ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Friday, October 31, 2014

വെള്ളച്ചി.

‘ഓല് നാട്ടാരേ കാണുമ്പ പൊരേല് പായണേന് ഓലേ പറഞ്ഞിറ്റ് കാര്യോല്ല. ഞാടെ കാര്‍ന്നോമ്മാര് ചെയ്ത്ബച്ച പണീന്റെ കൊണാത്. ആരാന്റേം തലബെട്ടം കണ്ടാ ഞാളേ ‘പായ്, പായ് ‘ ന്ന് കാട്ടിലേക്ക് പായിച്ചീന് അബറ്റ. ഒരാളേം കാണിക്കാണ്ടേം മുണ്ടിക്കാണ്ടേം ബളത്തീന്. പിന്നെങ്ങനാ ഇപ്പ ഓല് മറ്റൊള്ളോരോട് മനുസനേപ്പോലെ മുണ്ടേം പറയേം ചെയ്യാ?’
മുറ്റത്ത് കാലുനീട്ടിയിരുന്ന് വെറ്റിലയും അടക്കയും മരംകൊണ്ടുള്ള കുഞ്ഞുരലില്‍ ഇടിക്കുന്നതിനിടയില്‍ വെള്ളച്ചിയമ്മൂമ്മ ആരോടെന്നില്ലാതെ രോഷം കൊണ്ടു . മണ്മറഞ്ഞുപോയ കാര്‍ണോമ്മാരെക്കുറിച്ചു പറയുമ്പോള്‍ ഉപസര്‍ഗ്ഗ വിശേഷണമായി പച്ചത്തെറിവാക്കുകള്‍ ലോഭമില്ലാതെ ഉപയോഗിച്ചു.
കോളനിയിലെ മൂപ്പന്‍ നമ്പിയുടെ ഭാര്യയാണ് വെള്ളച്ചി.
സാധാരണ പണിയര്‍ക്ക് പ്രായമെത്രയായാലും മുടി നരക്കാറില്ല. അതില്‍നിന്ന് വ്യത്യസ്തമായി വെള്ളച്ച്യമ്മൂമ്മയുടെ തലമുടിയാകെ വെളുത്താണ്. പ്രായം തൊണ്ണൂറിലേറെയുണ്ടാകും. പുറത്തുനിന്ന് ആരെങ്കിലും വന്നാല്‍ പണിയക്കുടിയിലെ സ്ത്രീകള്‍ ഓടിയൊളിക്കുന്നതിനെക്കുറിച്ചാണ് അവര്‍ പറയുന്നത്. പണ്ടുമുതലേ കാര്‍ന്നോമ്മാര് അങ്ങനെ ശീലിപ്പിച്ചിരുന്നു. അതിനാലാണത്രേ ഇപ്പോഴും പണിയര്‍ പുറമേനിന്നുള്ളവരെ കാണുമ്പോള്‍ ഓടിയൊളിക്കുന്നത്.
ക്യാമ്പ് കഴിഞ്ഞ് മരുന്നുകള്‍ വാനില്‍ അടുക്കിവച്ചശേഷം കഥകേള്‍ക്കാനും ചരിത്രമറിയാനുമുള്ള കൗതുകത്താല്‍ വെള്ളച്ചിയമ്മൂമ്മയെ പറയാന്‍ പ്രേരിപ്പിച്ചുകൊണ്ട് അടുത്തുകൂടി. കേള്‍വിക്കാരിയെ കിട്ടിയ സന്തോഷത്തില്‍ ചുണ്ടില്‍ രണ്ടു വിരലുകള്‍ ചേര്‍ത്ത് വച്ച്, അതിനിടയിലൂടെ നീട്ടിത്തുപ്പി വെള്ളച്ചി നിവര്‍ന്നിരുന്നു . ‘തള്ള പൊരാണം തൊടങ്ങ്യാ മോന്ത്യായാലും തീരൂലാ. സാറ് ബീട്ടിപ്പാന്‍ നോക്ക്‌ന്നേ ‘
അകത്തുനിന്ന് ഒരു കസേരയുമായി വന്ന മരുമകള്‍ പറഞ്ഞു.
‘പറയട്ടെ. കാര്യങ്ങളറിയാന്‍ എനിക്കും താല്പര്യമുണ്ട്.’ കസേര സ്‌നേഹപൂര്‍വ്വം നിരസിച്ച്, തറയിലിട്ട മുട്ടിപ്പലകയില്‍ ഇരിക്കുന്നതിനിടയില്‍ പറഞ്ഞു.
‘ഞാള് ചെറ്യേ പിള്ളരാരുന്നപ്പോ ഈടേല്ലാം ഇപ്പക്കാണണചേല്‌ക്കൊന്ന്വല്ല. അപ്പോ ഇബ്‌ടേല്ലാം കാടാര്ന്ന് . . .’ മലയാളവും അവരുടെ സ്വന്തം ഗോത്രഭാഷയും ഇടകലര്‍ത്തി വെള്ളച്ചി കഥപറയാന്‍ തുടങ്ങി. ഇടക്ക് ഓര്‍മ്മകളില്‍ സ്വയം നഷ്ടപ്പെട്ടും മറ്റുചിലപ്പോള്‍ വിങ്ങിപ്പൊട്ടിയും നല്ല ഓര്‍മ്മകളില്‍ നിഷ്‌ക്കളങ്കമായി സന്തോഷിച്ചും. പണ്ട് ജന്മിമാരുടെ അടിമകളായിരുന്നൂത്രേ പണിയര്‍. ഓരോ വര്‍ഷവും വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിനാണ് അവര്‍ പണിയക്കുടുംബങ്ങളെ ലേലം വിളിക്കുന്നത്. പിന്നെ അടുത്ത ഒരുവര്‍ഷത്തേക്ക് അവര്‍ ജന്മിയുടെ സ്വകാര്യസ്വത്താണ്. അങ്ങനെ സ്വന്തമാക്കുന്ന പണിയന്റെ കുടുംബത്തിനുമേല്‍ ജന്മിക്ക് സര്‍വ്വാധികാരമാണ്. പുലര്‍ച്ചെ മുതല്‍ മൂവന്തിയോളം പാടത്തും പറമ്പിലും മാടിനെപ്പോലെ പണിയെടുക്കുന്ന പണിയന് പക്ഷേ തമ്പ്രാന്റെ അടിച്ചതിനകത്ത് കയറാന്‍ അവകാശമില്ല. തീണ്ടാപ്പാട് ദൂരെ വേണം നില്‍ക്കാന്‍. ആഴ്ചയിലൊരിക്കല്‍ തലയില്‍തേക്കാന്‍ ഒരുതുടം എണ്ണ, മാസത്തില്‍ ഒരുസേര്‍ നെല്ല്, ഓണത്തിനും വിഷൂനും ഓരോ തുണി. ഇത്രയൊക്കെയാണ് കൂലി.
വയനാട്ടിലെ പലയിടങ്ങളിലും ഇപ്പോഴും സവര്‍ണ്ണ ഹിന്ദുക്കളും ആദിവാസികളിലെത്തന്നെ ഉയര്‍ന്ന ഗോത്രക്കാരും പണിയരെ മുറ്റത്തുപോലും കയറാനനുവദിക്കാറില്ല. വയനാട്ടിൽ ഉള്ളപ്പോൾ എന്നോടൊപ്പം സഹായികളായി താമസിക്കുന്നവർ പണിയാരാണെന്നു കേട്ട് അവിടെയുള്ളവർ അത്ഭുതപ്പെടാറുണ്ട്. പണിയരെ വീട്ടിൽ കയറ്റുമോ ,അവർ പാകം ചെയ്ത ഭക്ഷണം നിങ്ങൾ കഴിക്കുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ ഇപ്പോഴും എനിക്ക് കേൾക്കേണ്ടിവരാറുണ്ട്
‘ചെറ്യേ മൊട്ടത്ത്യോളേം മൊട്ടമ്മാരേം തമ്പ്രാക്കള് കാണാത്യാ ഞാള് ബളത്തല്.’ വെള്ളച്ചി കഥ തുടര്‍ന്നു. പെണ്‍കുട്ടികളെ മൊട്ടത്തി എന്നും ആണ്‍കുട്ടികളെ മൊട്ടന്‍ എന്നുമാണ് അവരുടെ ഭാഷയില്‍ പറയുന്നതെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു എങ്കിലും അവരെ തമ്പ്രാക്കളില്‍നിന്ന് ഒളിപ്പിക്കുന്നതിന്റെ രഹസ്യം മനസ്സലായില്ല. എന്റെ സംശയം കേട്ടപ്പോള്‍ അമ്മൂമ്മ ഉറക്കെച്ചിരിച്ചു. ചിരിയുടെ അവസാനം പുച്ഛവും ദേഷ്യവും സങ്കടവും അടക്കാനാവാതെ അവര്‍ നീട്ടിത്തുപ്പി. കുറച്ചുനേരം അവര്‍ മൗനമായിരുന്നു. മുഖം ദേഷ്യത്താല്‍ വലിഞ്ഞുമുറുകി.
‘ഓല് തൂരേന്ന് ബരണകണ്ടാ പണ്യേര് കാട്ടിലേക്ക് പായണം, ഓലേ തീണ്ടാണ്ടിരിക്കാന്‍. ബയലിലും തോട്ടത്തിലും പണീട്ത്ത് തളര്‌മ്പോ ച്ചിരി ബെള്ളം കുടിക്കണേങ്കി ചെരട്ടേലാ ഒയിച്ച് തരല്. അതും തൂരെ പറമ്പില്. പയിക്കുമ്പം പറമ്പില് കുയീട്ത്ത്, അതില് ചേമ്പെല ഇട്ട് അതിലൊയിച്ചാ കഞ്ഞി തരല്. ഓലടെ പാത്തരങ്ങള് പണിച്ച്യോള് തൊട്ടാ ചുത്തം മാറും, മുറ്റത്ത് ഞാള് കേറ്യാ പിന്നെ ചാണാന്‍ തളിക്കണം ചുത്താവാന്‍. പച്ചേ, പണിച്ച്യോളെ പിടിച്ചോണ്ട് പോയി അബമ്മാര്‌ടെ തെളപ്പ് തീര്‍ക്ക്മ്പ ചുത്തക്കേടൂല്ലാ തീണ്ടലൂല്ല. പണിച്ച്യോളെ ബയറ്റില്ണ്ടാക്കി ബിട്ടാ ണ്ടാബണ പൈതങ്ങളെ തൊടാന്‍ പറ്റൂല്ല.. ത്ഫൂ. . .’
വെറ്റിലയില്‍ നൂറുതേച്ച്, അടക്കചേര്‍ത്ത് കൈയുരലില്‍വച്ച് ഇടിക്കുന്നത് നോക്കി വെള്ളച്ച്യമ്മൂമ്മയുടെ ദേഷ്യമടങ്ങാന്‍ ക്ഷമയോടെ കാത്തിരുന്.
‘നാട്ടീന്നു ബന്ന *ചേട്ടമ്മാര്‍ക്ക് തീണ്ടലും തൊടീല്വൊന്നൂല്ല. ഓല്ക്ക് ബേണ്ടത് ഞാടെ കുടീരിക്കണ കാടാ. അയിന് ഓല് മൂപ്പന് ച്ചിരി കള്ളും പൊകലേം ബാങ്ങികൊട്ക്കും. ഓലതും ബാങ്ങി എല്ലാം ഒയിഞ്ഞ് കൊട്‌ക്ക്വേം ചെയ്യും. ചേട്ടമ്മാര്ക്കും ഇബ്ടത്തെ തമ്പ്രാക്കമ്മാര്ക്കും ഒര് കാര്യത്തില് ബത്യാസോല്ല. മോന്ത്യായാ കൂട്ടിന് ഞാടെ മൊട്ടച്ച്യാരെ ബേണം. അതോണ്ടാ കാര്‍ന്നോമ്മാര് പൈതങ്ങളെ നാട്ടാരെ കാണാണ്ട് ബളത്തീത്. കുടീരിക്കണ കാടിന്റട്‌ത്തെങ്ങാനും ആരാന്റേം തലബെട്ടം കണ്ടാ ഓല് ഞാളെ കാട്ടിലേക്ക് പായിക്കും.’
പെട്ടെന്ന് അമ്മൂമ്മ തളര്‍ന്നു . ശ്വാസം നീട്ടി വലിക്കാന്‍ തുടങ്ങി. വിയര്‍ത്തുമുങ്ങി. ആകെ ഒരു സംഭ്രമം. ഓടിച്ചെന്ന് ബി പി അപ്പാരറ്റസ് എടുത്തുകൊണ്ടുവന്നു. ബ്ലഡ് പ്രഷര്‍ ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. ശ്വാസംമുട്ടലുമുണ്ട്. ഹൃദ്രോഗിയായ അവര്‍ കൂടുതല്‍ സംസാരിച്ചതിന്റെ ക്ഷീണവും പഴയകാര്യങ്ങള്‍ അയവിറക്കിയപ്പോഴുണ്ടായ വികാരത്തള്ളിച്ചയുമാണ് പെട്ടന്നവരെ തളര്‍ത്തിയത്. മരുന്നു കൊടുത്തു. കുടിലിനകത്തുകൊണ്ടുപോയി കിടത്തി. കുറച്ചുസമയംകൂടി അവിടെത്തന്നെയിരുന്നു. വീണ്ടും പരിശോധിച്ചപ്പോള്‍ ബി പി താണതായി കണ്ടു. ശ്വാസംമുട്ടലും കുറഞ്ഞു. നന്നായി ഇരുട്ടിയപ്പോള്‍ അവര്‍ പൊയ്‌ക്കൊള്ളാന്‍ നിര്‍ബന്ധിച്ചു.
ആ കാലമൊക്കെ കഴിഞ്ഞില്ലെ, ഇനി നിങ്ങളെ ആരും ഉപദ്രവിക്കില്ല എന്ന് വെള്ളച്ചിയെ സമാധാനിപ്പിച്ച് വണ്ടിയില്‍ കയറുമ്പോള്‍ വിങ്ങലോടെ ഓര്‍ത്തു, ചൂഷകര്‍ക്കും ചൂഷണത്തിന്റെ രീതിക്കും മാത്രമാണ് മാറ്റം വന്നിരിക്കുന്നത്. ഇവരുടെ അവസ്ഥക്ക് ഇനി എന്നാണൊരു മാറ്റമുണ്ടാവുക !
—————————————
* ക്രിസ്ത്യാനികളെ പൊതുവെ വയനാട്ടിൽ പറയുന്നത് ചേട്ടന്മാർ എന്നാണ് .

No comments:

Post a Comment