ഇന്ന്,ഏതൊരു കുഞ്ഞും ജനിക്കുന്നതുനു മുന്‍പേ,അവന്റെ പേരും നാളും ജനനതീയതിയും ,എന്തിനേറെ ,ലിംഗമേതെന്നു പോലും തീരുമാനമാകുന്നതിനു മുന്‍പേ,തീരുമാനിക്കപ്പെടുന്ന ഒന്നുണ്ട്. അവന്റെ ജാതി,അവന്റെ മതം.

Wednesday, May 30, 2012

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സ്ത്രീകള്‍ എത്ര അരക്ഷിതര്‍ !!((അനുഭവം ))

ഇന്ന് രണ്ടായിരത്തി പന്ത്രണ്ട്,മേയ് ഇരുപത്തി മൂന്നാം തീയതി .നാളെ അമ്മേടെ രണ്ടാം ശ്രാദ്ധ ദിനം. അമ്മയില്ലാതെ രണ്ടാണ്ട് ഈ ഭൂമിയില്‍ ജീവിച്ചു. കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന് പറയുന്നത് എത്ര സത്യം ! അമ്മയുടെ വേര്‍പാട് ഉണ്ടാക്കിയ മുറിവും കാലം മാച്ചു.
വയനാട്ടില്‍ നിന്നു രാവിലേ ഇക്കേടെ കാറില്‍ കണ്ണൂര്‍ക്ക്‌ പുറപ്പെട്ടു. അവിടെനിന്നു ട്രെയിനില്‍ ഏറണാകുളത്തേക്ക്  പോകാന്‍ കണ്ണൂര്‍ - എറണാകുളം ഇന്റര്‍ സിറ്റിയില്‍ സീറ്റ് ബുക്ക് ചെയ്തിരുന്നു .ട്രെയിന്‍ പുറപ്പെടുമ്പോഴും വെയിറ്റിംഗ്  ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തു തന്നെ എന്റെ പേര്. കണ്ണൂര് നിന്നു പുറപ്പെടുന്ന വണ്ടി ആയതിനാല്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട് മെന്റിന്റെ സമീപത്തുള്ള സാധാരണ കമ്പാര്‍ട്ട് മെന്റില്‍ സീറ്റ് കിട്ടി. ജനാലയോട് ചേര്‍ന്നുള്ള സീറ്റ്. എങ്കില്‍ പിന്നെ ഇനി ടി ടി ആറിനെ കാണാനൊന്നും നില്‍ക്കണ്ടാ, അവിടെ തന്നെ ഇരിക്കാം എന്ന് തീരുമാനിച്ചു.  ആ കമ്പാര്‍ട്ട് മെന്റില്‍ സീറ്റുകള്‍ പരസ്പരം അഭിമുഖമായിട്ടല്ല, ഒന്നിന് പുറകില്‍ മറ്റൊന്നായാണ് ക്രമീകരിച്ചിരുന്നത് . അതിനാല്‍ തിരക്ക് വന്നാലും സീറ്റിന്റെ ഇടയില്‍ കയറി ആരും നില്‍ക്കില്ല.
വെയിലിന്റെ ആക്രമണം അസഹ്യമായതിനാല്‍ ഞാന്‍ ജനാലയുടെ അരികില്‍ നിന്നും അല്‍പ്പം മാറിയാണ് ഇരുന്നത്.  ട്രെയിന്‍ പുറപ്പെടുന്നതിനു മുമ്പ് തോളില്‍ ലാപ് ടോപ്‌ തൂക്കിയ ഒരു ചെറുപ്പക്കാരന്‍ തൊട്ടടുത്ത സീറ്റില്‍ വന്നിരുന്നു. അയാള്‍ വളര ചേര്‍ന്നിരുന്നതിനാല്‍ വെയിലിന്റെ ചൂട് അവഗണിച്ചു കൊണ്ട് ഞാന്‍ ജനാലയുടെ അരികിലേക്ക് ചേര്‍ന്നിരുന്നു. അല്‍പ്പ സമയത്തിനു ശേഷം അയാള്‍ സംസാരിക്കാന്‍ തുടങ്ങി.
'ചേച്ചി എങ്ങോട്ടാ ?'
'എറണാകുളം.' ഞാന്‍ ഉത്തരം ഒറ്റവാക്കില്‍ ഒതുക്കി.
'ചേച്ചി ഏറണാകുളത്താണോ  വര്‍ക്ക് ചെയ്യുന്നേ?' അയാള്‍ വീണ്ടും ചോദിച്ചു.
