ഇനി ഞാന്‍ എവിടെച്ചെന്നന്വേഷിക്കും ആ കുഞ്ഞിനെ ! നഗരത്തിലെ പോലീസ്റ്റേഷനുകളിലെല്ലാം ഇതിനോടകം വിവരമറിയിച്ചുകഴിഞ്ഞു. പ്രധാനപ്പെട്ട ചാനലുകളിലെല്ലാം ബ്രേക്കിങ് ന്യൂസായി വാര്‍ത്ത സ്ക്രോളുചെയ്യുന്നുണ്ട്.. നാളെ പത്രങ്ങളിലും വാര്‍ത്ത വരും. പക്ഷേ ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാവില്ലെന്ന് മനസ്സു പറയുന്നു. കൃത്യ-മായ യാതൊരു വിവരവും കൊടുക്കാനില്ലാതെ ഒരു എട്ടുവയസ്സുകാരിയെ എവിടെച്ചെന്നു തിരയാനാണ്!
പതിവുപോലെ ഇന്നലെരാത്രിയിലും പതിനൊന്നുമണിയുടെ ക്രൈം വാര്‍ത്തകളും കേട്ടശേഷമാണ് ഉറങ്ങാന്‍ പോയത്. കിടന്നാലും അരമണിക്കൂറെങ്കിലും കഴിഞ്ഞേ ഉറക്കം വരാറുള്ളു. പലതും ചിന്തിച്ചുകിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി. മൊബൈല്‍ഫോണ്‍ തുടരെ ശബ്ദിക്കുന്നതുകേട്ടാണ് കണ്ണുതുറന്നത്. നോക്കിയപ്പോള്‍ തീരെ പരിചിതമല്ലാത്ത
' ദീദീ, മേ ചന്ദ ഹൂം' . ഏതോ ഹിന്ദിക്കാരിയാണ്.
'നിങ്ങള്‍ നമ്പര്‍ തെറ്റിയാണ് വിളിക്കുന്നത്. ദയവുചെയ്ത് നമ്പര്‍ ശ്രദ്ധിച്ചു വിളിക്കൂ. ഇത് കേരളത്തിലെ നമ്പറാണ്.' ശബ്ദത്തില്‍ അനിഷ്ടം പ്രകടമാക്കി, ഇംഗ്ലീഷില്‍ പറഞ്ഞുകൊണ്ട് ഫോണ്‍ കട്ടുചെയ്തു. കുറച്ചുസമയത്തേക്ക് പിന്നീട് ശബ്ദമൊന്നുമുണ്ടായില്ല. ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോ ള്‍ വീണ്ടും ഫോണടിക്കാന്‍ തുടങ്ങി. എടുക്കേണ്ട എന്നാദ്യം തോന്നിയെങ്കിലും ഫോണ്‍ നിര്‍ത്താതെ ശബ്ദിച്ച പ്പോള്‍ വീണ്ടും എടുത്തു.
'ദീദീ. . മേരീ ബേട്ടീ. .'
അങ്ങോട്ടെന്തെങ്കിലും പറയാന്‍ കഴിയുന്നതിനുമുമ്പ് അങ്ങേതലക്കല്‍ നിന്നും അടക്കിപ്പിടിച്ച ഒരു കരച്ചില് !
ഇതാരാ ഈ പാതിരാത്രി ഫോണില്‍ വിളിച്ചു കരയുന്ന ഒരു ഹിന്ദിക്കാരി! എനിക്കാണെങ്കില്‍ ഹിന്ദി സംസാരിക്ക ണമെങ്കില്‍ ഡിക്ഷ്ണറി കയ്യില്‍ പിടിക്കണം. എന്തോ പ്രശ്നമുണ്ടെന്നു വ്യക്തം. അവരുടെ മകള്‍ക്ക് എന്തോ സംഭവിച്ചട്ടുണ്ട്. വേണ്ടപ്പെട്ട ആരെയോ വിവരമറിയിക്കാനാണ് അവര്‍ വിളിക്കുന്നത്. നമ്പര്‍ തെറ്റണെന്ന് ഇംഗ്ലീഷില്‍ പറഞ്ഞത് അവര്‍ക്കു മനസ്സിലായിക്കാണില്ല.
കാര്യം ഗൗരവമുള്ളതാണെന്നു തോന്നിയതോടെ ഉറക്കം തീര്‍ത്തും മാറി.
അറിയാവുന്ന ഹിന്ദിയില്‍ സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു.
'കോനേ തും?'
അത്രേം ചോദിച്ചപ്പോഴേക്കും സംശയമായി. തും എന്ന് സംബോധന ചെയ്തത് ശരിയായോ? അതോ ആപ് എന്നു വേണമായിരുന്നോ ചോദിക്കാന്‍? കര്‍ത്താവ് തും ആവുമ്പോള്‍ ഹെ പറയാന്‍ പാട്വോ ? ആകെ സംശയം തന്നെ. സംസാരഭാഷയില്‍ ഗ്രാമര്‍ നോക്കണ്ടെന്ന് ഉണ്ണി പലവട്ടം പറയാറുള്ളതാണെങ്കിലും എപ്പോഴെങ്കിലും ഹിന്ദി സംസാരിക്കേണ്ടിവരുമ്പോള്‍ ഇപ്പോഴും ഈ സംശയം കാരണം മുന്നോട്ടുപോകാന്‍ കഴിയാതെ കുഴയുകയാണ് പതിവ്. ഇംഗ്ലീഷില്‍ സംസാരം ഒതുക്കും. ഇവിടെ പക്ഷേ ഇംഗ്ലീഷ് മനസ്സിലാവാത്ത ആളാണ് മറുതലക്കല്‍. സംസാരിക്കാതെ മറ്റു നിവര്‍ത്തിയില്ല. സാരമില്ല. തെറ്റിയാലും അടുത്താരും കേള്‍ക്കാനില്ലല്ലോ. ചിന്തകള്‍ അതിവേഗം ഉള്ളിലൂടെ പായുന്നതിനിടയില്‍ നിങ്ങള്‍ നമ്പര്‍ തെറ്റിയാണ് വിളിക്കുന്നതെന്നും കേരളത്തിലെ ഒരു നമ്പറിലേക്കാണ് വിളിച്ചിരിക്കുന്നതെന്നും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
'ദീദീ. . മേ ചന്ദാ ഹൂം. റോങ്നമ്പര് നഹീ ദീദീ. ആപ് ഡാക്ടര് ദീദി ഹെ നാ? മേ ആപ് കൊ ഹീ ബുലാത്തീ ഹും.'
നമ്പര്‍തെറ്റി വിളിച്ചതല്ലാത്രേ ! ആരാണീ ചന്ദ ! ഒരുപിടിയും കിട്ടുന്നില്ലല്ലോ.
ബാബയുടെ വീട്ടിലുണ്ടായിരുന്ന ചന്ദയേയും ബബിലുവിനേയും ഓര്‍മ്മയില്ലേ എന്ന് അവള് ചോദിച്ചപ്പോഴാണ് ആളെ മനസ്സിലായത്. രണ്ടു വര്‍ഷം മുമ്പ് ഹരിയാനയിലെ ലെ ഗുര്‍ഗാവൂണിൽ ബാബയുടെ വീട്ടില്‍ വച്ച് പരിചയപ്പെട്ട ബംഗ്ലാ ദമ്പതികള്‍! ഇവളെന്തിനാണീ അസമയത്ത് എന്നെ വിളിച്ചുകരയുന്നത് ! അവര്‍ക്കൊരു മകളുള്ള കാര്യം അന്നു പറഞ്ഞിരുന്നു. ആ കുഞ്ഞിനെന്തു പറ്റി?
'ഓ ചന്ദാ, ക്യാ ഹുവാ? ബബിലു കഹാം ഹെ? പിങ്കി കൊ ക്യാ ഹുവാ?'
'ദീദി ഞങ്ങളെ തിരിച്ചറിഞ്ഞല്ലോ, ഭഗവാന് കാത്തു.'
ഹിന്ദിയും ബംഗാളിയും കലര്‍ന്ന സംഗരഭാഷയില്‍ അവള് അതു പറയുമ്പോള്‍ ശബ്ദത്തില്‍ ആശ്വാസം പ്രകടമായി. അവളുടെ എട്ടുവയസുകാരി മകളെ ഒരുമാസത്തിലേറെയായി കാണാനില്ലത്രേ! കേട്ടപ്പോള്‍ നടുക്കമുണ്ടായെങ്കിലും ബംഗാളിന്റെ ഏതോ അതിര്‍ത്തിഗ്രാമത്തില്‍ താമസിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയെ കാണാതായതിന് ഒരുമാസത്തിനുശേഷം ഇങ്ങ് കേരളത്തിലിരിക്കുന്ന എനിക്ക് എന്തുചെയ്യാനാവുമെന്നാണ് ഇവള് കരുതുന്നതെന്ന് മനസ്സിലായില്ല.
വര്‍ഷങ്ങളായി ഡല്‍ഹിയിലും ഹരിയാനയിലും പലവീടുകളിലും വീട്ടുപണിചെയ്യുകയാണ് ചന്ദ. ഭര്‍ത്താവ് ബബിലു സ്വന്തം നാട്ടിലായിരുന്നു. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബയുടെ വീട്ടില്‍ ചന്ദക്ക് പണികിട്ടിയപ്പോളാണ് അയാളെക്കൂടി ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത് . വലിയ നായപ്രേമിയായ ബാബ വീട്ടിലെ നായകളുടെ കാര്യങ്ങള്‍ നോക്കാനും തോട്ടം വൃത്തിയാക്കാനും മറ്റുമായി ബബിലുവിനെ നിയമിച്ചു. പിന്നീട് ബാബ ഹരിയാനയിലേക്ക് താമസം മാറ്റിയപ്പോള്‍ അവരെ ഒപ്പം കൂട്ടി. വീടിനോടുചേര്‍ന്നുള്ള സെര്‍വന്റ്സ് ക്വാര്‍ട്ടേഷ്സില്‍ അവരെ താമസിപ്പിക്കുകയും ചെയ്തു. മുന്‍ശുണ്ഠിക്കാരനാണെങ്കിലും ബാബ അവര്‍ക്ക് വീട്ടില്‍ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയിരുന്നത് അവിടുത്തെ താമസക്കാലത്ത് നേരിട്ട് കണ്ടതാണ്. ബബിലുവിനെ ജോലിക്കാരനായി നിയമിച്ചതുപോലും സത്യത്തില്‍ ആവശ്യമുണ്ടായിട്ടല്ല, അവരെ സഹായിക്കുന്നതിനാണെന്നും അന്നുമനസ്സിലായി.
അവിടെ ഉണ്ടായ രണ്ടു-മൂന്നു ദിവസങ്ങളില്‍ ചന്ദയുമായി നല്ലവണ്ണം കൂട്ടുകൂടാന്‍ ശ്രമം നടത്തിയിരുന്നു. ആദ്യം അടുക്കാന്‍ വിമുഖതകാട്ടിയെങ്കിലും രണ്ടുദിവസത്തിനുള്ളില്‍ രണ്ടുപേരും പേടിയില്ലാതെ സംസാരിച്ചു തുടങ്ങി. ഇവിടെവരുന്ന ആരും ഞങ്ങളോട് ഇങ്ങനെ സ്നേഹത്തില്‍ സംസാരിക്കാറില്ലെന്ന് ബബിലു പറഞ്ഞപ്പോള്‍ ചന്ദ അവനെ ശാസനാഭാവത്തില്‍ നോക്കി. അവന് തനി നാട്ടിന്‍പുറത്തുകാരനാണ്, നഗരത്തിന്റെ കാപട്യങ്ങളൊന്നും അറിയില്ല. അവളാണ് തമ്മില്‍ ഭേദം എന്ന് ബാബ പറഞ്ഞിരുന്നു. യാത്രതിരിക്കുന്നതിന്റെ തലേരാത്രിയാണ് അവര്‍ അവരെക്കുറിച്ചുകൂടുതല്‍ പറഞ്ഞത്. ബംഗാളിന്റെ ഉള്‍ഗ്രാമത്തിലാണ് സ്വന്തം വീടെന്ന് ആദ്യം പറഞ്ഞെങ്കിലും അവസാനം രണ്ടുപുറവും നോക്കി, ആരുമില്ലെന്നുറപ്പുവരുത്തി ബബിലു ആ രഹസ്യം പറഞ്ഞപ്പോള്‍ ചന്ദ അവനെ തടയാന്‍ ശ്രമിച്ചു. സാരമില്ല, ധ്യൈമായി പറഞ്ഞോളൂ, ഞാനാരോടും പറയില്ലെന്ന് അവളെ സമാധാനിപ്പിച്ചു. ബംഗാളികളാണെന്ന് പറയുന്നുണ്ടെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശികള്‍ ആണ്. ഇന്ത്യക്കാരല്ല. വിഭജനസമയത്ത് അതിര്‍ത്തിക്കപ്പുറം പെട്ടുപോയവര്‍. തെരഞ്ഞെടുപ്പിന് തങ്ങള്‍ക്ക് വോട്ടുചെയ്യണമെന്ന നിബന്ധനയില്‍ ബംഗാളിലെ പുതിയ പാര്ട്ടിക്കാര് അവരെപ്പോലെ നിരവധിപേര്‍ക്ക് വ്യാജരേഖകളുണ്ടാക്കി തിരിച്ചറിയല്‍ കാര്‍ഡ് നല്കിയത്രേ. ഇപ്പോള്‍ അവര്‍ ഇന്ത്യക്കാരാണ്. പക്ഷേ അതിര്‍ത്തിക്കപ്പുറം താമസിക്കുന്ന ചന്ദയുടെ മാതാപിതാക്കളേയും അവര്‍ക്കൊപ്പം വളരുന്ന സ്വന്തം മകളേയും കഴിഞ്ഞ നാലുവര്‍ഷങ്ങളായി കാണാന്‍ കഴിഞ്ഞിട്ടി. പിങ്കിയെ രണ്ടു വയസ്സുള്ളപ്പോഴാണ് അവര്‍ അവസാനമായി കണ്ടത്. ഫോണ്‍ ചെയ്യുമ്പോൾ എന്നെക്കൂടി കൊണ്ടുപോകൂ എന്ന് അവള് കരയാറുണ്ടെന്നു പറഞ്ഞ് ചന്ദ ചിരിച്ചപ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് രണ്ടുതുള്ളി കണ്ണീരടര്‍ന്നു വീണു. ചന്ദയുടെ സഹോദരന് കൊച്ചിയിലാണെന്നും അവിടെ കണ്‍സ്ട്രക്ഷന്‍ മേഖലയിലാണ് പണിയെന്നും അവര്‍ പറഞ്ഞു. കൊച്ചി ഡല്‍ഹിയേക്കാള്‍ വലിയ നഗരമാണല്ലേയെന്നും അവിടെ വലിയ വലിയ കെട്ടിടങ്ങളുണ്ടല്ലേയെന്നും അവിടെ ജോലികിട്ടിയാല്‍ ധാരാളം കാശുണ്ടാക്കാമല്ലേ എന്നും അവര്‍ ചോദിച്ചപ്പോള്‍ ഞാനത്ഭുതപ്പെട്ടു . പിരിയുന്ന സമയത്ത് ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ഒരു ബോഡീസ്പ്രേ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തപ്പോള്‍ എന്റെ ഫോണ്‍നമ്പര്‍ അവര്‍ വാങ്ങിയിരുന്നു. ജീവിത്തിലെ തിരക്കുകളുടെയിടയില്‍ വന്നുകയറിപ്പോയ മറ്റുപലരേയുംപോലെ അവരും അധികം കഴിയുംമുമ്പ് ഓര്‍മ്മയുടെ തിരശ്ശീലക്കപ്പുറത്തായി.
'ദീദീ, ആപ് ഉധര്‍ ഹെ നാ ?'
ചന്ദയുടെ ഉറക്കെയുള്ള ശബ്ദം ഫോണില്‍ നിന്ന് കേട്ടപ്പോഴാണ് ഫോണ്‍ കയ്യില്പിടിച്ച് താന്‍ രണ്ടുവര്‍ഷം പിന്നിലേക്ക് സഞ്ചരിച്ചകാര്യം മനസ്സിലായത്.
