ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Tuesday, March 27, 2012

തക്കുടു (കഥ)

കുഞ്ഞുങ്ങളില്ലാത്ത ഞങ്ങളുടെ ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് അവനെ ഞങ്ങള്‍ക്ക് കിട്ടിയത്.ഞങ്ങളുടെ അടുത്തെത്തുമ്പോള്‍ അവന് ഏതാണ്ട് മൂന്നുമാസം പ്രായമേ ഉണ്ടായിരുന്നുള്ളൂ. കറുത്ത കണ്ണുകളും ഭംഗിയുള്ള മൂക്കുമുള്ള ഓമനത്തം തുടിക്കുന്ന അവനു ഞങ്ങള്‍ തക്കുടു എന്ന് പേരിട്ടു.

അവന്റെ വരവോടെ ഞങ്ങളുടെ വീടുണര്‍ന്നു.

അവന്റെ കരച്ചിലും കുസൃതികളും-വീടാകെ ബഹളമയമായി .

എന്റെ ദിനര്യകളാകെ തെറ്റി.

രാവിലെ ഉണര്‍ന്നെണീറ്റാല്‍ അവന്റെ പാല്‍ റെഡി യാക്കലായി എന്റെ ആദ്യ പണി. അതു തിളപ്പിച്ചാറ്റി കൊടുക്കുന്നതുവരെ അവന്‍ സ്വൈര്യം തരില്ല. പാലെങ്ങാന്‍ വരാന്‍ വൈകിയാല്‍ അന്നവന്‍ വീട് കമഴ്ത്തി വയ്ക്കും.

എന്റെ പതിവുള്ള നടത്തവും മെ ഡി റ്റെഷനും എല്ലാം നിന്നു.

തക്കുടു ഉറങ്ങുന്നതും ഉണരുന്നതും അവന്റെ ഭക്ഷണ സമയവും അനുസരിച്ച് ഞാനെന്റെ മറ്റെല്ലാ കാര്യങ്ങളും ചാര്‍ട്ട് ചെയ്തു.
ഓഫീസിലെത്തിയാലും മനസ്സു വീട്ടില്‍ തന്നെ. ഉച്ചയൂണിന് വീട്ടിലെത്തുന്നതിനു മുമ്പ് പലതവണ വീട്ടിലേക്കു ഫോണ്‍ ചെയ്ത് തക്കുടൂനു പാലുകൊടുത്തോ, കുളിപ്പിച്ചോ, സെറിലാക്ക് കൊടുത്തോ എന്നെല്ലാം പാറൂനെ വിളിച്ച ന്വേഷിക്കും. എന്നാലും നേരിട്ടു വന്ന് അവനെ കാണുന്നതുവരെ എനിക്കൊരു സ്വസ്ഥതയും ഉണ്ടാവില്ല. എന്റെ വേവലാതി കണ്ട് പാറു കളിയാക്കി ചിരിക്കും.

തക്കുടൂന്റെ വരവ് അദ്ദേഹത്തിനും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി. പഴയ മുന്ശുണ്ടി എല്ലാം മാറി. പരസ്യമായി അവനെ അധികം ലാളിക്കാറി ല്ലെങ്കിലും മറ്റാരും അടുത്തില്ലെന്ന് കണ്ടാല്‍ അദ്ദേഹം അവനെ കൊഞ്ചിക്കുന്നതും കളിപ്പിക്കുന്നതും ഞാന്‍ മറഞ്ഞുനിന്ന് ആസ്വദിക്കാറുണ്ട് . ഞാന്‍ കണ്ടു എന്ന് മനസ്സിലായാല്‍ 'ഇവന്‍ വന്നതോടെ നിനക്കെന്റെ കാര്യത്തില്‍ തീരെ ശ്രദ്ധയില്ലാ തെയായി'എന്ന് ഇല്ലാപ്പിണക്കം നടിക്കും. അവനുവേണ്ടി പ്രത്യേക സോപ്പും ബിസ്ക്കറ്റും വാങ്ങുനത്തില്‍ എന്നെക്കാള്‍ ശ്രദ്ധ അദ്ദേഹത്തിനായി.ഓഫീസ്സില്‍ നിന്നു വരുമ്പോള്‍ അദ്ദേഹത്തിന്‍റെ ബാഗില്‍ തക്കുടൂനു വേണ്ടി എന്തെങ്കിലും, കളിപ്പാട്ടമോ പുതിയ ഇനം ബിസ്ക്കറ്റോ ,അങ്ങനെ എന്തെങ്കിലും പതിവായി.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലമായിരുന്നു അത്‌.

തക്കുടു ഓടിനടക്കാന്‍ തുടങ്ങിയതോടെ എന്റെ വേവലാതി കൂടി. വീട്ടില്‍ സാധനങ്ങളൊന്നും നിലത്തു വയ്ക്കാന്‍ വയ്യാതെയായി. എല്ലാം അവന്‍ തട്ടിമറി ക്കും.

ഞങ്ങള്‍ ഓഫീസില്‍നിന്നു വരുന്നതും കാത്ത്‌ അവന്‍ വാതില്‍ക്കല്‍ തന്നെയുണ്ടാവും. ഞങ്ങളെ ദൂരെ കാണുമ്പോഴേ വഴിയിലേക്ക് ഓടിയിറങ്ങാന്‍ ബഹളം തുടങ്ങും. അവനെ അടക്കി നിര്‍ത്താന്‍ പാറു നന്നായി ബുദ്ധിമുട്ടേണ്ടി വരും.

ഞങ്ങളുടെ വീട് മെയിന്‍ റോഡിനോട് വളരെ ചേര്‍ന്നാണ്. അതുകൊണ്ടു തന്നെ ഓഫീസ്സില്‍ ഇരിക്കുമ്പോള്‍ എനിക്കൊരു സമാധാനവും ഉണ്ടാവില്ല. പാറൂന്റെ കണ്ണുവെട്ടിച്ച് എന്റെ തക്കുടുവെങ്ങാന്‍ റോഡില്‍ ഇറങ്ങുമോ....

* * * * * * *

ഇപ്പോള്‍ ഞങ്ങളുടെ വീട്ടില്‍ ആര്‍ക്കും ചിരിയില്ല. പരസ്പരം സംസാരിക്കുന്നത് പോലും അത്യാവശ്യങ്ങള്‍ക്ക് മാത്രം.

കഴിഞ്ഞ വെള്ളിയാഴ്ച അതു സംഭവിച്ചു. പാറൂന്റെ കണ്ണുവെട്ടിച്ച് അവന്‍ റോഡില്‍ ഇറങ്ങി...

പിന്നീട് ഇതുവരെ ഞങ്ങള്‍ക്കവനെ കാണാന്‍ കഴിഞ്ഞിട്ടില്ല ഇനി അന്വേഷിക്കാന്‍ ഒരിടമില്ല. വണ്ടിയില്‍ വന്ന ആരോ അവനെ പിടിച്ചുകൊണ്ടു പോയി എന്നാണ് എല്ലാവരും പറയുന്നത്.

എനിക്കിപ്പോള്‍ ഒറ്റ പ്രാര്‍ഥനയെ ഉള്ളൂ. എന്റെ തക്കുടൂനെ കൊണ്ടുപോയത് ആരായാലും അവനെ നന്നായി വളര്‍ത്തിയാല്‍ മതിയായിരുന്നു...അവനെ ആരും ചങ്ങലയില്‍ കെട്ടിയിടാതിരുന്നാല്‍ മതിയായിരുന്നു. കൂട്ടിനകത്ത്‌ അടച്ചിടാതിരുന്നാല്‍ മതിയായിരുന്നു. ഒരു തെണ്ടിപ്പട്ടിയായി അവന് ഒരിക്കലും തെരുവില്‍ അലഞ്ഞുനടക്കാന്‍ ഇടവരല്ലെ ഈശ്വരാ...

No comments:

Post a Comment