എന്റെ നാട് എറണാകുളം ആണ് എന്നും വയനാട് പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടര്‍ ആണ് ഞാന്‍ എന്നും അയാളുടെ തുടര്‍ന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞു. സാമാന്യ മര്യാദ അനുസരിച്ച് അയാള്‍ എവിടെ പോകുന്നു എന്ന് ഞാനും ചോദിച്ചു. അയാള്‍ കണ്ണൂരുകാരന്‍ ആണെന്നും ഏറണാകുളത്താണ്  ജോലി എന്നും പറഞ്ഞു.
ഞാന്‍ ബാഗില്‍ നിന്നും പുസ്തകമെടുത്തു വായിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളും സ്വന്തം കയ്യില്‍ ഇരുന്ന ഫ്രണ്ട്  ലൈന്‍ മാഗസിന്‍ നിവര്‍ത്തി വായിക്കാന്‍ തുടങ്ങി.
വായനയില്‍ ശ്രദ്ധിച്ചിരുന്ന ഞാന്‍ പെട്ടന്ന് എന്റെ ശരീരത്തില്‍ അയാളുടെ കൈ വിരലുകള്‍ സ്പര്‍ശിക്കുന്നത് ശ്രദ്ധിച്ചു. അറിയാതെ കൈ  കൊണ്ടതാവാമെന്നു കരുതി അയാളുടെ കയ്യിലേക്ക് ഒന്നു നോക്കിയ ശേഷം ഞാന്‍ അല്‍പ്പം കൂടി ജനാലക്കലെക്ക് ഒതുങ്ങി ഇരുന്നു. തുടര്‍ന്ന് എനിക്ക് വായനയില്‍ ശ്രദ്ധിക്കാനായില്ല. എങ്കിലും പുസ്തകം നിവര്‍ത്തി വായിക്കുന്ന മട്ടില്‍ തന്നെ ഇരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന് അധികം വൈകാതെ എനിക്ക് മനസിലായി. 'കണ്ണൂര് എവിടെയാണ് ഇയാളുടെ വീട്?' ഞാന്‍ ചോദിച്ചു. ചേച്ചിക്ക് കണ്ണൂര് അറിയാമോ എന്ന ചോദ്യത്തിന് എനിക്ക് കണ്ണൂര് ചില സുഹൃത്തുക്കളൊക്കെ ഉണ്ട് എന്ന് ചെറിയ ഭീഷണി മട്ടില്‍ ഞാന്‍ മറുപടി പറഞ്ഞു. തോട്ടട യില്‍ ആണ് വീടെന്നും ഏറണാകുളത്ത് കുസാറ്റില്‍ ആയിരുന്നു പഠനം എന്നും ബി ടെക്ക്‌ കഴിഞ്ഞ് വൈറ്റിലയിലുള്ള ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയില്‍
ജോലി ചെയ്യുകയാണെന്നും അയാള്‍ പറഞ്ഞു. ഏതു വര്‍ഷം ആണ് പാസ് ഔട്ട് ആയതെന്ന എന്റെ ചോദ്യത്തിന് 2007 -ല്‍ പഠനം കഴിഞ്ഞു എന്ന് അയാള്‍ പറഞ്ഞു. 'അപ്പൊ ഏതാണ്ട് ഇരുപത്തേഴു വയസ്സ് കാണും ല്ലേ?' ഞാന്‍ ചോദിച്ചു.
'അതേ' അയാള്‍ പറഞ്ഞു.
ഞാന്‍ വീണ്ടും വായനയിലേക്ക് തിരിഞ്ഞപ്പോള്‍ അയാള്‍ ഉറങ്ങുന്ന മട്ടില്‍ ഇരുന്നു. കുറച്ചു സമയത്തിനു ശേഷം അവന്റെ വിരലുകള്‍ വീണ്ടും നീണ്ടു വന്നു.
'മോനെ, നീ കുറച്ചങ്ങു നീങ്ങി ഇരിക്ക്. വെയിലിന്റെ ചൂട് താങ്ങാന്‍ പറ്റുന്നില്ല.' ഞാന്‍ അവനോടു പറഞ്ഞു.