'ഹാം ചന്ദ, തും ബോലോ, പിങ്കി കോ ക്യാ ഹുവാ?'
അവളതിനിടെ എന്തെങ്കിലും പറഞ്ഞിരുന്നോയെന്നറിയില്ല. എന്റെ ചോദ്യം കേട്ടപ്പോള്‍ കരച്ചിലിനിടയിലൂടെ അവള് വീണ്ടും കാര്യം പറഞ്ഞു.
അവരിപ്പോള്‍ ബാബയോടൊപ്പമല്ല. ഡല്‍ഹിയില്‍ താമസിക്കുന്ന ഒരു ഗുജറാത്തിസേഠിന്റെ വീട്ടിലാണ്. കൂടുതല്‍ കൂലികൊടുക്കാമെന്നു പറഞ്ഞപ്പോള്‍ ആറുമാസം മുന്‍പ് അവര്‍ ബാബയുടെ വീടുപേക്ഷിച്ച് അങ്ങോട്ടുപോയി. അവിടെവച്ച് ഇവരുടെ കാര്യങ്ങള്‍ കേട്ടറിഞ്ഞ സേഠിന്റെ ഒരു ബന്ധു, മകളെ ബംഗ്ലാദേശില്‍ നിന്ന് അതിര്‍ത്തികടത്തി കൊണ്ടുവരാമെന്ന് അവര്‍ക്ക് വാക്കുകൊടുത്തു. നാട്ടിലുള്ള മാതാപിതാക്കള്‍ക്ക് ഫോണ്‍ചെയ്ത് അയാളോടൊപ്പം പിങ്കിയെ വിടണമെന്ന് ഇവര്‍ പറയണമെന്നുമാത്രം. നിയമം ലംഘിച്ചുള്ള പണിയായതിനാല്‍ ആരോടും പറയരുതെന്നും അയാള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. വീട്ടിലുള്ളവര്‍ക്ക് തിരിച്ചറിയാനായി ചന്ദയുടേയും ബബിലുവിന്റേയും ഫോട്ടോയും അയാള്‍ കൊണ്ടുപോയി. ഒരാഴ്ചക്കുശേഷം അതിര്‍ത്തിക്കപ്പുറത്തെ കൊച്ചുവീട്ടില്‍നിന്ന് അയാളുടെ ഫോണ്‍ വന്നു. അച്ഛനോടും അമ്മയോടും ദീര്‍ഘമായി സംസാരിച്ചു. കൊച്ചുമോളെ പിരിയുന്നതില്‍ അവര്‍ക്കു വിഷമമുണ്ടായിരുന്നെങ്കിലും പിങ്കി സന്തോഷത്താല്‍ തുള്ളിച്ചാടുകയായിരുന്നു. ചെയ്യുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ്, ആരോടും ഇതേക്കുറിച്ച് ഒന്നും പറയരുത്, ചിലപ്പോള്‍ ഒന്നോ അതിലധികമോ ആഴ്ച വേണ്ടിവന്നേക്കും ഡല്‍ഹിയിലെത്താന്‍, താമസിച്ചാലും ആരോടും ഒന്നും പറയരുത്. അയാള്‍ വീണ്ടും വീണ്ടുമോര്‍പ്പിച്ചു.
ഇതെല്ലാം കഴിഞ്ഞിട്ട് ഇന്ന് നാല്‍പ്പത്തിരണ്ടു ദിവസമായി. ഇതുവരെ പിങ്കിയേക്കുറിച്ചോ അയാളെക്കുറിച്ചോ യാതൊരുവിവരവും പിന്നീടറിഞ്ഞിട്ടില്ല. അയാള്‍ കൊടുത്തിരുന്ന ഫോണ്‍നമ്പറും ഇപ്പോള്‍ നിലവിലില്ല എന്നറിയുന്നു. രണ്ടുദിവസം മുന്‍പാണ് അവര്‍ സേഠിനോടും ഭാര്യയോടും വിവരം പറഞ്ഞത്. അവര്‍ കൈ മലര്‍ത്തി. അയാള്‍ അവരുടെ ബന്ധുവല്ലെന്നും അന്യ സംസ്ഥാനങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും തൊഴിലാളികളെ കയറ്റിയയക്കുന്ന പണി അയാള്‍ക്കുള്ളതായി കേട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുറച്ചുനാളായി കേരളത്തിലെ കൊച്ചിയിലേക്കാണ് അയാള്‍ കൂടുതലായി ആള്‍ക്കാരെ അയക്കുന്നതെന്ന് സേഠ് പറഞ്ഞത് അല്‍പ്പം മുന്‍പാണ്. മൂന്നാഴ്ച മുന്‍പ് അയാളവരെ കൊച്ചിയില്‍നിന്ന് വിളിച്ചിരുന്നു എന്നും സംസാരത്തിനിടെ ബബിലുവും ഭാര്യയും സുഖമായിരിക്കുന്നോ എന്ന് അന്വേഷിച്ചെന്നും കൂടി സേഠ് പറഞ്ഞപ്പോള്‍ പിങ്കിയെ അയാള്‍ കേരളത്തിലേക്കാണ് കൊണ്ടുപോയതെന്ന് ഉറപ്പായി. എനിക്കെന്തെങ്കിലും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് അവളെന്നെ വിളിച്ചത്.
'ചന്ദ കരയാതിരിക്കൂ, നമുക്കന്വേഷിക്കാം. പിങ്കിയുടെ വിശദമായ വിവരങ്ങള്‍ പറയൂ. അവളെ കണ്ടാല്‍ എങ്ങനെ? ഉയരമുണ്ടോ? തടിച്ചാണോ? '
എന്താണ് ചെയ്യേണ്ടതെന്ന് യാതൊരു രൂപവുമില്ലെങ്കിലും അവളെ സമാധാനിപ്പിക്കാനായി ചോദിച്ചു. മറുപടിയായി അവളുടെ പൊട്ടിക്കരച്ചിലാണ് കേട്ടത്. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അവള് മകളെ അവസാമായി കണ്ടത്. അന്നവള്‍ക്ക് രണ്ടുവയസ്. അവള് ഇപ്പോള്‍ മുന്നില്‍വന്നുനിന്നാല്‍പോലും പരസ്പരം തിരിച്ചറിയാനാകില്ലെന്ന് കരച്ചിലിനിടയില്‍ അവള് പറഞ്ഞു നിര്‍ത്തി.
'നേരം പുലരട്ടെ, വേണ്ടതു ചെയ്യാം, ഇപ്പോള്‍ നീ ഉറങ്ങൂ' എന്ന് പറയുമ്പോള്‍ എന്റെ ശബ്ദത്തിലെ ആത്മവിശ്വാസമില്ലായ്മ അവള് തിരിച്ചറിയാതിരിക്കാന്‍ വെറുതെ ഒരു കോട്ടുവായിട്ടു.
രാവിലെ തുടങ്ങിയ ഓട്ടമാണ്. ചന്ദയുടെ ഫോണ്‍ ഇടക്കിടെ വരുന്നുണ്ട്. വേണ്ടതെല്ലാം ദീദി ചെയ്യുന്നുണ്ട് എന്ന സമാധാനത്തിലാണവള്‍. സ്വന്തം വീടുകളില്‍പ്പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലാതായരിക്കുന്ന കാലമാണ്. ഊരും പേരും അറിയാത്ത ഒരുത്തന് കൂട്ടിക്കൊണ്ടുപോയ ഒരു മറുനാടന്‍ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അവള് ജീവനോടെ ഉണ്ടാവാനുള്ള സാധ്യതപോലും കുറവാണെന്നാണ് പോലീസിന്റെ അഭിപ്രായം. അവളോടുഞാനിതെങ്ങനെ പറയും?
ഫോണ്‍ വീണ്ടും അടിക്കുന്നു. ദൈവമേ. . ഇതു ചന്ദയാവല്ലേ. . .
------------------------------
Really Sad to read this
ReplyDeleteReally sad to read this
ReplyDelete