ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Saturday, July 3, 2010

മാറുന്ന ലോകാധിപത്യം

സാമ്രാജ്യങ്ങള്‍ തകരുക തന്നെ ചെയ്യും. ഫ്ലാഷ് ന്യൂസ് പോലെ കണ്മുന്നില്‍ മിന്നി മറയുന്ന ആയുസ്സേ മനുഷ്യനുള്ളൂ. മനുഷ്യായുസ്‌ ചുരുങ്ങുന്നതിലും വേഗത്തില്‍ സാമ്രാജ്യങ്ങളുടെ ഭൂപടങ്ങള്‍ മാറ്റി വരയ്ക്കപ്പെടാം. കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കാലം ലോകം ഭരിച്ച ശക്തികേന്ദ്രങ്ങളെ ശ്രദ്ധിക്കുക , ഇന്ന് അവ എവിടെ എത്തി നില്‍ക്കുന്നു എന്നും ( 1850 മുതല്‍ 1914 വരെ ബ്രിട്ടനും, 1945 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളും).അവ ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ശക്തികേന്ദ്രങ്ങളായി തുടരുമ്പോഴും ഈ രാജ്യങ്ങള്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. അമേരിക്കയുടെ സൈനിക ശേഷി ലോകത്തെ മറ്റു രാജ്യങ്ങളുടെ മൊത്തം ശേഷിയുടെ അത്ര തന്നെ വരുമെങ്കിലും, അതിന്റെയര്‍ഥം, എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ലോക മഹാശക്തിക്കുണ്ടെന്നല്ല. അമേരിക്കയുടെ സൈനിക മേധാവിത്വം ഇപ്പോഴും തുടരുന്നുവെന്നത് സത്യം തന്നെ. പക്ഷേ, അമേരിക്കയെന്ന സാമ്പത്തിക ശക്തി ഇന്നു വെല്ലുവിളികള്‍ക്കു നടുവിലാണ്. അതിന്റെ ശക്തിയും സ്വാധീനവും ലോകത്തിന്റെ പല ഭാഗങ്ങളിലും പല മേഖലകളിലും ഏറിയും കുറഞ്ഞുമാണ് അനുഭവപ്പെടുന്നത്. അന്തര്‍ദേശീയ വ്യവസ്ഥിതിയില്‍ ശാക്തിക മേല്‍ക്കോയ്മ നിരന്തരം വെല്ലുവിളിക്കപ്പെടുന്ന ഒന്നാണ്.ഇത് എപ്പോഴും മാറ്റങ്ങള്‍ക്കു വിധേയമാണ് .
റോമാ‍ സാമ്രാജ്യത്തിന്റെ പതനവും തുടര്‍ന്ന് യൂറോപ് വിവിധ രാജ്യങ്ങളായി പിരിഞ്ഞുപോവുകയും ചെയ്ത സമയത്ത് ചൈന നേര്‍വിപരീത ദിശയില്‍ ഏകീകരണത്തിലേക്കു നടന്നടുക്കുകയായിരുന്നു. അങ്ങനെയുള്ള ഐക്യപ്പെടലാണ് ചൈനീസ് സംസ്കാരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് സഹായകമായത് .ലോകചരിത്രത്തിന്റെ ആഖ്യായികയെ എങ്ങിനെയാണോ യൂറോപ് കഴിഞ്ഞ രണ്ടു നൂറ്റാണ്ടു കലം സ്വാധീനിച്ചത്, അതു തന്നെ ഈ നൂറ്റാണ്ടില്‍ ചൈനയും ചെയ്യും. അതായത്, ചൈന നിയന്ത്രിക്കുന്ന ഒരു ലോകക്രമത്തില്‍ ഇതു വരെയുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്ഥമായ സങ്കല്പങ്ങളും ആശയങ്ങളും വേരുപിടിക്കും. വിഭജനങ്ങള്‍ക്കു പകരം ഐക്യം, ദേശരാഷ്ട്രത്തിനു പകരം സാംസ്കാരിക രാഷ്ട്രം, വെസ്റ്റ്ഫാലിയന്‍ വ്യവസ്ഥിതിക്കു പകരം പരസ്പരബന്ധിതമായ രാജ്യങ്ങളുടെ ഒരു ലോക ക്രമം, ആധുനിക വത്കരണം-യാഥാസ്ഥികത്വം എന്ന ദ്വന്ദ‍ത്തിനു പകരം കേന്ദ്രീകരണം-വികേന്ദ്രീകരണം എന്നിങ്ങനെ അഗോള സംവാദങ്ങളില്‍ കാതലായ മാറ്റം വരും.ചൈനയുടെ വേറിട്ട സംസ്കാരിക ചരിത്രമാണ് ആ രാജ്യത്തിനു മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമായ ഒരു സ്വത്വവും സവിശേഷതകളും നല്‍കുന്നത്. ചൈനയുടെ പ്രധാന സവിശേഷതകളെല്ലാം – ഐക്യത്തിനുള്ള അമിത പ്രാധാന്യം, സ്റ്റേറ്റിന്റെ അധികാരവും പങ്കും, കേന്ദ്രീകരണ പ്രവണത, മഹത്തായ ചൈന എന്ന സങ്കല്പം, വംശ ബോധം, കുടുംബ ഘടന എനിവയെല്ലാം – ദേശരാഷ്ട്രമാവാനുള്ള ശ്രമങ്ങള്‍ തുടങ്ങുന്നതിനു മുന്‍പേ രൂപപ്പെട്ടവയാണ്. അതുകൊണ്ടു തന്നെ, ഒരു ലോകശക്തിയായി ഉയരുന്ന ചൈന പടിഞ്ഞാറിന്റേതില്‍ നിന്നും വ്യത്യസ്ഥമായ ഒരു രാഷ്ട്രീയ മുഖമാണ് മുന്നോട്ടു വയ്ക്കുക.
റോമാ സാമ്രാജ്യം പോലെ നാളെ അമേരിക്കയും ഓര്‍മയുടെ പുകമറയില്‍ പെട്ടുപോകാം. ഏതാനും കുറിപ്പുകളിലൂടെ ശില്പങ്ങളിലൂടെ അതിന്റെ ഭൂത കാലം ഓര്‍മിക്കപ്പെടുന്ന ഒരവസ്ഥയിലെക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌. തങ്ങള്‍ക്കു അധീശത്വം നഷ്ടപ്പെടുന്ന ഒരു ലോകക്രമത്തില്‍ അമേരിക്ക എങ്ങിനെ അതിജീവിക്കും എന്നതാണ് ചോദ്യം. ജോര്‍ജ് ബുഷിന്റെ ഭരണകാലത്ത് ലോകത്തെ ഒരേയൊരു സൂപ്പര്‍ പവറായി അമേരിക്ക സ്വയം മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണുണ്ടായത്. തങ്ങള്‍ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന ശക്തിക്ഷയം അംഗീകരിക്കുന്നതിനു പകരം ഏകപക്ഷീയമായ സൈനീക നീക്കങ്ങളിലൂടെ അമേരിക്കയുടെ ശക്തി വ്യാപിപ്പിക്കാനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് തങ്ങളുടെ താല്പര്യങ്ങള്‍ക്കനുസരിച്ച് മാറ്റിത്തീര്‍ക്കാനുമാണ് ബുഷ് ഭരണകൂടം ശ്രമിച്ചത്. കിഴക്കനേഷ്യയില്‍ ചൈന കാഴ്ച വച്ച പുരോഗതി പോലും ആഗോള ശാക്തിക സമവാക്യങ്ങളിലുണ്ടാവുന്ന മാറ്റങ്ങളായി കാണാന്‍ അമേരിക്കക്കു കഴിഞ്ഞില്ല. യുദ്ധങ്ങള്‍ക്കും ആള്‍നാശത്തിനും പുറകെ നടന്നു തങ്ങളുടെ കുഴി തങ്ങള്‍ തോണ്ടി എന്നാവും വരുംതലമുറ അമേരിക്കയെപ്പറ്റി പറയുക . ഏതൊരു കലഹവും സ്വന്തം വളര്‍ച്ച മുരടിപ്പിക്കുന്നു എന്ന തത്വം ലോകവും പ്രത്യേകിച്ചോരോ മനുഷ്യനും ഓര്‍ക്കെണ്ടിയിരിക്കുന്നു. യുദ്ധം മാത്രമല്ല യുദ്ധം ചെയ്യാനുള്ള ആഹ്വാനംപോലും മുരടിപ്പിലെക്കാണ് എറിയുന്നത് എന്നും അറിയുക.

No comments:

Post a Comment