'ഈ ചൂടിലും ഡോക്ടര്‍ ഓവര്‍ കോട്ടൊക്കെ ഇട്ടിട്ടുണ്ടല്ലോ?'അല്‍പ്പം മാറിയിരുന്നു കൊണ്ട് അവന്‍ പറഞ്ഞു. എന്തു ചെയ്യാന്‍ , ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് ചൂടാണെങ്കിലും ഇതൊക്കെ ധരിക്കേണ്ടി വരുന്നു ഇക്കാലത്ത് എന്ന് ഞാന്‍ ഉറക്കെ പറഞ്ഞു. കുറച്ചു സമയത്തേക്ക് അവന്റെ ശല്യം ഉണ്ടായില്ല. പതുക്കെ പതുക്കെ അവന്‍ തൊട്ടുരുമ്മി ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു 'നിന്റെ വീട്ടില്‍ ആരൊക്കെയുണ്ട്?'
'അച്ഛനും അമ്മേം ഏട്ടനും.'
'പെങ്ങമ്മാരില്ല അല്ലെ?' ഞാന്‍ ചോദിച്ചു. ഇല്ലെന്നു അവന്‍ മറുപടി പറഞ്ഞു. 'അമ്മ ഉണ്ടല്ലോ ?' എന്റെ ചോദ്യത്തിന് അവന്‍ ഉണ്ടെന്നു തല കുലുക്കി.
വീണ്ടും കുറച്ചു സമയത്തേക്ക് വല്യ ശല്യം ഇല്ലാതെ അവന്‍ ഉറങ്ങുന്ന മട്ടില്‍ മടിയില്‍ വച്ചിരിക്കുന്ന ലാപ് ടോപ്പിലേക്ക് തല ചായ്ച് ഇരുന്നു.
ശല്യം തീര്‍ന്നു എന്ന് കരുതി ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിലേക്കും തിരിഞ്ഞു.
പെട്ടെന്നാണ് കാല്‍മുട്ടിന് താഴെ, ജീന്‍സിന്റെ മുകളില്‍ കൂടി എന്തോ ഇഴയുന്നതായി തോന്നിയത്. ഞാന്‍ കുനിഞ്ഞു നോക്കിയപ്പോള്‍ , ഉറങ്ങുന്ന മട്ടില്‍ മടിയില്‍ തലചായ്ചിരിക്കുന്ന അവന്റെ കയ്യാണ് അതെന്നു  കണ്ടു. അവന്റെ കൈ പിടിച്ചുയര്‍ത്തിക്കൊണ്ട് ഞാനവനെ തട്ടി വിളിച്ചു. ഒന്നുമറിയാത്ത മട്ടില്‍ , ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത് പോലെ അവന്‍ എന്റെ നേരെ നോക്കി.
അവന്റെ മുഖത്തേക്ക്, കണ്ണിലേക്കു നോക്കി ഞാന്‍ ചോദിച്ചു. 'നിനക്ക് നാണമില്ലേ മോനെ? നീയൊരു എന്ജിനീയറിംഗ് കഴിഞ്ഞ പ്രൊഫഷനല്‍ അല്ലെ?'
'സോറി  ഡോക്ടര്‍ , അറിയാതെ കൈ കൊണ്ടതാണ്.' ചുറ്റും നോക്കി അവന്‍ പരിഭ്രമത്തോടെ പറഞ്ഞു.
'അല്ല, അറിയാതെ കൊണ്ടാതല്ലെന്നു എനിക്കും നിനക്കും അറിയാം. നീ കുറേ നേരമായില്ലേ ഇതു തുടങ്ങിയിട്ട്? അരുത്, അരുത് എന്ന് ഞാന്‍ പലതവണ നിനക്ക് മുന്നറിയിപ്പ് തരികയും ചെയ്തതല്ലേ?' എന്റെ ചോദ്യത്തിന്റെ മുന്നില്‍ അവന്‍ പരുങ്ങി.
'എനിക്ക് നിന്റെ അമ്മയുടെ പ്രായം ഉണ്ടല്ലോ.' ഞാന്‍ തുടര്‍ന്നു. 'അറിയാം' അവന്‍ പറഞ്ഞു. 'എന്നിട്ടാണോ ഇങ്ങനെ പെരുമാറുന്നത്?' എന്റെ ചോദ്യത്തിന് മുന്നില്‍ അവന്‍ തലകുനിച്ചിരുന്നു.
നിന്നെപ്പോലുള്ള ചെറുപ്പക്കാര്‍ സഹയാത്രികര്‍ക്ക്  എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സഹായിക്കേണ്ടവര്‍  അല്ലെ? നിന്റെ ഈ പ്രവര്‍ത്തി നിന്റെ പ്രൊഫഷന് പോലും നാണക്കേടല്ലേ?'
'സോറി ഡോക്ടര്‍ , ഒരബദ്ധം പറ്റിയതാണ്. ഇനി ആവര്‍ത്തിക്കില്ല.' അവന്‍ ശബ്ദം താഴ്ത്തി, തല ഉയര്‍ത്താതെ പറഞ്ഞു.'
