്ല, ഒന്നും വ്യക്തമായി ഓര്‍മ്മ വരുന്നില്ല.
ജനല്‍ തുറന്നു.തണുത്ത കാറ്റിനൊപ്പം കടലിന്റെ ശബ്ദവും മുറിയിലേക്ക് അടിച്ചു കയറി.
നിലാവ് കാര്യമായിട്ടില്ല.കറുത്തപക്ഷത്തിന്റെ മധ്യമാണെന്നു തോന്നുന്നു.നാട്ടുവെളിച്ചത്തില്‍ ആകാശവും കടലും പരസ്പരം വേര്‍തിരിക്കാന്‍ ആവാതെ ഒന്നായതു പോലെ.
തണുപ്പേറ്റ് മൂക്ക് അടയുന്നുണ്ട്.കമ്പിളി ഷാള്‍ എടുത്തു തലവഴി മൂടി ജനാലക്കരികെ കസേര വലിച്ചിട്ടിരുന്നു.
തിരകള്‍ ഒന്നിനു പിന്നാലെ ഒന്നായി അടിച്ചു കയറുന്നു.പണ്ട് ബ്ലോഗില്‍ എഴുതിയ വരികള്‍ ഓര്‍ത്തു:
സ്വന്തം പ്രേമിയായ കരയെ കണ്ടു മടങ്ങുന്ന കടല്‍, തെല്ലുദൂരം ചെല്ലുമ്പോള്‍ വിരഹം താങ്ങാനാവാതെ വീണ്ടും കരയെ തേടി ഓടിയെത്തി കെട്ടിപ്പുണരുന്നു.കാലാതിവര്‍ത്തിയായി തുടരുന്നൂ ഈ പ്രണയവും വിരഹവും പുന: സമാഗമവും...
പെട്ടന്നാണ് സന്ധ്യക്ക് കണ്ട അഴിമുഖത്തെ കുറിച്ചോര്മ്മ വന്നത്.
കടല്ക്കരയില് ഓരം ചേര്‍ന്ന് കിടക്കുന്ന ചെറിയ ജലാശയം. അത് പുഴയാണെന്നും കടലില്‍ നിന്ന് അകറ്റിയതിന്റെ ദുഖത്താല്‍ വിരഹിണിയാണ് അവളെന്നും പറഞ്ഞു തന്നപ്പോള്‍ അദ്ദേഹം വാചാലനായി. വിരഹം താങ്ങാനാവുന്നതിലും അധികമാകുമ്പോള്‍ മണല്‍തിട്ട വകവയ്ക്കാതെ പുഴ തന്റെ പ്രേമേശ്വരനായ കടലിലേക്ക് ഒഴുകി ഇറങ്ങുമെന്ന് പറഞ്ഞപ്പോള്‍ ചുറ്റിലും കാണുന്ന മനുഷ്യരിലും ജീവ ജാലങ്ങളിലും പ്രകൃതിയിലും സര്‍വ്വം പ്രണയം ദര്‍ശിക്കുന്ന അദ്ദേഹത്തിന്റെ കാല്പനികതയാണ് ഇതും എന്നെ കരുതിയുള്ളൂ.എന്നാല്‍ സന്ധ്യക്ക് ആ ഒന്നാകലിനു സാക്ഷ്യം വഹിക്കാനായപ്പോള്‍ സന്തോഷംകൊണ്ടു ഞാന്‍ പ്രായം പോലും മറന്ന് ആര്‍ത്തു വിളിച്ചു. ഇപ്പോഴെന്തായീ എന്ന മട്ടില്‍ എന്നെ നോക്കി തുറന്നു ചിരിച്ചു കൊണ്ട് അദ്ദേഹം എന്റെ ആവേശത്തില്‍ കൂട്ടു ചേര്‍ന്നു.കടലിനെ നോക്കി അര്‍ദ്ധഗര്‍ഭമായി ചിരിക്കുമ്പോള്‍ പ്രേമികളെ ആര്‍ക്കും അധികകാലം തടുത്തു നിര്‍ത്താനാവില്ലെന്ന് അദ്ദേഹം പതുക്കെ പറയുന്നുണ്ടായിരുന്നു.
അത്രനേരം റിസോര്‍ട്ടിലെ സന്ദര്‍ശകര്‍ കടല്‍കാറ്റാസ്വദിച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്ന മണല്‍തിട്ട നിമിഷ നേരം കൊണ്ട് അടര്‍ന്നു വീഴുന്നതും പുഴയും കടലും തമ്മില്‍ ബന്ധിപ്പിച്ച നേര്‍ത്ത നീര്ചാല് പരന്നു വലുതാകുന്നതും നോക്കി നില്ക്കുമ്പോള് ഉള്ളം സന്തോഷം കൊണ്ട് വിങ്ങുകയായിരുന്നു.
ഇപ്പോള്‍ ആ അഴിമുഖം എങ്ങനെയുണ്ടാകും ? പുഴയും കടലും ഇപ്പോഴും ഒന്നായലിഞ്ഞു കിടക്കുകയാവുമോ? അതോ രഹസ്യ സന്ദര്‍ശനത്തിനു ശേഷം മറ്റാരുമറിയാതെ രണ്ടുപേരും വീണ്ടും മണല്‍തിട്ടിന് ഇരുപുറവുമായി അകന്നു കഴിയുകയാവുമോ?ടോര്‍ച്ചെടുത്ത് ഒന്നു പോയി നോക്കിയാലോ ?
ടോര്‍ച്ചെടുക്കാനായി തിരിഞ്ഞപ്പോഴാണ് രാത്രി സൈലെന്റ് മോഡില്‍ ആക്കിയ മൊബൈല്‍ ഫോണിലെ ലൈറ്റ് കത്തുന്നത് ശ്രദ്ധയില്‍ പെട്ടത്.മെസേജ് വന്നതാണ്. രാത്രിയില്‍ പോലും പരസ്യക്കമ്പനിക്കാര്‍ മെസേജുകള്‍ അയച്ച് ആള്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നു.ഇത് തടയുന്നതിന് ഏതോ നമ്പറില്‍ പരാതിപ്പെട്ടാല്‍ മതി എന്നൊക്കെ കഴിഞ്ഞ ദിവസം പത്രത്തില്‍ കണ്ടതാണ്.ആ പത്രം തപ്പിഎടുത്ത് ഈ അനാവശ്യ മെസേജുകള്‍ വരുന്നത് എന്തായാലും തടയണം.ഫോണെടുത്തു നോക്കിയപ്പോളാണ് അദ്ദേഹത്തിന്റെതാണ് മെസേജ് എന്ന് മനസ്സിലായത്. ഇതെന്താ ഈ സമയത്ത് ഒരു മെസേജ്! ഇത് പതിവില്ലാത്തതാണല്ലോ !തെല്ലാകാംക്ഷയോടെയാണ് തുറന്നു വായിച്ചത്.
'എ ബാഡ് ന്യൂസ്,ഔര്‍ മുനീര്‍ അറ്റംറ്റഡ് സൂയിസൈഡ്. ഹോസ്പിറ്റലൈസ്ഡ് . ഐ ആം റഷിങ്ങ് റ്റു ദേര്‍.'
രാത്രി എട്ടുമണിക്ക് ശേഷം അവര്‍ രണ്ടുപേരും ഒരുമിച്ചാണല്ലോ ഇവിടെനിന്നു പോയത്.രാവിലെ എഴരക്ക് എന്നെ കൂട്ടാന്‍ കാറുമായി വരാമെന്നും, ഏഴുമണിക്ക് ഒന്നു വിളിച്ചുണര്ത്തിയേക്കണം എന്നും പറഞ്ഞ് അദ്ദേഹത്തോടൊപ്പം പോകുമ്പോള്‍ അവന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ട് എന്ന് തോന്നിയതേയില്ലല്ലോ!
ഈശ്വരാ,ആ കുട്ടിക്ക് ഒന്നും വരുത്തരുതേ..
കണ്ണടച്ച് പ്രാര്‍ഥിച്ചു.
ഇന്നലെ ആദികടലായിയുടെ പഴയ ചരിത്രം അദ്ദേഹം ആവേശത്തോടെ വിവരിച്ചു തരുമ്പോള്‍ ഇപ്പോഴത്തെ ആദി കടലായിയെക്കുറിച്ചു പറഞ്ഞുകൊണ്ട് അവനും കൂടെയുണ്ടായിരുന്നു.അകലെ പൊങ്ങിക്കാണുന്ന കറുത്ത പാറകളില്‍ നിറയെ ഇവിടെ മാത്രം കാണുന്ന കല്ലുമ്മേക്കായ എന്ന കക്കയിനത്തില്‍ പെട്ട ചെറിയ ഷെല്‍ഫിഷ് ഉണ്ടെന്നും കടലില്‍ മുങ്ങി പാറകളില്‍ നിന്നും കല്ലുമ്മേക്കായ ശേഖരിക്കാന്‍ അവനും കൂട്ടുകാരും ചെറുവഞ്ചികളില്‍ പോകാറുണ്ട് എന്നും അവന് അഭിമാനത്തോടെ പറഞ്ഞു.
അദ്ദേഹത്തിന് മുനീര്‍ ഒരിക്കലും ഒരു ഡ്രൈവര്‍ അല്ല ,ഒരു സുഹൃത്തോ,സ്വന്തം അനുജനോ ആണ് എന്ന് തോന്നാറുണ്ട്.വിവാഹിതനാണെങ്കിലും ഭാര്യയും കുട്ടികളും അവരുടെ വീട്ടിലാണെന്നും മുനീര്‍ ഒറ്റക്കാണ് താമസമെന്നും സംഭാഷണത്തില്‍ മനസ്സിലായി.
മൊബൈല്‍ ഫോണില്‍ വീണ്ടും മെസേജിന്റെ ലൈറ്റ് കത്തി.ആകാംക്ഷയോടെ തുറന്നു.
'പേടിക്കണ്ട,ബോധം വന്നിട്ടില്ല,എങ്കിലും സമയത്ത് എത്തിച്ചതിനാല്‍ അപകടനില ഇല്ല എന്ന് ഡോക്ടര്‍ പറഞ്ഞു.നീ ഉറങ്ങിക്കോളൂ...'
കണ്ണടച്ച് ഈശ്വരന് നന്ദി പറഞ്ഞു.
ഇന്നിനി ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.അഴിമുഖം കാണാനുള്ള ഉത്സാഹവും കെട്ടു.
വാതില്‍ തുറന്ന്,കസേര പുറത്തെടുത്തിട്ട് ഇരുന്നു.രാത്രിയുടെ നിശബ്ദതയില്‍ തിരമാലകളുടെ ശബ്ദം ഒരാരവംപോലെ തോന്നി.തണുപ്പ് ഏറെ ഇഷ്ടമാണെങ്കിലും ഇന്ന് താങ്ങാനാവുന്നില്ല.പ്രായം ഏറുന്നതിനാലാണോ മനസ്സ് അസ്വസ്ഥമായതിനാലാണോ എന്നറിയില്ല.അകത്ത് കയറി വാതിലും ജനലും അടച്ചു.വാച്ചില്‍ നോക്കി, മൂന്നര.ബാഗ് തുറന്ന് തലേദിവസം ട്രെയിനില്‍ ഇരുന്നു വായിച്ചിരുന്ന പുസ്തകം എടുത്തു. വായിച്ചു നിര്‍ത്തിയ പേജ് തുറന്ന് അല്പ നേരം ഇരുന്നെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. പുസ്തകം അടച്ചു വച്ച് ലൈറ്റ് കെടുത്തി കിടന്നു.തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴാണ് ഉറങ്ങിപ്പോയത് എന്നറിയില്ല.
ഡോര്‍ ബെല്ലടിക്കുന്നത് കേട്ടാണ് കണ്ണു തുറന്നത്.വെളിച്ചം മുറിയില്‍ നിറഞ്ഞിരിക്കുന്നു. സമയം ഏറെയായി എന്ന് തോന്നുന്നു.വാച്ചെടുത്തു സമയം നോക്കി. എട്ടര. ഓ, ഇത്രനേരം ഉറങ്ങിയോ!
ഡോര്‍ ബെല്‍ വീണ്ടും.
വേഗം ചെന്ന് വാതില്‍ തുറക്കുമ്പോള്‍ തുറന്ന ചിരിയുമായി അദ്ദേഹം. പിന്നില്‍ നില്ക്കുന്ന റൂം ബോയിയോട് എന്താണ് നേരത്തെ വിളിക്കാത്തത് എന്ന് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ തമിഴ് കലര്‍ന്ന മലയാളത്തില്‍ അവന് പറഞ്ഞു
' കാലയിലെ കൂപ്പിട വേണ്ട, തൂങ്കട്ടും എന്ന് സാറ് ഫോണ്‍ വിളിച്ചു ചൊല്ലിയിരുന്നു. അതിനാലെ താന്‍ കൂപ്പിടല്ലൈ.'
'അടെയ് മുത്തുചാമി, നീ നന്നാ മലയാളം പേശറതേ!' അദ്ദേഹം അവനെ അഭിനന്ദിച്ചു.പറഞ്ഞത് ശുദ്ധമലയാളമാണെന്ന് അവന് വിശ്വസിച്ചു കാണും.ആള്‍ക്കാരെ അപ്പോള്‍ വായില്‍ വരുന്ന പേര് വിളിക്കുന്നത് അദ്ദേഹത്തിന് ഒരു രസമാണ്. പ്രായമായ ചായക്കടക്കാര് എല്ലാവരും അംബ്വേട്ടന് ആണ്. അപൂര്‍വ്വം ചിലര്‍ ഈ വിളികേട്ട് ദേഷ്യംപിടിച്ച രസകരമായ അനുഭവങ്ങളും ഉണ്ടാകാറുണ്ട്.
ചായയുടെ ട്രേ മേശപ്പുറത്തു വച്ച് പയ്യന് പോയി.
'വേഗം ഫ്രഷ് ആയി വാ, ഞാന്‍ ചായ എടുക്കാം.' അദ്ദേഹം ചായ രണ്ട് കപ്പുകളിലേക്ക് പകര്‍ന്നു കൊണ്ട് പറഞ്ഞു.
ചായ കുടിക്കുമ്പോള്‍ മുഖം ഗൌരവമായിരിക്കുന്നത് ശ്രദ്ധിച്ചു.
'പെട്ടന്ന് റെഡി ആകാമെങ്കില്‍ നമുക്ക് ആശുപത്രിയില്‍ പോകാം. അവന് ബോധം തെളിഞ്ഞു.കയ്യില്‍ എട്ട് സ്റ്റിച്ചുണ്ട്.'
വേഗം കുളിച്ച് റെഡിയായി ഇറങ്ങി.കാറില്‍ വച്ച് തന്നെ അവന്റെ കഥ ചുരുക്കി പറഞ്ഞു.
' ഹിന്ദി പ്രണയ സിനിമകളെ വെല്ലുന്ന ലവ് സ്റ്റോറിയാണ് .കൌമാര പ്രായത്തില്‍ തുടങ്ങിയ ഒരു പ്രണയം ഉണ്ടായിരുന്നു മുനീറിന് .അവന് ഇരുപതും പെണ്‍കുട്ടിക്ക് പതിനെട്ടും വയസ്സുള്ളപ്പോള്‍ അവര്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചു വിവാഹിതരായി. ആദ്യത്തെ ആവേശമടങ്ങിയപ്പോഴാണ് എങ്ങനെ ജീവിക്കുമെന്നതിനെപ്പറ്റി രണ്ടുപേരും ഗൌരവമായി ചിന്തിക്കുന്നത്. അങ്ങനെ നാളുകള്‍ക്കു ശേഷം അവന് ഗള്‍ഫിലേക്ക് പോയി. ആദ്യമാദ്യം കത്തുകള്‍ മുറക്ക് വന്നിരുന്നെങ്കിലും ക്രമേണ അവളുടെ കത്തുകള്‍ വരാതെയായി. കാര്യമന്വേഷിച്ചു നാട്ടിലെത്തിയ അവനെ കാണാന്‍ അവള് വിസമ്മതിച്ചു.മുനീറിന് മയക്കു മരുന്ന് ഉപയോഗമുണ്ടെന്നോ മറ്റോ വീട്ടുകാര്‍ പറഞ്ഞ് അവളുടെ മനസ്സ് മാറ്റിയതാണെന്നാണ് അവന് പറയുന്നത്,അവന്റെ കൂടെ ഇനി ജീവിക്കണ്ട എന്ന് അവള് കോടതിയില്‍ പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ അവളുടെ വിവാഹവും കഴിഞ്ഞു.കുറച്ചുകാലം അവളെ കൊല്ലണമെന്ന പ്രതികാരവുമായി നടന്നെങ്കിലും പതുക്കെ അവനും മറ്റൊരു വിവാഹം കഴിച്ചു.അവനെക്കുറിച്ച് അന്ന് അറിഞ്ഞതെല്ലാം തെറ്റായിരുന്നു എന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അവള് അറിഞ്ഞു. രണ്ടുപേരും വീണ്ടും അടുപ്പത്തിലായി.ഇതറിഞ്ഞ മുനീറിന്റെ ഇപ്പോഴത്തെ ഭാര്യ കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി.അവന്റെ കാമുകിയുടെ ഗള്‍ഫിലുള്ള ഭര്‍ത്താവ് അടുത്ത ലീവിന് വന്നാലുടന്‍ അവര്‍ തമ്മില്‍ പിരിയാനും ഇവര്‍ ഒരുമിച്ചു ജീവിക്കാനും തീരുമാനിച്ചിരിക്കുകയായിരുന്നു. ഇത്രയുമാണ് ഇന്നലെ വരെയുള്ള കഥകള്‍.അതിനിടയില്‍ എന്തിനാണ് അവന് ഇന്നലെ ഈ കടും കൈ ചെയ്തത് എന്നറിയില്ല.' അദ്ദേഹം പറഞ്ഞു നിര്‍ത്തി.
ഞാന്‍ ഒരു സിനിമാ കഥ കേട്ടിരിക്കുന്ന ഉദ്വേഗത്തില്‍ കേട്ടിരുന്നു.
കാര്‍ ആശുപത്രിയിലേക്ക് കയറുമ്പോള്‍ ഗെയ്റ്റിനു പുറത്തു നില്ക്കുന്ന നന്നായി വസ്ത്രധാരണം ചെയ്ത പെണ്‍കുട്ടിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു ' അതാണ് അവന്റെ ഇപ്പോഴത്തെ ഭാര്യ.' കാണാന്‍ നല്ല ചന്തമുള്ള ഒരു പെണ്‍കുട്ടി.ദുഖത്തെക്കാള്‍ ഏറെ അവിടെ വന്ന് നില്‍ക്കേണ്ടി വന്നതിന്റെ അസഹിഷ്ണുതയാണ് അവളുടെ മുഖത്ത് നിഴലിച്ചത്.
ആശുപത്രിക്കിടക്കയില്‍ കൈത്തണ്ടയില്‍ അപ്പോഴും രക്തം കിനിക്കുന്ന ബാന്റെജുമായി കിടക്കുന്ന അവന്റെ മുഖം ഞങ്ങളെ കണ്ടപ്പോള്‍ വിവര്‍ണ്ണമായി.കട്ടിലില്‍ അവന്റെ അടുത്തിരുന്ന അദ്ദേഹം വാത്സല്യത്തോടെ തലയില്‍ തഴുകിയപ്പോള്‍ അവന് പൊട്ടിക്കരഞ്ഞു.ഞാനവന്റെ കയ്യില്‍ മൃദുവായി തലോടി.മിണ്ടണ്ട, അവന് കരയട്ടെ എന്ന് അദ്ദേഹം ആംഗ്യം കാട്ടി.
'ഇനി പറയ്,എന്തിനാണ് നീ ഈ കടും കൈ ചെയ്തത്? മരിക്കാന്‍ വേണ്ടിയോ അതോ ആരെയെങ്കിലും പേടിപ്പിക്കാന്‍ വേണ്ടിയോ?' അവന്റെ കരച്ചില് അടങ്ങിയപ്പോള്‍ അദ്ദേഹം ചോദിച്ചു.
ആ ചോദ്യം കേട്ട് അവന് ചിരിച്ചു. എന്നിട്ട് പറഞ്ഞു ' ഞാന്‍ ശെരിക്കും ചാവാന്‍ വേണ്ടി തന്നെ ചെയ്തതാ.അന്ന് ഓള്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ഇണ്ടായിരുന്നീന് .അന്ന് ഓള് ജട്ജീന്റെ മുന്നില്‍ വച്ച് എന്റെ ഒപ്പരം പോരണ്ടാന്നു പറഞ്ഞീന് .ഇന്ന് ഓള്ക്ക് വേറെ കെട്ട്യോനും കുട്ട്യോളും ഇണ്ട്. ഓള് ഇനീം എന്റെ ഒപ്പരം വരൂല്ലാന്നു എനക്ക് തോന്നി. ഇന്നലെ കടപ്പുറത്ത് നിന്ന് ങ്ങള് രണ്ടാളും കടലിന്റെം പൊഴേടേം പ്രേമത്തെ കുറിച്ചു പറേണ കേട്ടപ്പോ,ങ്ങളെ രണ്ടാളേം കണ്ടപ്പോ മൊതല് തൊടങ്ങീതാ എന്റെ ഉള്ളില്‍ ഒരു ഇത്.ഇനി ജീവിക്കണെങ്കി ഓള്‍ടെ കൂടെ, ഇല്ലെങ്കി ഇതങ്ങു തീര്‍ത്തേക്കാം എന്ന് തോന്നി.' കണ്ണീരിനിടയില്‍ക്കൂടി മുനീര്‍ ചിരിച്ചു. ഇപ്പോള്‍ ഞങ്ങള്‍ക്കാണ് പരസ്പരം നോക്കാന്‍ ആവാത്തത്.
'എന്റെ മോനെ, നീ കാണിക്കുന്ന ധൈര്യം എനിക്ക് കാണിക്കാന്‍ കഴിയുന്നില്ലല്ലോ എന്നാണ് എന്റെ ദുഃഖം' എന്റെ നേരെ നോക്കാതെ,പകുതി മുനീറിനോടും പകുതി ആത്മഗതവുമായി അദ്ദേഹം പതുക്കെ പറഞ്ഞു.
'ശ്ശൊ, രാവിലത്തെ തിരക്കില്‍ അഴിമുഖം നോക്കാന്‍ മറന്നു .ആ കള്ളക്കാമുകര് ഇപ്പോഴും ഒന്നിച്ചാണോ, അതോ പകല്‍ വെളിച്ചത്തില്‍ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടില്‍ നല്ല കുട്ടികളായി തിട്ടിന് ഇരുവശത്തും കഴിയുകയാണോ ആവോ!' വിഷയം മാറ്റാനായി ഞാന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു പറഞ്ഞു.

അവര്‍ രണ്ടുപേരും എന്റെ ചിരിയില്‍ പങ്കുചേര്‍ന്നില്ല.
..........................................................
6. തക്കുടു (കഥ)
അവന്റെ വരവോടെ ഞങ്ങളുടെ വീടുണര്‍ന്നു.
അവന്റെ കരച്ചിലും കുസൃതികളും-വീടാകെ ബഹളമയമായി .
എന്റെ ദിനര്യകളാകെ തെറ്റി.
രാവിലെ ഉണര്‍ന്നെണീറ്റാല്‍ അവന്റെ പാല് റെഡി യാക്കലായി എന്റെ ആദ്യ പണി. അതു തിളപ്പിച്ചാറ്റി കൊടുക്കുന്നതുവരെ അവന് സ്വൈര്യം തരില്ല. പാലെങ്ങാന്‍ വരാന്‍ വൈകിയാല്‍ അന്നവന് വീട് കമഴ്ത്തി വയ്ക്കും.
എന്റെ പതിവുള്ള നടത്തവും മെ ഡി റ്റെഷനും എല്ലാം നിന്നു.
തക്കുടു ഉറങ്ങുന്നതും ഉണരുന്നതും അവന്റെ ഭക്ഷണ സമയവും അനുസരിച്ച് ഞാനെന്റെ മറ്റെല്ലാ കാര്യങ്ങളും ചാര്‍ട്ട് ചെയ്തു.
ഓഫീസിലെത്തിയാലും മനസ്സു വീട്ടില്‍ തന്നെ. ഉച്ചയൂണിന് വീട്ടിലെത്തുന്നതിനു മുമ്പ് പലതവണ വീട്ടിലേക്കു ഫോണ്‍ ചെയ്ത് തക്കുടൂനു പാലുകൊടുത്തോ, കുളിപ്പിച്ചോ, സെറിലാക്ക് കൊടുത്തോ എന്നെല്ലാം പാറൂനെ വിളിച്ച ന്വേഷിക്കും. എന്നാലും നേരിട്ടു വന്ന് അവനെ കാണുന്നതുവരെ എനിക്കൊരു സ്വസ്ഥതയും ഉണ്ടാവില്ല. എന്റെ വേവലാതി കണ്ട് പാറു കളിയാക്കി ചിരിക്കും.
തക്കുടൂന്റെ വരവ് അദ്ദേഹത്തിനും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി. പഴയ മുന്ശുണ്ടി എല്ലാം മാറി. പരസ്യമായി അവനെ അധികം ലാളിക്കാറി ല്ലെങ്കിലും മറ്റാരും അടുത്തില്ലെന്ന് കണ്ടാല്‍ അദ്ദേഹം അവനെ കൊഞ്ചിക്കുന്നതും കളിപ്പിക്കുന്നതും ഞാന്‍ മറഞ്ഞുനിന്ന് ആസ്വദിക്കാറുണ്ട് . ഞാന്‍ കണ്ടു എന്ന് മനസ്സിലായാല്‍ 'ഇവന് വന്നതോടെ നിനക്കെന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലാ തെയായി'എന്ന് ഇല്ലാപ്പിണക്കം നടിക്കും. അവനുവേണ്ടി പ്രത്യേക സോപ്പും ബിസ്ക്കറ്റും വാങ്ങുനത്തില്‍ എന്നെക്കാള്‍ ശ്രദ്ധ അദ്ദേഹത്തിനായി.ഓഫീസ്സില്‍ നിന്നു വരുമ്പോള്‍ അദ്ദേഹത്തിന്റെ ബാഗില്‍ തക്കുടൂനു വേണ്ടി എന്തെങ്കിലും, കളിപ്പാട്ടമോ പുതിയ ഇനം ബിസ്ക്കറ്റോ ,അങ്ങനെ എന്തെങ്കിലും പതിവായി.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലമായിരുന്നു അത്.
തക്കുടു ഓടിനടക്കാന്‍ തുടങ്ങിയതോടെ എന്റെ വേവലാതി കൂടി. വീട്ടില്‍ സാധനങ്ങളൊന്നും നിലത്തു വയ്ക്കാന്‍ വയ്യാതെയായി. എല്ലാം അവന് തട്ടിമറി ക്കും.
ഞങ്ങള്‍ ഓഫീസില്‍നിന്നു വരുന്നതും കാത്ത് അവന് വാതില്ക്കല് തന്നെയുണ്ടാവും. ഞങ്ങളെ ദൂരെ കാണുമ്പോഴേ വഴിയിലേക്ക് ഓടിയിറങ്ങാന്‍ ബഹളം തുടങ്ങും. അവനെ അടക്കി നിര്‍ത്താന്‍ പാറു നന്നായി ബുദ്ധിമുട്ടേണ്ടി വരും.
ഞങ്ങളുടെ വീട് മെയിന്‍ റോഡിനോട് വളരെ ചേര്‍ന്നാണ്. അതുകൊണ്ടു തന്നെ ഓഫീസ്സില്‍ ഇരിക്കുമ്പോള്‍ എനിക്കൊരു സമാധാനവും ഉണ്ടാവില്ല. പാറൂന്റെ കണ്ണുവെട്ടിച്ച് എന്റെ തക്കുടുവെങ്ങാന്‍ റോഡില്‍ ഇറങ്ങുമോ....
* * * * * * *
ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ ആര്‍ക്കും ചിരിയില്ല. പരസ്പരം സംസാരിക്കുന്നത് പോലും അത്യാവശ്യങ്ങള്‍ക്ക് മാത്രം.
കഴിഞ്ഞ വെള്ളിയാഴ്ച അതു സംഭവിച്ചു. പാറൂന്റെ കണ്ണുവെട്ടിച്ച് അവന് റോഡില്‍ ഇറങ്ങി...
പിന്നീട് ഇതുവരെ ഞങ്ങള്‍ക്കവനെ കാണാന്‍ കഴിഞ്ഞിട്ടില്ല ഇനി അന്വേഷിക്കാന്‍ ഒരിടമില്ല. വണ്ടിയില്‍ വന്ന ആരോ അവനെ പിടിച്ചുകൊണ്ടു പോയി എന്നാണ് എല്ലാവരും പറയുന്നത്.
എനിക്കിപ്പോള്‍ ഒറ്റ പ്രാര്‍ഥനയെ ഉള്ളൂ. എന്റെ തക്കുടൂനെ കൊണ്ടുപോയത് ആരായാലും അവനെ നന്നായി വളര്‍ത്തിയാല്‍ മതിയായിരുന്നു...അവനെ ആരും ചങ്ങലയില്‍ കെട്ടിയിടാതിരുന്നാല്‍ മതിയായിരുന്നു. കൂട്ടിനകത്ത് അടച്ചിടാതിരുന്നാല്‍ മതിയായിരുന്നു. ഒരു തെണ്ടിപ്പട്ടിയായി അവന് ഒരിക്കലും തെരുവില്‍ അലഞ്ഞുനടക്കാന്‍ ഇടവരല്ലെ ഈശ്വരാ...
................................................................................................
ഓര്‍മ്മവച്ചനാള്‍ മുതല്‍ കാവിലെ പൂരം ജീവിതത്തിന്റെ ഭാഗമായി മാറീതാണ്. തീരെ കുട്ടിയായിരുപ്പോഴത്തെ ഓര്‍മ്മകളിലൊന്ന് അച്ഛന്റെ തോളിലിരുന്ന് പൂരത്തിന് പോകാറുള്ളതാണ്. ആദ്യമായി ബലൂണ്‍ കണ്ടത് അന്നാണ്. മുളകൊണ്ടുള്ള വലിയ സ്റ്റാന്‍്റില്‍ പല നിറത്തിലും ആകൃതിയിലുമുള്ള ഒരുപാട് ബലൂണുകളുമായി കറുത്ത കണ്ണടവച്ച്, പീപ്പി ഊതിക്കൊണ്ട് പൂരപ്പറമ്പില്‍ നിന്ന ബലൂണ്കാരനെ ഒരുപാടാരാധനയോടെയാണ് അന്ന് കണ്ടത്. വലുതാവുമ്പോള്‍ ഒരു ബലൂണ്‍കാരനാവണമെന്ന് അന്ന് തീര്‍ച്ചപ്പെടുത്തി. വലുതായിട്ടും ഒരുപാടുകാലം ' അപ്പൂ, നിനക്ക് ബലൂണ്‍ കാരനാവണ്ടേ' എന്ന് അമ്മേം ചിറ്റമാരുമൊക്കെ കളിയാക്കാറുണ്ട്.
കശുവണ്ടി നാട്ടുകാര്‍ കൊണ്ടുപോകാതെ പറിച്ച്, ഉണക്കി വില്‍ക്കുതിനായി അമ്മ ഒടുവിലൊരു സൂത്രം കണ്ടു പിടിച്ചു. കള്ളന്മാര് കൊണ്ടുപോകാതെ കശുവണ്ടി പറിച്ചുണക്കി വിറ്റാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വിറ്റുകിട്ടുന്ന പണത്തിന്റെ പത്തു ശതമാനം തരാമെന്ന് അമ്മ പറഞ്ഞു(അന്ന് ഞങ്ങള്‍ക്ക് ശതമാനക്കണക്കൊന്നും അറിയില്ലായിരുന്നു. ഒരുരൂപ കിട്ടിയാല്‍ പത്തുപൈസ നിങ്ങള്‍ എടുത്തോളൂ എന്നാണ് അമ്മ ഞങ്ങളുമായി കരാറുണ്ടാക്കിയത്. അന്ന് അമ്മയില്‍ നിന്നാണ് ബിസിനസിന്റെ ആദ്യപാഠം പഠിച്ചതും). അമ്മേടെ ആ തന്ത്രം വിജയിച്ചു. രാവിലെ എത്രവിളിച്ചാലും എണീക്കാത്ത ഞാന്‍ അതിരാവിലെ കുട്ടയും തോട്ടിയുമായി തോട്ടത്തിലേക്ക് വച്ചുപിടിക്കാന്‍ തുടങ്ങി. അവിടെത്തുമ്പോഴേക്കും ജോസഫ് കശുമാവിന്‍്റെ മുകളില്‍ ഹാജരുണ്ടാവും. കിട്ടാന്‍പോകുന്ന പ്രതിഫലമോര്‍ക്കുമ്പോള്‍ നിശറുകടിയുടെ(പുളിയുറുമ്പിന്‍്റെ) നീറ്റലും
കശുമാവിന് ചോട്ടിലെ കൊതുകുകടിയുമൊക്കെ ഞങ്ങള്‍ മറക്കും. അമ്മ ഒരിക്കലും
വാക്കുപാലിക്കാതിരുന്നില്ല . അങ്ങനെ, പൂരമാവുമ്പഴേക്കും ഞങ്ങളുടെ കയ്യില്‍
നല്ലൊരു തുക സമ്പാദ്യമുണ്ടാവും.
സീറ്റ് ബെല്‍റ്റുകള്‍ മുറുക്കാനുള്ള എയര്‍ഹോസ്റ്റസിന്റെ അറിയിപ്പാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്.
7.
പൂരം - കഥ
ഇരുപത്തഞ്ചു
വര്‍ഷങ്ങള്‍ക്കു ശേഷാണ് പൂരത്തിനു നാട്ടിലെത്തുന്നത്. ഈ വര്‍ഷം എന്തായാലും പൂരം
കൂടണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. മാസങ്ങള്‍ക്കുമുമ്പേ തുടങ്ങി
തയ്യാറെടുപ്പുകള്‍ . ഇല്ലെങ്കില്‍ എല്ലാവര്‍ഷത്തേയും പോലെ അവസാന നിമിഷം
അപ്രതീക്ഷിതമായി ഒഴിച്ചുകൂടാന്‍ വയ്യാത്ത എന്തെങ്കിലും അത്യാവശ്യം കയറി
വരും. പോക്കു മാറ്റിവക്കേണ്ടി വരും.
എല്ലാ വര്‍ഷവും ഒരുമാസം മുമ്പ് വീട്ടില്‍ പ്രഖ്യാപിക്കും
'ഈ വര്‍ഷം നമ്മള് എന്തായാലും പൂരത്തിന് നാട്ടില്‍ പോകും.'
പിന്നീടുള്ള ദിവസങ്ങളില്‍ ഏതു വിഷയം സംസാരിച്ചാലും അവസാനം ചെന്നെത്തുക കുട്ടിക്കാലത്തെ പൂരത്തിന്‍്റെ വിശേഷങ്ങളിലാവും. രമയും കുട്ടികളും ഇതുവരെ പൂരം കൂടിയിട്ടേയില്ല. പക്ഷേ നാട്ടിലുള്ളവരേക്കാളേറെ പൂരവിശേഷങ്ങള്‍ അവര്‍ക്കറിയാം.

കഴിഞ്ഞവര്‍ഷവും പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ രമയുടെ നിരാശ ദേഷ്യമായി മാറി. അവള് അന്ത്യശാസനം തന്നു
'
മേലില്‍ പൂരത്തെപ്പറ്റി ഒരക്ഷരം പോലും ഇവിടെ മിണ്ടരുത്. കല്യാണം കഴിഞ്ഞ്
വന്ന അന്നു മുതല്‍ കേള്ക്കണതാ ഒരു പൂരവിശേഷം. മനുഷ്യരേങ്ങനെ
മോഹിപ്പിക്ക്യല്ലാതെ
ഒരു തവണേങ്കിലും ഒന്നു കൊണ്ടോയിട്ടാണെങ്കില്‍ വേണ്ടില്ല. വെറ്തേന്തിനാ ഈ
കുട്ട്യോളേക്കൂടി ങ്ങനെ മോഹിപ്പിക്കണേ? '
അവള് പറയണതിലും കാര്യമുണ്ട്. വിവാഹം കഴിഞ്ഞിട്ട് പതിനാറു വര്‍ഷം
കഴിഞ്ഞു. അന്നുമുതല്‍ എല്ലാക്കൊല്ലവും കേള്‍ക്കുന്നതാണീ പൂരവിശേഷം. ഇക്കൊല്ലം
എന്തായാലും നമ്മള് പോകും എന്ന ഉറപ്പും എല്ലാ വര്‍ഷവും തെറ്റാതെ
ആവര്‍ത്തിക്കുന്നുണ്ട്.
'അമ്മേന്തിനാ അച്ഛനോട് ദേഷ്യപ്പെടണേ? അച്ഛനാഗ്രഹോല്ലാഞ്ഞിട്ടല്ലല്ലോ ,
പറ്റാഞ്ഞിട്ടല്ലേ ?. നമ്മളേക്കാളെത്ര്യധികം ആഗ്രഹോണ്ടാവും അച്ഛന്.' മകള്‍
രക്ഷക്കെത്തിയതുകൊണ്ട് രംഗം തത്ക്കാലത്തേക്ക് ശാന്തമായി.
അന്നു തീര്‍ച്ചപ്പെടുത്തീതാണ്,എന്തുതന്നെ വന്നാലും അടുത്ത പൂരത്തിന് നാട്ടിലുണ്ടാവണം.
ഓര്‍മ്മവച്ചനാള്‍ മുതല്‍ കാവിലെ പൂരം ജീവിതത്തിന്റെ ഭാഗമായി മാറീതാണ്. തീരെ കുട്ടിയായിരുപ്പോഴത്തെ ഓര്‍മ്മകളിലൊന്ന് അച്ഛന്റെ തോളിലിരുന്ന് പൂരത്തിന് പോകാറുള്ളതാണ്. ആദ്യമായി ബലൂണ്‍ കണ്ടത് അന്നാണ്. മുളകൊണ്ടുള്ള വലിയ സ്റ്റാന്‍്റില്‍ പല നിറത്തിലും ആകൃതിയിലുമുള്ള ഒരുപാട് ബലൂണുകളുമായി കറുത്ത കണ്ണടവച്ച്, പീപ്പി ഊതിക്കൊണ്ട് പൂരപ്പറമ്പില്‍ നിന്ന ബലൂണ്കാരനെ ഒരുപാടാരാധനയോടെയാണ് അന്ന് കണ്ടത്. വലുതാവുമ്പോള്‍ ഒരു ബലൂണ്‍കാരനാവണമെന്ന് അന്ന് തീര്‍ച്ചപ്പെടുത്തി. വലുതായിട്ടും ഒരുപാടുകാലം ' അപ്പൂ, നിനക്ക് ബലൂണ്‍ കാരനാവണ്ടേ' എന്ന് അമ്മേം ചിറ്റമാരുമൊക്കെ കളിയാക്കാറുണ്ട്.
സ്ക്കൂളില്‍ പോയിതുടങ്ങിയശേഷമാണ് പൂരം മുഴുവനായി ആഘോഷിക്കാന്‍
തുടങ്ങിയത്. മിക്കവാറും പരീക്ഷ കഴിഞ്ഞ് സ്ക്കൂള് അടച്ച ഉടനെയാവും പൂരം.
ഇന്നത്തെപ്പോലെ കുട്ടികളെ ഒറ്റക്ക് എങ്ങോടും വിടില്ല എന്നൊന്നും അന്നില്ല.
സ്ക്കൂളിലേക്ക് പോകുന്നതും വരുന്നതും കൂട്ടുകാരോടൊപ്പം നടന്നാണ്. രണ്ടാംക്ളാസില്‍
പഠിക്കുമ്പോള്‍ മുതല്‍ അഷ്റഫും ജോസഫുമൊത്ത് പകല്‍ സമയത്ത്
പൂരപ്പറമ്പില്‍ കറങ്ങിനടന്ന് കാഴ്ചകള്‍ കാണാറുണ്ട്.
അക്കാലത്ത് ഇന്ന് റബര്‍ നില്ക്കുന്ന തോട്ടത്തിന്റെ പകുതിഭാഗം
കശുമാവായിരുന്നു . കശുവണ്ടിക്ക് നല്ല വിലയും. മാങ്ങപഴുത്ത് അണ്ടി ഉണങ്ങാന്‍
തുടങ്ങുമ്പോള്‍ തന്നെ പറിച്ചെടുത്തില്ലെങ്കില്‍ മറ്റുള്ളവര്‍
പറിച്ചോണ്ടുപോവും. കിഴക്കുള്ള കുറേ ചോത്തിമാരുണ്ടായിരുന്നു . അവര്‍ക്ക്
അമ്മേടെ ഉച്ചയുറക്കത്തിന്റെ സമയം നന്നായറിയാം. ആ സമയത്തവര് പറമ്പില്‍ കയറി
വിറകൊടിക്കും, കശുവണ്ടി പറിക്കും, മാങ്ങ പറിക്കും. ശബ്ദം കേട്ട് അമ്മ
കുന്നു കയറി ചെല്ലുമ്പോഴേക്കും അമ്മയെ കളിയാക്കിചിരിച്ചുകൊണ്ട് അവരോടും.
ഒരിക്കലൊരു സംഭവമുണ്ടായി. കൊയ്ത്തുകഴിഞ്ഞ് മുറ്റം നിറയെ
കറ്റകളടുക്കിയിട്ടുണ്ട്. ഒരുഭാഗത്ത് കുറച്ചുപേര്‍ മെതിക്കുന്നു . അപ്പോഴാണ്
തോട്ടത്തില്‍ വിറകൊടിക്കുന്ന ശബ്ദം കേട്ടത്.
'ആ ചോത്ത്യോള് തോട്ടത്തിക്കേറി അതിക്രമം കാണിക്കണ് ണ്ടല്ലോ !
റബറിന്റെ പച്ചക്കൊമ്പൊക്കെ ഒടിച്ചു നശിപ്പിക്കും. കശുവണ്ടി മുഴ്വോനും
കട്ടോണ്ടോവും. തമ്പ്രാട്ട്യേ അവര്‍ക്ക് പേടീല്ലാ. ന്നാലും മ്മള് ഇത്രേം
ആണ്ങ്ങളിവ്ടെ ള്ളപ്പളെങ്കിലും അവര്‍ക്കൊരു പേടി വേണ്ടേ! ഇത്ങ്ങനെ
വിട്ടാ പ്പറ്റില്ലല്ലോ .' കളത്തില്‍ മേല്‍നോട്ടം നടത്തുന്ന കുട്ട്യാപ്ളേടേം കൂട്ടരുടേം
പൗരുഷം സടകുടഞ്ഞെണീറ്റു. അവര്‍ ഒരു സംഘമായി തോട്ടത്തിലേക്ക് ചെന്നു.
പിന്നാലെ
ജോസഫും ഓമനക്കുട്ടനും ഞാനും ഉള്‍പ്പെടെയുള്ള കുട്ടിപ്പടയും. ഞങ്ങള്‍
പാതിവഴിയത്തെത്തിയപ്പോഴേക്കും വലിയ ആവേശത്തില്‍ മുന്നില്‍ പോയവര്‍ അതേ
വേഗത്തില്‍ താഴേക്കു വരുന്നു !
' കുട്ട്യോള് അങ്ങോട്ടു പോണ്ട. അവറ്റകളോട് പെരുമാറാന്‍ കൊള്ളില്ല.' കുട്ട്യാപ്ല ദേഷ്യത്തില്‍ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് പിന്നീട് ജോസഫ് പറഞ്ഞാണറിഞ്ഞത്. പാഞ്ഞടുക്കുന്ന ആണ്‍പടയെ കണ്ടതും ചോത്തികള് ഉടുമുണ്ട് ഉരിഞ്ഞ് അവിടെ നിന്നത്രേ! ചെന്ന വേഗത്തില്‍ മടങ്ങുന്നവരെക്കണ്ട് അവര്‍ പിന്നില്‍ നിന്ന് കൈകൊട്ടി ചിരിച്ചു.

കശുവണ്ടി നാട്ടുകാര്‍ കൊണ്ടുപോകാതെ പറിച്ച്, ഉണക്കി വില്‍ക്കുതിനായി അമ്മ ഒടുവിലൊരു സൂത്രം കണ്ടു പിടിച്ചു. കള്ളന്മാര് കൊണ്ടുപോകാതെ കശുവണ്ടി പറിച്ചുണക്കി വിറ്റാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് വിറ്റുകിട്ടുന്ന പണത്തിന്റെ പത്തു ശതമാനം തരാമെന്ന് അമ്മ പറഞ്ഞു(അന്ന് ഞങ്ങള്‍ക്ക് ശതമാനക്കണക്കൊന്നും അറിയില്ലായിരുന്നു. ഒരുരൂപ കിട്ടിയാല്‍ പത്തുപൈസ നിങ്ങള്‍ എടുത്തോളൂ എന്നാണ് അമ്മ ഞങ്ങളുമായി കരാറുണ്ടാക്കിയത്. അന്ന് അമ്മയില്‍ നിന്നാണ് ബിസിനസിന്റെ ആദ്യപാഠം പഠിച്ചതും). അമ്മേടെ ആ തന്ത്രം വിജയിച്ചു. രാവിലെ എത്രവിളിച്ചാലും എണീക്കാത്ത ഞാന്‍ അതിരാവിലെ കുട്ടയും തോട്ടിയുമായി തോട്ടത്തിലേക്ക് വച്ചുപിടിക്കാന്‍ തുടങ്ങി. അവിടെത്തുമ്പോഴേക്കും ജോസഫ് കശുമാവിന്‍്റെ മുകളില്‍ ഹാജരുണ്ടാവും. കിട്ടാന്‍പോകുന്ന പ്രതിഫലമോര്‍ക്കുമ്പോള്‍ നിശറുകടിയുടെ(പുളിയുറുമ്പിന്്
ആദ്യമായി മരണക്കിണര്‍ കണ്ടതും സൈക്കിള്‍ യജ്ഞം കണ്ടതും ഒരു
പൂരത്തിനാണ്. ഏഴാംക്ളാസിലെ പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസാണ് പൂരം
തുടങ്ങീത്. അതിനു മുമ്പിലത്തെ വര്‍ഷം പൂരം കഴിഞ്ഞയുടനെയായിരുന്നു
കൊല്ലപ്പരീക്ഷ. അതുകൊണ്ട് നല്ലോണം ആഘോഷിക്കാനായില്ല. പരീക്ഷ
കഴിഞ്ഞസ്ഥിതിക്ക് ഈ വര്‍ഷം പൂരം പൊടിപൊടിക്കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.
സ്ക്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ക്ക് അവസാന ദിവസം ആറാം
ക്ളാസിലെ കുട്ടികളുടെ വക യാത്രയയപ്പു സല്‍ക്കാരമുണ്ടായിരുന്നു . എല്ലാവരും ചേർന്ന്
ഫോട്ടോയെടുത്തു. പിരിയുമ്പോള്‍ വല്ലാത്ത വിങ്ങല്‍ . പരസ്പരം
യാത്രപറയുമ്പോള്‍ പലരുടേയും കണ്ണുകള്‍ കലങ്ങി.അടുത്ത വര്‍ഷം വേറേ
സ്ക്കൂളിലാണ് പഠിക്കേണ്ടത്. ആരെല്ലാം ഒരുമിച്ചുണ്ടാകുമെന്നറിയില്ല.
ഏറ്റവുമധികം സങ്കടപ്പെട്ടുകണ്ടത് അഷ്റഫിനെയാണ്. പിറ്റേ ദിവസം പൂരപ്പറമ്പില്‍
വച്ചാണ് അവന് ഞങ്ങളോട് അവന്റെ പ്രണയകഥ പറഞ്ഞത്. അതുവരെ പുസ്തകങ്ങളിലും
സിനിമകളിലും മാത്രേ പ്രേമകഥകള്‍ കേട്ടിരുന്നുള്ളൂ. ആദ്യമായാണ് ഒരു പ്രേമിയെ
നേരിട്ടുകാണുത്. ക്ലാസിലെ മിണ്ടാപ്പൂച്ച എന്നറിയപ്പെട്ടിരുന്ന രേണു സി നായരാണ് കഥയിലെ
നായിക. ഇനി അവളെ എങ്ങനെയാണ് കാണാന്‍ പറ്റുകയെന്നറിയില്ല എന്നു പറയുമ്പോള്‍
അവനന്റെ ശബ്ദം ഇടറി. അവന് പെട്ടെന്ന് ഞങ്ങളുടെ ഇടയില്‍ ഒരു വീരപരിവേഷം വന്നു .
പൂരപ്പറമ്പില്‍ നിന്ന് അവള്‍ക്കുവേണ്ടി പച്ചക്കുപ്പിവളകളും കമ്മലും
കല്ലുമാലയും വാങ്ങാന്‍ അഷ്റഫിനു പണംകൊടുക്കുമ്പോള്‍ അങ്ങനെയെങ്കിലും ആ
പ്രണയകഥയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമായിരുന്നു .
പിറ്റേന്ന് തന്റെ പുതിയ സൈക്കിളില്‍ അഷ്റഫിനേയും പിന്നിലിരുത്തി മൂന്നാലു
കിലോമീറ്റര്‍ ദൂരെയുള്ള രേണൂന്റെ വീടിനടുത്തുപോയതും അവളെക്കാണാനാവാതെ
തിരിച്ചുപോന്നതും ഇന്നലത്തെപോലെയോര്ക്കുന്നു . പിന്നീട് എട്ടാം ക്ളാസില്‍ തന്റെ
സ്ക്കൂളിലാണ് രേണൂം ചേര്‍ന്നതെന്നറിഞ്ഞപ്പോള്‍ അഷ്റഫ് ഏറെ സന്തോഷിച്ചു.
മൂന്നാലുമാസങ്ങള്‍ക്കുശേഷം പുതിയ സ്ക്കൂളിലെ സ്പോര്‍ട്സ് ചാമ്പ്യന്‍
ഏണസ്റ്റുമായി രേണു പ്രണയത്തിലാണെന്ന കാര്യം പഠിക്കാന്‍ മിടുക്കനായിരുന്നിട്ടും
ഏഴാംക്ളാസോടുകൂടി പഠനം ഉപേക്ഷിച്ച് മാമേടെകൂടെ ബോംബേക്ക് പോകേണ്ടിവന്ന
അഷ്റഫ് ഇടക്കു ഫോണ്‍ ചെയ്തപ്പോള്‍ എന്തുകൊണ്ടോ താന്‍ ഒളിച്ചുവച്ചു.
അവന് പിന്നീട് ദുബയ് പോയെന്നും സ്വന്തം പ്രയത്നത്താല്‍ പഠിച്ച്
നല്ലനിലയിലായെന്നും വര്‍ഷങ്ങള്‍ക്കുശേഷം അറിഞ്ഞു. പിന്നീട് പലവട്ടം തമ്മില്‍
കണ്ടിട്ടും പഴയ പ്രണയകഥയെക്കുറിച്ച് പരസ്പരം പറഞ്ഞില്ല.
ഇപ്പോള്‍
സിറിയയിലാണ് അഷ്റഫ്. ജോസഫ് അയര്‍ലന്റിലും. കഴിഞ്ഞ കുറേ മാസങ്ങളുടെ
ശ്രമഫലമായി മൂന്നുപേര്‍ക്കും പൂരക്കാലത്ത് ഒരുമിച്ച് അവധികിട്ടിയിട്ടുണ്ട്
. ഈ
വര്‍ഷം എന്തായാലും ആ പഴയകാലങ്ങളൊക്കെ ഒന്നൂടി ആവര്‍ത്തിക്കണം. കശുവണ്ടി
പെറുക്കാന്‍ തോട്ടത്തില്‍ കശുമാവുകളില്ല, വിറ്റുകിട്ടുന്ന പണത്തില്‍
നിന്ന് പത്തുശതമാനം കമ്മീഷന് തരാന്‍ അമ്മയുമില്ല. പക്ഷേ മൂന്നുപേര്‍ക്കും
പണത്തിന്
യാതൊരു പഞ്ഞവുമില്ല. ഇന്റര്‍നെറ്റിലൂടെ ഇടക്കിടെ പതിവുള്ള
ചാറ്റിനിടയില്‍ അഷ്റഫ് തയൊണ് ഈ പൂരക്കാലത്ത് പഴയകാലത്തിന്റെ ഒരു
തനിയാവര്‍ത്തനം എന്ന ആശയം മുന്നോട്ടുവച്ചത്. കേട്ടപ്പോള്‍ ജോസഫിനും
ഉത്സാഹം.
നാലുദിവസവും രാത്രിമുഴുവന്‍ പൂരപ്പറമ്പില്‍ തന്നെ തങ്ങണം, മരണക്കിണറും
സൈക്കിള്‍ യജ്ഞവുമൊക്കെ കാണണം... അഷ്റഫിന് ആവേശം
അടക്കാനാവുന്നുണ്ടായിരുന്നില്ല.
പഴയ സൈക്കിള്‍ വീട്ടിലിപ്പോഴുമുണ്ടോ എന്നവന് ചോദിച്ചപ്പോള്‍
എന്താണവന്റെ മനസ്സിലെന്നൂഹിച്ചു. അവന്റെ പ്രേമകഥ ഞങ്ങളോട് ആദ്യമായി
പറഞ്ഞ
അതേ പൂരപ്പറമ്പിലെ ആല്‍ത്തറയിലിരുന്നുതന്നെ ഈ പൂരത്തിന് രേണു -ഏണസ്റ്റ്
പ്രണയകഥ
അവനോട് പറയണം. ഇപ്പോളതെല്ലാം ഒരു തമാശയായേ തോന്നൂ . .
സീറ്റ് ബെല്‍റ്റുകള്‍ മുറുക്കാനുള്ള എയര്‍ഹോസ്റ്റസിന്റെ അറിയിപ്പാണ് ചിന്തകളില്‍ നിന്നുണര്‍ത്തിയത്.
'പൂരപ്പറമ്പിലായിരുന്നൂല്ലേ ഇത്രനേരം? രസച്ചരട് മുറിഞ്ഞ്വോ? ' രമയുടെ നേരെ നോക്കിയപ്പോള്‍ അവള് കളിയാക്കി.
നാലുവര്‍ഷം കഴിഞ്ഞു നാട്ടിൽ വന്നു പോയിട്ട് . അച്ഛനും അമ്മയും പോയതോടെ എല്ലാവര്‍ഷവും ഉള്ള വരവൊക്കെ നിന്നു .
'
ലാന്റു ചെയ്തൂല്ലേ ? ഞങ്ങള്‍ പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട്.' ഫോണ്‍
സ്വിച്ചോണ്‍ ചെയ്തപ്പോള്‍ തന്നെ ജോസഫിന്റെ ഫോണ്‍ . അവരുടെ ഫ്ളൈറ്റ് എത്തീട്ട്
ഒരുമണിക്കൂര്‍ കഴിഞ്ഞുകാണും.
' മറ്റവന്റെ ഫ്ളൈറ്റ് ലേറ്റാ. വണ്ടി എത്തീട്ടുണ്ട്.'
' മറ്റവന്റെ ഫ്ളൈറ്റ് ലേറ്റാ. വണ്ടി എത്തീട്ടുണ്ട്.'
ഒരേ ദിവസം മൂന്നുപേര്‍ക്കും എത്താനാവും എന്നറിഞ്ഞപ്പോള്‍
തന്നെ തീരുമാനിച്ചതാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഒരുമിച്ച് പോകാമെന്ന് .
മൂന്നുപേരും
കുടുംബസമേതമാണ്. ഒരുവണ്ടിയില്‍ എല്ലാരുംകൂടി പോകുന്നത്
ബുദ്ധിമുട്ടാവില്ലേന്നു
താന്‍ സംശയം പറഞ്ഞപ്പോള്‍ അഷ്റഫ് തീര്‍ത്തു പറഞ്ഞു അതുമതിയെന്ന് .
അവന്റെ അനിയന് റാഫി നാട്ടിൽ ട്രാവലേജന്‍സി നടത്തുകയാണിപ്പോള്‍ . ആറേഴു
വണ്ടികള്‍
സ്വന്തമായുണ്ട്. ഏതുതരം വണ്ടിവേണമെങ്കിലും കൊണ്ടുവന്നോളും.
' പിന്നെ , ന്തൊക്ക്യാ ങ്ങടെ പരിപാടി?'
രണ്ടുമണിക്കൂറുകള്‍ക്കു
ശേഷം പരസ്പരമുള്ള കെട്ടിപ്പിടിത്തങ്ങള്‍ക്കും
കുശലപ്രശ്നങ്ങള്‍ക്കുമൊടുവില്‍ എല്ലാരും വണ്ടിയില്‍ക്കയറി, യാത്ര
തുടങ്ങിയപ്പോള്‍ റാഫി ചോദിച്ചു.
' ഇതെന്താ റാഫീ, നിന്റെ വേഷോം ഭാഷേക്കെ മാറീല്ലോ ! നീ പ്പോ ഒരു
തനി മാപ്ലയായിട്ട്ണ്ടല്ലോ ?' അവനെക്കണ്ടപ്പോള്‍ മുതല്‍ തോന്നീതാ ഒരു
പന്തികേട്. മൂത്താപ്പാനെ കൂട്ടാനായി അവന്റെ കൂടെ വന്ന ചെറിയ മോളുടെ തലയില്‍
തട്ടം . അവനാണെങ്കില്‍ ഇടത്തോട്ട് മുണ്ടുടുത്തിരിക്കുന്നു . പോരാത്തതിന് തലയിലൊരു
പച്ചത്തൊപ്പീം! ഇതൊന്നും നാട്ടില്‍ പണ്ടു പതിവില്ലാത്തതാണ്. ഇപ്പോ ദാ,
ഭാഷയിലും മാറ്റം. വണ്ടിയുടെ അകവും പുറവുമെല്ലാം മതചിഹ്നങ്ങളാല്‍ സമൃദ്ധം.
പേരെഴുതിയിരിക്കുതുപോലും അറബിയില്‍ !
'പ്പോ പഴേ കാലോന്ന്വല്ലാ അപ്പ്വേട്ടാ . ആ കാലോക്കെ പണ്ടേ കയിഞ്ഞില്ലേ ?'
റാഫി പറഞ്ഞതിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി പിടികിട്ടീല്ല.
'ങ്ങള്
ദ് പറയ്, ന്തൊക്ക്യാ ങ്ങടെ പരിപാടീ?' വിഷയം മാറ്റിക്കൊണ്ട് അവന്
ചോദ്യം ആവര്‍ത്തിച്ചു. ' ങ്ങടെ ടൂറിന്റെ പ്ളാനറിഞ്ഞിട്ട് വേണം എനക്ക്
വണ്ടി വേറേ ഓട്ടംണ്ടോന്ന് നോക്കാന്‍ .'
'ടൂറോ! ഞങ്ങളെങ്ങടും പോണില്ലെടാ. ആറ്റുനോറ്റ് പൂരക്കാലം നോക്കി
നാട്ടില്‍ വന്നത് പൂരം കൂടാനാ. ഞങ്ങള്‍ പഴയകാലം തിരിച്ചുകൊണ്ടോരും. നീയും ഈ നാലു
ദിവസം ഓട്ടോന്നും ഏല്ക്കണ്ട. നമുക്കെല്ലാര്‍ക്കും കൂടി പൂരം
കൊഴുപ്പിക്കണം.' അഷ്റഫ് പറഞ്ഞ് നിര്‍ത്തീതും റാഫി ബ്രേക്ക്
ചവിട്ടീതും ഒപ്പം.
'ക്കാക്ക ന്ത് പിരാന്താ ഈ പറേണേ! പൂരം കൂടാനോ? ആര്? ങ്ങളും ജോസച്ചായനും എന്നാ ഹിന്ദുവായേ!'
'റാഫീ,
നീ വെറുതേരിക്ക്. ഇതിന്റെടേല് നീ മതം തിരികികേറ്റാന്‍ നോക്കണ്ട. പൂരം
നമ്മുടെ നാടിന്റാഘോഷാണ്. നമ്മുടെ അപ്പനപ്പൂപ്പന്മാരും അവരുടെ
കാര്‍ന്നോമ്മാരും പൂരാഘോഷിച്ചത് മതം നോക്കീട്ടല്ല. നീ വെറുതെ ഞങ്ങടെ മൂഡ്
കളയല്ലേ .' ജോസഫിന്റെ ശബ്ദത്തിലെ ഗൗരവം എല്ലാവരും തിരിച്ചറിഞ്ഞു.
'ങ്ങള് എന്നോട് കലമ്പണ്ട ജോസ്ച്ചായാ. പഴങ്കഥ പറഞ്ഞിട്ടൊന്നും കാര്യോല്ല. മ്മടെ നാട് പഴയ നാടല്ല. ങ്ങള് ഈ പഴമ്പുരാണോം പറഞ്ഞങ്ങട്ട് ചെന്ന് നോക്ക്
പൂരം കൂടാന്‍ . നാലുവര്‍ഷായി പൂരപ്പറമ്പ് മതില് കെട്ടി ഗേറ്റും വച്ചിട്ട്.
ഗേറ്റിനു പുറത്ത് 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന് വലിയ ബോര്‍ഡും
വച്ചിട്ട്ണ്ട്. കയിഞ്ഞേന്റെ മുമ്പേത്തേ കൊല്ലം ഇതിന്റെ പേരില്‍
വഴക്കുണ്ടായതല്ലേ . അവന്മാര് നമ്മടെ രണ്ടുപേര്ടെ കാല് വെട്ടി . അതീപ്പിന്നെ മ്മടെ
ഉറൂസിന് അവമ്മാരെ മ്മളും കേറ്റണില്ല. കയിഞ്ഞ കൊല്ലം ഉറൂസിന് ചെറിയ
കലമ്പലൊക്കേണ്ടായി. പ്പോ പൂരത്തിനും ഉറൂസിനും വന്‍ പോലീസ് സന്നാഹാണ്.
എപ്പഴാ ലഹളേണ്ടാവണേന്ന പേട്യാ ല്ലാര്‍ക്കും. ഈ സമയത്ത് ഈടെ നിക്കണേക്കാ ഭേദം
വല്ലടത്തും ടൂറ് പോണത് തന്ന്യാ .'
റാഫി പറഞ്ഞു നിര്‍ത്തി. കുറച്ചുനേരത്തേക്ക് വല്ലാത്തൊരു നിശബ്ദത നിറഞ്ഞു .
'വണ്ടി പുറകോട്ടെടുക്ക്.' അപ്പൂന്റെ ഉറച്ച ശബ്ദം നിശബ്ദത ഭഞ്ജിച്ചു.
ഇനിയൊരു പൂരം തന്റെ ജീവിതത്തിലുണ്ടാവില്ലെന്ന് ഉള്ളിലു റപ്പിച്ചു.കൊണ്ട് രമയോടും കുട്ടികളോടുമായി
പറഞ്ഞു
'ഏറ്റവുമടുത്ത ഫ്ളൈറ്റില്‍ നമ്മള് തിരിച്ചുപോകുന്നു '
. . . . . . . . . . . . . . . . . . . . 'ഏറ്റവുമടുത്ത ഫ്ളൈറ്റില്‍ നമ്മള് തിരിച്ചുപോകുന്നു '
8. ചന്ദ (കഥ)
ഇനി ഞാന്‍ എവിടെച്ചെന്നന്വേഷിക്കും ആ കുഞ്ഞിനെ ! നഗരത്തിലെ പോലീസ്റ്റേഷനുകളിലെല്ലാം ഇതിനോടകം വിവരമറിയിച്ചുകഴിഞ്ഞു. പ്രധാനപ്പെട്ട ചാനലുകളിലെല്ലാം ബ്രേക്കിങ് ന്യൂസായി വാര്‍ത്ത സ്ക്രോളുചെയ്യുന്നുണ്ട്.. നാളെ പത്രങ്ങളിലും വാര്‍ത്ത വരും. പക്ഷേ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാവില്ലെന്ന് മനസ്സു പറയുന്നു. കൃത്യ-മായ യാതൊരു വിവരവും കൊടുക്കാനില്ലാതെ ഒരു എട്ടുവയസ്സുകാരിയെ എവിടെച്ചെന്നു തിരയാനാണ്!
പതിവുപോലെ ഇന്നലെരാത്രിയിലും പതിനൊന്നുമണിയുടെ ക്രൈം വാര്‍ത്തകളും കേട്ടശേഷമാണ് ഉറങ്ങാന്‍ പോയത്. കിടന്നാലും അരമണിക്കൂറെങ്കിലും കഴിഞ്ഞേ ഉറക്കം വരാറുള്ളു. പലതും ചിന്തിച്ചുകിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. മൊബൈല്‍ഫോണ്‍ തുടരെ ശബ്ദിക്കുന്നതുകേട്ടാണ് കണ്ണുതുറന്നത്. നോക്കിയപ്പോള്‍ തീരെ പരിചിതമല്ലാത്ത നമ്പര്‍. ഉറക്കച്ചടവോടെ ഓണ്‍ചെയ്തപ്പോള്‍ അങ്ങേതലക്കല്‍ അപരിചിതമായ സ്ത്രീ ശബ്ദം. 'റോങ് നമ്പര്‍' എന്നു പ്രതികരിച്ച് ഫോണ്‍ കട്ടുചെയ്തുകിടന്നു. അല്‍പ്പസമയത്തിനുശേഷം ഫോണ്‍ വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി. അതേനമ്പര്‍ തന്നെ.
' ദീദീ, മേ ചന്ദ ഹൂം' . ഏതോ ഹിന്ദിക്കാരിയാണ്.
'നിങ്ങള്‍ നമ്പര്‍ തെറ്റിയാണ് വിളിക്കുന്നത്. ദയവുചെയ്ത് നമ്പര്‍ ശ്രദ്ധിച്ചു വിളിക്കൂ. ഇത് കേരളത്തിലെ നമ്പറാണ്.' ശബ്ദത്തില്‍ അനിഷ്ടം പ്രകടമാക്കി, ഇംഗ്ലീഷില്‍ പറഞ്ഞുകൊണ്ട് ഫോണ്‍ കട്ടുചെയ്തു. കുറച്ചുസമയത്തേക്ക് പിന്നീട് ശബ്ദമൊന്നുമുണ്ടായില്ല. ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോ ള്‍ വീണ്ടും ഫോണടിക്കാന്‍ തുടങ്ങി. എടുക്കേണ്ട എന്നാദ്യം തോന്നിയെങ്കിലും ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ച പ്പോള്‍ വീണ്ടും എടുത്തു.
'ദീദീ. . മേരീ ബേട്ടീ. .'
അങ്ങോട്ടെന്തെങ്കിലും പറയാന്‍ കഴിയുന്നതിനുമുമ്പ് അങ്ങേതലക്കല്‍ നിന്നും അടക്കിപ്പിടിച്ച ഒരു കരച്ചില് !
ഇതാരാ ഈ പാതിരാത്രി ഫോണില്‍ വിളിച്ചു കരയുന്ന ഒരു ഹിന്ദിക്കാരി! എനിക്കാണെങ്കില്‍ ഹിന്ദി സംസാരിക്ക ണമെങ്കില്‍ ഡിക്ഷ്ണറി കയ്യില്‍ പിടിക്കണം. എന്തോ പ്രശ്നമുണ്ടെന്നു വ്യക്തം. അവരുടെ മകള്‍ക്ക് എന്തോ സംഭവിച്ചട്ടുണ്ട്. വേണ്ടപ്പെട്ട ആരെയോ വിവരമറിയിക്കാനാണ് അവര്‍ വിളിക്കുന്നത്. നമ്പര്‍ തെറ്റണെന്ന് ഇംഗ്ലീഷില്‍ പറഞ്ഞത് അവര്‍ക്കു മനസ്സിലായിക്കാണില്ല.
കാര്യം ഗൗരവമുള്ളതാണെന്നു തോന്നിയതോടെ ഉറക്കം തീര്‍ത്തും മാറി.
അറിയാവുന്ന ഹിന്ദിയില്‍ സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.
'കോനേ തും?'
അത്രേം ചോദിച്ചപ്പോഴേക്കും സംശയമായി. തും എന്ന് സംബോധന ചെയ്തത് ശരിയായോ? അതോ ആപ് എന്നു വേണമായിരുന്നോ ചോദിക്കാന്‍? കര്‍ത്താവ് തും ആവുമ്പോള്‍ ഹെ പറയാന്‍ പാട്വോ ? ആകെ സംശയം തന്നെ. സംസാരഭാഷയില്‍ ഗ്രാമര്‍ നോക്കണ്ടെന്ന് ഉണ്ണി പലവട്ടം പറയാറുള്ളതാണെങ്കിലും എപ്പോഴെങ്കിലും ഹിന്ദി സംസാരിക്കേണ്ടിവരുമ്പോള്‍ ഇപ്പോഴും ഈ സംശയം കാരണം മുന്നോട്ടുപോകാന്‍ കഴിയാതെ കുഴയുകയാണ് പതിവ്. ഇംഗ്ലീഷില്‍ സംസാരം ഒതുക്കും. ഇവിടെ പക്ഷേ ഇംഗ്ലീഷ് മനസ്സിലാവാത്ത ആളാണ് മറുതലക്കല്‍. സംസാരിക്കാതെ മറ്റു നിവര്‍ത്തിയില്ല. സാരമില്ല. തെറ്റിയാലും അടുത്താരും കേള്‍ക്കാനില്ലല്ലോ. ചിന്തകള്‍ അതിവേഗം ഉള്ളിലൂടെ പായുന്നതിനിടയില്‍ നിങ്ങള്‍ നമ്പര്‍ തെറ്റിയാണ് വിളിക്കുന്നതെന്നും കേരളത്തിലെ ഒരു നമ്പറിലേക്കാണ് വിളിച്ചിരിക്കുന്നതെന്നും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
'ദീദീ. . മേ ചന്ദാ ഹൂം. റോങ്നമ്പര് നഹീ ദീദീ. ആപ് ഡാക്ടര് ദീദി ഹെ നാ? മേ ആപ് കൊ ഹീ ബുലാത്തീ ഹും.'
നമ്പര്‍തെറ്റി വിളിച്ചതല്ലാത്രേ ! ആരാണീ ചന്ദ ! ഒരുപിടിയും കിട്ടുന്നില്ലല്ലോ.
ബാബയുടെ വീട്ടിലുണ്ടായിരുന്ന ചന്ദയേയും ബബിലുവിനേയും ഓര്‍മ്മയില്ലേ എന്ന് അവള് ചോദിച്ചപ്പോഴാണ് ആളെ മനസ്സിലായത്. രണ്ടു വര്‍ഷം മുമ്പ് ഹരിയാനയിലെ ഗുര്‍ഗാവൂണിൽ ബാബയുടെ വീട്ടില്‍ വച്ച് പരിചയപ്പെട്ട ബംഗ്ലാ ദമ്പതികള്‍! ഇവളെന്തിനാണീ അസമയത്ത് എന്നെ വിളിച്ചുകരയുന്നത് ! അവര്‍ക്കൊരു മകളുള്ള കാര്യം അന്നു പറഞ്ഞിരുന്നു. ആ കുഞ്ഞിനെന്തു പറ്റി?
'ഓ ചന്ദാ, ക്യാ ഹുവാ? ബബിലു കഹാം ഹെ? പിങ്കി കൊ ക്യാ ഹുവാ?'
'ദീദി ഞങ്ങളെ തിരിച്ചറിഞ്ഞല്ലോ, ഭഗവാന് കാത്തു.'
ഹിന്ദിയും ബംഗാളിയും കലര്‍ന്ന സംഗരഭാഷയില്‍ അവള് അതു പറയുമ്പോള്‍ ശബ്ദത്തില്‍ ആശ്വാസം പ്രകടമായി. അവളുടെ എട്ടുവയസുകാരി മകളെ ഒരുമാസത്തിലേറെയായി കാണാനില്ലത്രേ! കേട്ടപ്പോള്‍ നടുക്കമുണ്ടായെങ്കിലും ബംഗാളിന്റെ ഏതോ അതിര്‍ത്തിഗ്രാമത്തില്‍ താമസിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയെ കാണാതായതിന് ഒരുമാസത്തിനുശേഷം ഇങ്ങ് കേരളത്തിലിരിക്കുന്ന എനിക്ക് എന്തുചെയ്യാനാവുമെന്നാണ് ഇവള് കരുതുന്നതെന്ന് മനസ്സിലായില്ല.
വര്‍ഷങ്ങളായി ഡല്‍ഹിയിലും ഹരിയാനയിലും പലവീടുകളിലും വീട്ടുപണിചെയ്യുകയാണ് ചന്ദ. ഭര്‍ത്താവ് ബബിലു സ്വന്തം നാട്ടിലായിരുന്നു. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബയുടെ വീട്ടില്‍ ചന്ദക്ക് പണികിട്ടിയപ്പോളാണ് അയാളെക്കൂടി ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത് . വലിയ നായപ്രേമിയായ ബാബ വീട്ടിലെ നായകളുടെ കാര്യങ്ങള്‍ നോക്കാനും തോട്ടം വൃത്തിയാക്കാനും മറ്റുമായി ബബിലുവിനെ നിയമിച്ചു. പിന്നീട് ബാബ ഹരിയാനയിലേക്ക് താമസം മാറ്റിയപ്പോള്‍ അവരെ ഒപ്പം കൂട്ടി. വീടിനോടുചേര്‍ന്നുള്ള സെര്‍വന്റ്സ് ക്വാര്‍ട്ടേഷ്സില്‍ അവരെ താമസിപ്പിക്കുകയും ചെയ്തു. മുന്‍ശുണ്ഠിക്കാരനാണെങ്കിലും ബാബ അവര്‍ക്ക് വീട്ടില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിരുന്നത് അവിടുത്തെ താമസക്കാലത്ത് നേരിട്ട് കണ്ടതാണ്. ബബിലുവിനെ ജോലിക്കാരനായി നിയമിച്ചതുപോലും സത്യത്തില്‍ ആവശ്യമുണ്ടായിട്ടല്ല, അവരെ സഹായിക്കുന്നതിനാണെന്നും അന്നുമനസ്സിലായി.
അവിടെ ഉണ്ടായ രണ്ടു-മൂന്നു ദിവസങ്ങളില്‍ ചന്ദയുമായി നല്ലവണ്ണം കൂട്ടുകൂടാന്‍ ശ്രമം നടത്തിയിരുന്നു. ആദ്യം അടുക്കാന്‍ വിമുഖതകാട്ടിയെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ രണ്ടുപേരും പേടിയില്ലാതെ സംസാരിച്ചു തുടങ്ങി. ഇവിടെവരുന്ന ആരും ഞങ്ങളോട് ഇങ്ങനെ സ്നേഹത്തില്‍ സംസാരിക്കാറില്ലെന്ന് ബബിലു പറഞ്ഞപ്പോള്‍ ചന്ദ അവനെ ശാസനാഭാവത്തില്‍ നോക്കി. അവന് തനി നാട്ടിന്‍പുറത്തുകാരനാണ്, നഗരത്തിന്റെ കാപട്യങ്ങളൊന്നും അറിയില്ല. അവളാണ് തമ്മില്‍ ഭേദം എന്ന് ബാബ പറഞ്ഞിരുന്നു. യാത്രതിരിക്കുന്നതിന്റെ തലേരാത്രിയാണ് അവര്‍ അവരെക്കുറിച്ചുകൂടുതല്‍ പറഞ്ഞത്. ബംഗാളിന്റെ ഉള്‍ഗ്രാമത്തിലാണ് സ്വന്തം വീടെന്ന് ആദ്യം പറഞ്ഞെങ്കിലും അവസാനം രണ്ടുപുറവും നോക്കി, ആരുമില്ലെന്നുറപ്പുവരുത്തി ബബിലു ആ രഹസ്യം പറഞ്ഞപ്പോള്‍ ചന്ദ അവനെ തടയാന്‍ ശ്രമിച്ചു. സാരമില്ല, ധ്യൈമായി പറഞ്ഞോളൂ, ഞാനാരോടും പറയില്ലെന്ന് അവളെ സമാധാനിപ്പിച്ചു. ബംഗാളികളാണെന്ന് പറയുന്നുണ്ടെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശികള്‍ ആണ്. ഇന്ത്യക്കാരല്ല. വിഭജനസമയത്ത് അതിര്‍ത്തിക്കപ്പുറം പെട്ടുപോയവര്‍. തെരഞ്ഞെടുപ്പിന് തങ്ങള്‍ക്ക് വോട്ടുചെയ്യണമെന്ന നിബന്ധനയില്‍ ബംഗാളിലെ പുതിയ പാര്ട്ടിക്കാര് അവരെപ്പോലെ നിരവധിപേര്‍ക്ക് വ്യാജരേഖകളുണ്ടാക്കി തിരിച്ചറിയല്‍ കാര്‍ഡ് നല്കിയത്രേ. ഇപ്പോള്‍ അവര്‍ ഇന്ത്യക്കാരാണ്. പക്ഷേ അതിര്‍ത്തിക്കപ്പുറം താമസിക്കുന്ന ചന്ദയുടെ മാതാപിതാക്കളേയും അവര്‍ക്കൊപ്പം വളരുന്ന സ്വന്തം മകളേയും കഴിഞ്ഞ നാലുവര്‍ഷങ്ങളായി കാണാന്‍ കഴിഞ്ഞിട്ടി. പിങ്കിയെ രണ്ടു വയസ്സുള്ളപ്പോഴാണ് അവര്‍ അവസാനമായി കണ്ടത്. ഫോണ്‍ ചെയ്യുമ്പോൾ എന്നെക്കൂടി കൊണ്ടുപോകൂ എന്ന് അവള് കരയാറുണ്ടെന്നു പറഞ്ഞ് ചന്ദ ചിരിച്ചപ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് രണ്ടുതുള്ളി കണ്ണീരടര്‍ന്നു വീണു. ചന്ദയുടെ സഹോദരന് കൊച്ചിയിലാണെന്നും അവിടെ കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് പണിയെന്നും അവര്‍ പറഞ്ഞു. കൊച്ചി ഡല്‍ഹിയേക്കാള്‍ വലിയ നഗരമാണല്ലേയെന്നും അവിടെ വലിയ വലിയ കെട്ടിടങ്ങളുണ്ടല്ലേയെന്നും അവിടെ ജോലികിട്ടിയാല്‍ ധാരാളം കാശുണ്ടാക്കാമല്ലേ എന്നും അവര്‍ ചോദിച്ചപ്പോള്‍ ഞാനത്ഭുതപ്പെട്ടു . പിരിയുന്ന സമയത്ത് ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ഒരു ബോഡീസ്പ്രേ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തപ്പോള്‍ എന്റെ ഫോണ്‍നമ്പര്‍ അവര്‍ വാങ്ങിയിരുന്നു. ജീവിത്തിലെ തിരക്കുകളുടെയിടയില്‍ വന്നുകയറിപ്പോയ മറ്റുപലരേയുംപോലെ അവരും അധികം കഴിയുംമുമ്പ് ഓര്‍മ്മയുടെ തിരശ്ശീലക്കപ്പുറത്തായി.
'ദീദീ, ആപ് ഉധര്‍ ഹെ നാ ?'
ചന്ദയുടെ ഉറക്കെയുള്ള ശബ്ദം ഫോണില്‍ നിന്ന് കേട്ടപ്പോഴാണ് ഫോണ്‍ കയ്യില്പിടിച്ച് താന്‍ രണ്ടുവര്‍ഷം പിന്നിലേക്ക് സഞ്ചരിച്ചകാര്യം മനസ്സിലായത്.
'ഹാം ചന്ദ, തും ബോലോ, പിങ്കി കോ ക്യാ ഹുവാ?'
അവളതിനിടെ എന്തെങ്കിലും പറഞ്ഞിരുന്നോയെന്നറിയില്ല. എന്റെ ചോദ്യം കേട്ടപ്പോള്‍ കരച്ചിലിനിടയിലൂടെ അവള് വീണ്ടും കാര്യം പറഞ്ഞു.
അവരിപ്പോള്‍ ബാബയോടൊപ്പമല്ല. ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു ഗുജറാത്തിസേഠിന്റെ വീട്ടിലാണ്. കൂടുതല്‍ കൂലികൊടുക്കാമെന്നു പറഞ്ഞപ്പോള്‍ ആറുമാസം മുന്‍പ് അവര്‍ ബാബയുടെ വീടുപേക്ഷിച്ച് അങ്ങോട്ടുപോയി. അവിടെവച്ച് ഇവരുടെ കാര്യങ്ങള്‍ കേട്ടറിഞ്ഞ സേഠിന്റെ ഒരു ബന്ധു, മകളെ ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തികടത്തി കൊണ്ടുവരാമെന്ന് അവര്‍ക്ക് വാക്കുകൊടുത്തു. നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് ഫോണ്‍ചെയ്ത് അയാളോടൊപ്പം പിങ്കിയെ വിടണമെന്ന് ഇവര്‍ പറയണമെന്നുമാത്രം. നിയമം ലംഘിച്ചുള്ള പണിയായതിനാല്‍ ആരോടും പറയരുതെന്നും അയാള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. വീട്ടിലുള്ളവര്‍ക്ക് തിരിച്ചറിയാനായി ചന്ദയുടേയും ബബിലുവിന്റേയും ഫോട്ടോയും അയാള്‍ കൊണ്ടുപോയി. ഒരാഴ്ചക്കുശേഷം അതിര്‍ത്തിക്കപ്പുറത്തെ കൊച്ചുവീട്ടില്‍നിന്ന് അയാളുടെ ഫോണ്‍ വന്നു. അച്ഛനോടും അമ്മയോടും ദീര്‍ഘമായി സംസാരിച്ചു. കൊച്ചുമോളെ പിരിയുന്നതില്‍ അവര്‍ക്കു വിഷമമുണ്ടായിരുന്നെങ്കിലും പിങ്കി സന്തോഷത്താല്‍ തുള്ളിച്ചാടുകയായിരുന്നു. ചെയ്യുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ്, ആരോടും ഇതേക്കുറിച്ച് ഒന്നും പറയരുത്, ചിലപ്പോള്‍ ഒന്നോ അതിലധികമോ ആഴ്ച വേണ്ടിവന്നേക്കും ഡല്‍ഹിയിലെത്താന്‍, താമസിച്ചാലും ആരോടും ഒന്നും പറയരുത്. അയാള്‍ വീണ്ടും വീണ്ടുമോര്‍പ്പിച്ചു.
ഇതെല്ലാം കഴിഞ്ഞിട്ട് ഇന്ന് നാല്‍പ്പത്തിരണ്ടു ദിവസമായി. ഇതുവരെ പിങ്കിയേക്കുറിച്ചോ അയാളെക്കുറിച്ചോ യാതൊരുവിവരവും പിന്നീടറിഞ്ഞിട്ടില്ല. അയാള്‍ കൊടുത്തിരുന്ന ഫോണ്‍നമ്പറും ഇപ്പോള്‍ നിലവിലില്ല എന്നറിയുന്നു. രണ്ടുദിവസം മുന്‍പാണ് അവര്‍ സേഠിനോടും ഭാര്യയോടും വിവരം പറഞ്ഞത്. അവര്‍ കൈ മലര്‍ത്തി. അയാള്‍ അവരുടെ ബന്ധുവല്ലെന്നും അന്യ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും തൊഴിലാളികളെ കയറ്റിയയക്കുന്ന പണി അയാള്‍ക്കുള്ളതായി കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുറച്ചുനാളായി കേരളത്തിലെ കൊച്ചിയിലേക്കാണ് അയാള്‍ കൂടുതലായി ആള്‍ക്കാരെ അയക്കുന്നതെന്ന് സേഠ് പറഞ്ഞത് അല്‍പ്പം മുന്‍പാണ്. മൂന്നാഴ്ച മുന്‍പ് അയാളവരെ കൊച്ചിയില്‍നിന്ന് വിളിച്ചിരുന്നു എന്നും സംസാരത്തിനിടെ ബബിലുവും ഭാര്യയും സുഖമായിരിക്കുന്നോ എന്ന് അന്വേഷിച്ചെന്നും കൂടി സേഠ് പറഞ്ഞപ്പോള്‍ പിങ്കിയെ അയാള്‍ കേരളത്തിലേക്കാണ് കൊണ്ടുപോയതെന്ന് ഉറപ്പായി. എനിക്കെന്തെങ്കിലും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് അവളെന്നെ വിളിച്ചത്.
'ചന്ദ കരയാതിരിക്കൂ, നമുക്കന്വേഷിക്കാം. പിങ്കിയുടെ വിശദമായ വിവരങ്ങള്‍ പറയൂ. അവളെ കണ്ടാല്‍ എങ്ങനെ? ഉയരമുണ്ടോ? തടിച്ചാണോ? '
എന്താണ് ചെയ്യേണ്ടതെന്ന് യാതൊരു രൂപവുമില്ലെങ്കിലും അവളെ സമാധാനിപ്പിക്കാനായി ചോദിച്ചു. മറുപടിയായി അവളുടെ പൊട്ടിക്കരച്ചിലാണ് കേട്ടത്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അവള് മകളെ അവസാമായി കണ്ടത്. അന്നവള്‍ക്ക് രണ്ടുവയസ്. അവള് ഇപ്പോള്‍ മുന്നില്‍വന്നുനിന്നാല്‍പോലും പരസ്പരം തിരിച്ചറിയാനാകില്ലെന്ന് കരച്ചിലിനിടയില്‍ അവള് പറഞ്ഞു നിര്‍ത്തി.
'നേരം പുലരട്ടെ, വേണ്ടതു ചെയ്യാം, ഇപ്പോള്‍ നീ ഉറങ്ങൂ' എന്ന് പറയുമ്പോള്‍ എന്റെ ശബ്ദത്തിലെ ആത്മവിശ്വാസമില്ലായ്മ അവള് തിരിച്ചറിയാതിരിക്കാന്‍ വെറുതെ ഒരു കോട്ടുവായിട്ടു.
രാവിലെ തുടങ്ങിയ ഓട്ടമാണ്. ചന്ദയുടെ ഫോണ്‍ ഇടക്കിടെ വരുന്നുണ്ട്. വേണ്ടതെല്ലാം ദീദി ചെയ്യുന്നുണ്ട് എന്ന സമാധാനത്തിലാണവള്‍. സ്വന്തം വീടുകളില്‍പ്പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതായരിക്കുന്ന കാലമാണ്. ഊരും പേരും അറിയാത്ത ഒരുത്തന് കൂട്ടിക്കൊണ്ടുപോയ ഒരു മറുനാടന്‍ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അവള് ജീവനോടെ ഉണ്ടാവാനുള്ള സാധ്യതപോലും കുറവാണെന്നാണ് പോലീസിന്റെ അഭിപ്രായം. അവളോടുഞാനിതെങ്ങനെ പറയും?
ഫോണ്‍ വീണ്ടും അടിക്കുന്നു. ദൈവമേ. . ഇതു ചന്ദയാവല്ലേ. . .
------------------------------