' അക്ഷരാഭ്യാസമില്ലാത്ത, സ്കൂള്‍ കണ്ടിട്ട് പോലുമില്ലാത്ത, നിന്നെപ്പോലുള്ളവര്‍ പ്രാകൃതര്‍ എന്ന് പരിഹസിക്കുന്ന ആദിവാസികളുടെ കൂടെയാണ് കഴിഞ്ഞ എട്ടു മാസമായി ഞാന്‍ ജീവിക്കുന്നത്. എട്ടോ ഒന്‍പതോ പേര്‍ക്ക് യാത്ര ചെയ്യാവുന്ന ജീപ്പില്‍ പതിനഞ്ചും പതിനാറും പേര്‍ ഒരുമിച്ചാണ് ഞാന്‍ അവിടെ യാത്ര ചെയ്യാറ്. ഒരിക്കല്‍ പോലും അവരില്‍ നിന്നും ഇതുപോലൊരു പെരുമാറ്റം എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അഭ്യ്യസ്ഥ വിദ്യര്‍ എന്ന് മേനി നടിക്കുന്ന നീയൊക്കെ അവരില്‍ നിന്നും ഏറെ പഠിക്കണം.' ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ചുറ്റുമുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് കണ്ട്‌ അവന്‍ കണ്ണടച്ചിരുന്നു.
കുറച്ചു കഴിഞ്ഞ് ഞാനെന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ഒരു നമ്പര്‍ എടുത്ത് അവനെ കാണിച്ചു കൊടുത്തു.
8121281212
'ഈ നമ്പര്‍ ഏതാണെന്ന് നിനക്കറിയാമോ?' നമ്പറിന്റെ മുകളില്‍ ഞാന്‍ എഴുതിയിരിക്കുന്ന പേര് അവന്‍ വായിച്ചു- റയില്‍വേ കമ്പ്ലൈന്റ് എസ് എം എസ് - അവന്റെ മുഖം വിളറി.
'ഞാന്‍ ഇപ്പോള്‍ ഈ നമ്പരിലേക്ക് ഒരു മെസ്സേജ് അയച്ചാല്‍ അടുത്ത സ്റ്റേഷനില്‍ വണ്ടി എത്തുമ്പോള്‍ നിന്നെ പോലീസ് അറസ്റ്റ് ചെയ്യും. അതു നാളത്തെ പത്രത്തില്‍ വാര്‍ത്തയാവും. നിനക്കും നിന്റെ വീട്ടുകാര്‍ക്കും നീ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും അതുണ്ടാക്കുന്ന ചീത്തപ്പേരിനെ  പറ്റീ നീ ഒന്നോര്‍ത്തു നോക്കൂ.'
'ഡോക്ടര്‍ , പ്ലീസ്... ഇനി ഞാന്‍ ആവര്‍ത്തിക്കില്ല. പ്ലീസ്, മാപ്പ് തരണം..' ഇപ്പോള്‍ കരയുമെന്ന മട്ടില്‍ അവന്‍ കെഞ്ചി.
'ഞാനിപ്പോള്‍ അതൊന്നും ചെയ്യുന്നില്ല. പക്ഷെ, നിന്നെപ്പോലുള്ളവര്‍ ഓര്‍ക്കുന്നത് നല്ലതാണ്, ഇപ്പോള്‍ ഈ നമ്പര്‍ എല്ലാ യാത്രക്കാരികളുടെ ഫോണിലും ഉണ്ടാവും. പോലീസ് പിടിയില്‍ ആയതിനു ശേഷം ചിന്തിച്ചിട്ട് കാര്യമില്ല. മേലില്‍ ആരോടും ഇങ്ങനെ പെരുമാറാതിരിക്കുക.' ഞാന്‍ പറഞ്ഞു നിര്‍ത്തി.
പിന്നീട് ആലുവ വരെ അവന്‍ കണ്ണു തുറന്നില്ല. ആലുവ എത്തിയപ്പോള്‍ എന്നോട് യാത്ര പറഞ്ഞു. 'ഡോക്ടര്‍ , ഞാനിവിടെ ഇറങ്ങുന്നു. ഇനി ഒരിക്കലും ഞാന്‍ ആരോടും ഇങ്ങനെ പെരുമാറില്ല. താങ്ക്സ്.'
'ഓക്കേ.' ഞാനവന്റെ പുറത്തു മൃദുവായി തട്ടി ചിരിച്ചു.
                                          ---------------------------------------


1 comment: